bjp

ശ്രീനഗർ: ദക്ഷിണ കാശ്മീരിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വലിയ മുന്നേറ്റം. ഈ മാസം ആദ്യം നാലു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് പൂർത്തിയാക്കിയത്. 132 വാർഡുകളിൽ 53 സീറ്റുകളിൽ ബി.ജെ.പി വിജയിച്ചു. അനന്ത്നാഗ്, പുൽവാമ, കുൽഗാം, ഷോപിയാൻ എന്നിവിടങ്ങളിലാണ് ബി.ജെ.പിക്ക് മുന്നേറാൻ സാധിച്ചത്. 13 വർഷങ്ങൾക്കു ശേഷമാണ് സംസ്ഥാനത്ത് നഗര തദ്ദേശ തെരെഞ്ഞെടുപ്പ് നടത്തുന്നത്. ലഡാക്കിലും ജമ്മുവിലും കനത്ത പോളിംഗ് രേഖപ്പെടുത്തിയപ്പോൾ കാശ്മീരിൽ വളരെക്കുറച്ചു പേർ മാത്രമാണ് വോട്ടിംഗിനെത്തിയത്. സംസ്ഥാനത്തെ മുഖ്യ പ്രാദേശിക രാഷ്ട്രീയ സംഘടനകളായ പി.ഡി.പി യും നാഷണൽ കോൺഫറൻസും തെരെഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതിനാൽ കോൺഗ്രസും ബി.ജെ.പി യും തമ്മിലാണ് പ്രധാനമായി മത്സരം നടന്നത്. കാശ്മീരിൽ ഇതുവരെ ഒരു തെരെഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കഴിയാത്ത ബി.ജെ.പി പ്രതീക്ഷയോടെയാണ് മുന്നേറ്റത്തെ നോക്കിക്കാണുന്നത്.