മീററ്റ്: ഉത്തർപ്രദേശിൽ ഒരു കൂട്ടം കുരങ്ങൻമാർ ചേർന്ന് വയോധികനെ കല്ലെറിഞ്ഞു കൊന്നു. ഉത്തർപ്രദേശിലെ ഭഗ്പാട്ടിൽ ഹോമത്തിന് വിറക് ശേഖരിക്കാനായി കാട്ടിൽ പോയ ധർമ്മപാൽ സിംഗ് എന്ന 72കാരനെയാണ് കുരങ്ങുകൾ ആക്രമിച്ചത്. മരത്തിന്റെ മുകളിൽ നിന്ന് കുരങ്ങുകൾ കൂട്ടത്തോടെ ഇഷ്ടികകൾ എടുത്ത് എറിയുകയായിരുന്നു.
തൊട്ടടുത്ത് ഇടിഞ്ഞു പൊളിഞ്ഞ കെട്ടിടത്തിൽ നിന്നാണ് ഇവ ഇരുപതോളം ഇഷ്ടികകൾ എടുത്തെറിഞ്ഞത്. നെഞ്ചിലും തലയിലും സാരമായി പരിക്കേറ്റ ധർമ്മപാൽ ആശുപത്രിയിലാണ് മരിച്ചത്.
സംഭവത്തിൽ കുരങ്ങുകളെ പ്രതിയാക്കി കേസെടുക്കണമെന്നാവശ്യപ്പെട്ട് ധർമ്മപാലിന്റെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചു. അപകട മരണം എന്ന് പൊലീസ് സംഭവത്തെ വിശേഷിപ്പിച്ചതിനെതിരെയാണ് ബന്ധുക്കൾ പ്രതിഷേധമറിയിച്ചത്. തുടർന്ന് ഉന്നതതലത്തിൽ പരാതിപ്പെടാനുള്ള ഒരുക്കത്തിലാണ് ധർമ്മപാലിന്റെ ബന്ധുക്കൾ. പ്രദേശത്ത് കുരങ്ങുകളുടെ ശല്യം അധികമാണെന്ന കാര്യം അധികൃതരെ പലതവണ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാരും പറയുന്നു.