ലാലിഗയിൽ ലെവാന്റെയോടും റയൽ മാഡ്രിഡ് തോറ്രു
മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ ടീം വിട്ട ശേഷം സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. ഇന്നലെ നടന്ന ലാലിഗ പോരാട്ടത്തിൽ ലെവാന്റെയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ തോറ്രു. ചാമ്പ്യൻസ് ലീഗിൽ ഉൾപ്പെടെ അവസാനം കളിച്ച അഞ്ച് മത്സരങ്ങളിൽ ഒരെണ്ണത്തിൽ പോലും റയലിന് ജയിക്കാനായില്ല. നാലെണ്ണത്തിൽ തോറ്റപ്പോൾ ഒരെണ്ണത്തിൽ ഗോൾ രഹിത സമനിലയായിരുന്നു ഫലം.റയലിന്റെ തട്ടകമായ സാന്റിയാഗോ ബർണബ്യുവിൽ നടന്ന മത്സരത്തിൽ ഹോസെ ലൂയിസ് മൊറാലസും പെനാൽറ്റിയിലൂടെ റോജർ മാർട്ടിയുമാണ് ലെവാന്റെയ്ക്കായി ലക്ഷ്യം കണ്ടത്. മാർസെലോയാണ് റയലിന്റെ ആശ്വാസഗോൾ നേടിയത്.
യൂറോപ്യൻ ചാമ്പ്യൻമാരെ ഞെട്ടിച്ച് കളിയുടെ അഞ്ചാം മിനിറ്റിൽ തന്നെ മൊറാലസ് ലെവാന്റെയെ മുന്നിലെത്തിച്ചു. സെർജിയോ പോസ്റ്റിഗ നീട്ടിനൽകിയ പന്ത് റയൽ പെനാൽറ്രി ബോക്സിൽ തടയാനെത്തിയ ഗോളി തിബൗട്ട് കൗർട്ടോയിസിനെയും ഡിഫൻഡർ റാഫേൽ വരാനെയേയും സമർത്ഥമായി കബളിപ്പിച്ച് മൊറാലസ് വലയ്ക്കകത്താക്കുകയായിരുന്നു. 12-ാം മിനിറ്റിൽ റയലിന്റെ പെനാൽറ്റി ബോക്സിൽ വച്ച് വരാനെയുടെ ഹാൻഡ് ബാളിന് ലെവാന്റെയ്ക്ക് അനുകൂലമായി വീഡിയോ അസിസ്റ്റന്റ് റഫറി പെനാൽറ്റി നൽകി. കിക്കെടുത്ത മാർട്ടി പിഴവില്ലാതെ പന്ത് വലയ്ക്കകത്താക്കി.
തുടർന്ന് തിരിച്ചടിയെന്ന ലക്ഷ്യവുമായി റയൽ താരങ്ങൾ ലെവാന്റെ ഗോൾ മുഖത്തേയ്ക്ക് ഇരച്ചെത്തിയെങ്കിലും ഗോളി ഒയിറിന്റെ മികച്ച സേവുകളും ഗോൾ പോസ്റ്രും വിലങ്ങ് തടിയായി. ഒടുവിൽ രണ്ടാം പകുതിയിൽ 72-ാം മിനിറ്റിൽ പെനാൽറ്രി ബോകിസിനുള്ളിൽ വച്ച് തൊടുത്ത തകർപ്പനൊരു വലങ്കാലൻ ഷോട്ടിലൂടെ മാർസെലോ റയലിന്റെ ആശ്വാസ ഗോൾ നേടുകയായിരുന്നു. കഴിഞ്ഞ നാല് മത്സരങ്ങളിലായി 481 മിനിറ്റ് നീണ്ട റയലിന്റെ ഗോൾ ക്ഷാമത്തിനാണ് മാഴ്സെലോ അവസാനം കുറിച്ചത്. ഇത്രയും വലിയ ഗോൾ വരൾച്ച റയലിന്റെ ചരിത്രത്തിൽ തന്നെ ഏറ്രവും വലുതാണ്. ഈ തോൽവിയോടെ റയൽ കോച്ച് റയൽ കോച്ച് ജുവാൻ ലൊപറ്രേഗിയുടെ സമ്മർദ്ദം കൂട്ടുന്നത് കൂടിയായി.