ചാത്തന്നൂർ: പൊലീസ് അനുമതി നിഷേധിച്ചതോടെ ശബരിമലയിലേക്ക് പോകാനുള്ള തീരുമാനം പിൻവലിച്ച് മടങ്ങിയ ചാത്തന്നൂർ സ്വദേശി മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം. ഇവരുടെ വീട്ടിലേക്ക് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. ഇതിനിടയിലാണ് ആക്രമണം നടന്നതെന്നാണ് ആരോപണം. വീട്ടിലേക്ക് അതിക്രമിച്ച് കയറിയ സംഘം ഉള്ളിലുണ്ടായിരുന്ന വീട്ടുപകരണങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും വീടിന്റെ ജനൽ ചില്ലുകൾ എറിഞ്ഞുടയ്‌ക്കുകയും ചെയ്‌തു.
അതിനിടെ മഞ്ജുവിന് കോൺഗ്രസുമായി ബന്ധമില്ലെന്ന് കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്‌ണ അറിയിച്ചു. മഞ്ജു സജീവ കോൺഗ്രസ് പ്രവർത്തകയാണെന്ന പ്രചാരണം നടന്നതോടെയാണ് ഇക്കാര്യത്തിൽ കോൺഗ്രസ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇവർക്ക് പാർട്ടി അംഗത്വമോ സ്ഥാനമാനങ്ങളോ ഇല്ലെന്നും ബിന്ദു കൃഷ്‌ണ അറിയിച്ചിട്ടുണ്ട്. ഇന്ന് വൈകുന്നേരത്തോടെ ശബരിമല കയറാനെത്തിയ മഞ്ജുവിനെതിരെ നിരവധി ക്രിമിനൽ കേസുകൾ ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് പൊലീസ് അനുമതി നിഷേധിച്ചത്. തുടർന്ന് പൊലീസ് സുരക്ഷയിൽ ഇവർ ചാത്തന്നൂരിലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്‌തു.
അതേസമയം, ശബരിലമയിലേക്കുള്ള യാത്ര ഉപേക്ഷിച്ചിട്ടില്ലെന്നും നളെയോ മറ്റന്നാളോ വീണ്ടും തിരികെയെത്തുമെന്നും മഞ്ജു രാത്രിയോടെ ഒരു സ്വകാര്യ ചാനലിനോട് പ്രതികരിച്ചു. മഴയും തിരക്കും മൂലമാണ് ഇന്ന് പൊലീസ് മല കയറാൻ അനുവദിക്കാതിരുന്നത്. പമ്പയിൽ സൗകര്യങ്ങൾ ഇല്ലാത്തതിനാലാണ് അവിടെ നിന്നും മടങ്ങിയതെന്നും ഇവർ കൂട്ടിച്ചേർത്തു.