കൊച്ചി: ഉത്സവകാലത്തെ മികച്ച വില്‌പനയുടെ പിൻബലത്തിൽ രാജ്യത്ത് സ്വർണവില മേലോട്ടുയരുന്നു. ന്യൂഡൽഹി ബുള്ള്യൻ വിപണിയിൽ ഇന്നലെ പത്തു ഗ്രാമിന് 45 രൂപ വർദ്ധിച്ച് വില 32,270 രൂപയായി. കഴിഞ്ഞ രണ്ടര വർഷത്തെ ഉയർന്ന വിലയാണിത്. ദസറ, ദീപാവലി ആഘോഷങ്ങൾക്ക് പുറമേ വിവാഹ സീസൺ കൂടിയായതിനാൽ ഉത്തരേന്ത്യയിൽ സ്വർണത്തിന് കനത്ത ഡിമാൻഡുണ്ട്. വ്യാപാര സീസണായതിനാൽ കേരളത്തിലും മികച്ച വില്‌പന ദൃശ്യമാണ്.
പവന് 23,600 രൂപയാണ് കേരളത്തിൽ വില. ഗ്രാം വില 2,950 രൂപ. കഴിഞ്ഞവാരം ഗ്രാം വില 2,960 രൂപവരെയും പവൻവില 23,680 രൂപവരെയും ഉയർന്നിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഗ്രാം വില 3,000 രൂപയ്‌ക്ക് മുകളിലാണ്. അന്താരാഷ്‌ട്ര വിപണിയിലെ വിലക്കുതിപ്പ്, ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച, ഇറക്കുമതിച്ചെലവിലെ വർദ്ധന എന്നിവയും സ്വർണവില വർദ്ധനയ്ക്ക് കളമൊരുക്കിയിട്ടുണ്ട്. എന്നാൽ, ഉത്സകാല വില്‌പനയെ വിലക്കുതിപ്പ് ബാധിച്ചിട്ടില്ല.
കഴിഞ്ഞവാരം ട്രോയ് ഔൺസിന് 1,200 ഡോളറിനടുത്തായിരുന്ന അന്താരാഷ്‌ട്ര വില ഇന്നലെ 1,227.50 ഡോളറിലെത്തി. ഡോളറിന്റെ അപ്രമാദിത്തം മൂലം വരും നാളുകളിലും വില കൂടാനാണ് സാദ്ധ്യത. ലോകത്തെ രണ്ടാമത്തെ വലിയ സ്വർണ ഉപഭോഗ രാജ്യമായ ഇന്ത്യയിൽ ഡിമാൻഡ് ഏറിയെന്നതും വിലയെ മുന്നോട്ട് നയിക്കും.
വെള്ളിക്കും തിളക്കം
വ്യവസായ മേഖലകളിൽ നിന്നും നാണയ നിർമ്മാതാക്കളിൽ നിന്നും ലഭിച്ച മികച്ച ഡിമാൻഡിന്റെ കരുത്തിൽ വെള്ളി വിലയും മുന്നേറുകയാണ്. ഇന്നലെ കിലോയ്ക്ക് 100 രൂപ ഉയർന്ന ന്യൂഡൽഹി വില 39,900 രൂപയായി.
ഇറക്കുമതി കൂടി
നടപ്പു വർഷം ഏപ്രിൽ-സെപ്‌തംബറിൽ 1,763 കോടി ഡോളറിന്റെ സ്വർണം ഇന്ത്യ ഇറക്കുമതി ചെയ്‌തു. മുൻ വർഷത്തെ സമാന കാലയളവിലെ 1,696 കോടി ഡോളറിനേക്കാൾ നാല് ശതമാനമാണ് വർദ്ധന. ആഗസ്‌റ്രിൽ മാത്രം ഇറക്കുമതിക്കുതിപ്പ് 51.5 ശതമാനമാണ്. സ്വർണം ഇറക്കുമതി കൂടിയതോടെ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി 7,666 കോടി ഡോളറിൽ നിന്നുയർന്ന് 9,432 കോടി ഡോളറായിട്ടുണ്ട്.