gulf-news

ദുബായ്: ശക്തമായ മഴയിൽ യു.എ.യിലെയും ഖത്തറിലെയും വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. യു.എ.ഇയിലെ അൽഖോർ വാലിയിൽ അഞ്ച് ദിവസം മുമ്പ് വെള്ളപ്പൊക്കത്തിൽ കാണാതായ ട്രക്ക് ഡ്രൈവറുടെ മൃതദേഹം ഇന്ന് കണ്ടെത്തി. ദിവസങ്ങളോളമായി അധികൃതർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം, വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും അടിയന്തര സാഹചര്യങ്ങളിൽ സെൻട്രൽ ഓപ്പറേഷൻ സംഘത്തെ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

അതിനിടെ കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് ഖത്തർ തലസ്ഥാനമായ ദോഹയിലെ നിരവധി അടിപ്പാതകൾ അടച്ചിട്ടു. വെള്ളം ഒഴുക്കിക്കളയുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കനത്ത മഴയും ശക്തമായ കാറ്റും ഇനിയും തുടരുമെന്നാണ് ഖത്തർ കാലാവസ്ഥാ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. സൗദിയിലെ വിവിധ പ്രദേശങ്ങളിലും കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.