കബളിപ്പിക്കപ്പെടാൻ അറിഞ്ഞുകൊണ്ട് തലവച്ചു കൊടുക്കുന്നതിൽ മലയാളികളോളം മിടുക്കുള്ളവർ രാജ്യത്ത് വേറെ ഉണ്ടാകുമെന്നു തോന്നുന്നില്ല. ഏത് തട്ടിപ്പുകമ്പനികൾക്കും അവരെ എളുപ്പം വലയിൽ വീഴ്ത്താം. കിടപ്പാടം വരെ കടപ്പെടുത്തിയും തട്ടിപ്പുകാർ ആവശ്യപ്പെടുന്ന പണം നൽകും. ഒടുവിൽ പൊടിയും തട്ടി കമ്പനിക്കാർ സ്ഥലംവിടുമ്പോഴാകും അബദ്ധം മനസിലാക്കുന്നത്. അതുപോലെ ഉദ്യോഗത്തിനായി ഏത് ചതിക്കുഴിയിൽ ചാടാനും ആരെയും കണ്ണടച്ചുവിശ്വസിക്കാനും മടികാട്ടാത്തവർ മലയാളികളിൽ ധാരാളമുണ്ട്. വെള്ളക്കോളർ ജോലിയാണെങ്കിൽ എത്ര ലക്ഷം വേണമെങ്കിലും കൊടുക്കാൻ തയ്യാറുള്ളവർ ഏറെയാണ്.
റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ചീഫ് എക്സാമിനർ ചമഞ്ഞ് മുന്നൂറോളംപേരിൽ നിന്ന് പത്തുകോടി രൂപ തട്ടിയെടുത്ത ഷമിം എന്ന ഇരുപത്തെട്ടുകാരനെക്കുറിച്ചുള്ള റിപ്പോർട്ട് പലർക്കും അവിശ്വസനീയമായി തോന്നിയേക്കാം. ഒറ്റയ്ക്ക് ഒരുത്തൻ ഒരുവർഷംകൊണ്ട് ഇത്രയേറെ ചെറുപ്പക്കാരെ കബളിപ്പിച്ച് ഇത്രയധികം രൂപ തട്ടിയെടുത്തോ എന്നു സംശയിക്കുന്നവരാകും അധികം. എന്നാൽ തട്ടിപ്പിന് അയാൾ കണ്ടുപിടിച്ച വഴികൾ ഒരുവിധത്തിലും ആരിലും സംശയം ജനിപ്പിക്കുന്നതായിരുന്നില്ല എന്നതാണ് ശ്രദ്ധേയം. റെയിൽവേ ഉദ്യോഗസ്ഥനായി ചമഞ്ഞ് പലേടത്തും എത്തി ചെറുപ്പക്കാരുമായി പരിചയത്തിലായി അവരെ വശത്താക്കി ഉദ്യോഗവാഗ്ദാനം നൽകി പണം തട്ടിയെടുക്കുന്നതായിരുന്നു രീതി. ഇരകൾക്ക് ഒരുവിധ സംശയവും തോന്നാത്തവിധം അതിസമർത്ഥമായിട്ടായിരുന്നു നീക്കങ്ങൾ. റെയിൽവേ പാൻട്രികാറിൽ ആറുമാസം കരാർ ജോലി നോക്കിയിട്ടുണ്ടെന്ന ബന്ധമേ ഇയാൾക്ക് റെയിൽവേയുമായുള്ളൂ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇന്റർനെറ്റ് വഴിയാണ് റെയിൽവേ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട സകല വിവരങ്ങളും മനസിലാക്കി കരുക്കൾ നീക്കിയതത്രെ. ആരെയും വലയിലാക്കാൻ കഴിയുന്ന സംഭാഷണ ചാതുരി കൂടിയായപ്പോൾ യുവാക്കൾ വീണില്ലെങ്കിലേ അത്ഭുതമുള്ളൂ. രണ്ടുലക്ഷം രൂപ മുതൽ പതിനഞ്ചുലക്ഷം രൂപവരെ നൽകിയവരുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. സംസ്ഥാനത്തെ പല പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ ജോലി തട്ടിപ്പുകേസുകൾ ഉള്ളതാണ്.
അദ്ധ്വാനമൊന്നും കൂടാതെ ഉദ്യോഗം ലഭിക്കുമെങ്കിൽ അതിനായി എത്ര പണം വേണമെങ്കിലും മുടക്കാൻ ആളുകൾക്ക് മടിയില്ലെന്നതിന്റെ പ്രത്യക്ഷ തെളിവുകൂടിയാണ് ഇൗ സംഭവം. സമാനമായ എണ്ണിയാൽ ഒടുങ്ങാത്ത ജോലിതട്ടിപ്പ് സംഭവങ്ങളെക്കുറിച്ചുള്ള വാർത്തകൾ മുമ്പും വന്നിട്ടുള്ളതാണ്. എത്രയോ കുടുംബങ്ങൾ ഇത്തരം തട്ടിപ്പുകളിൽ കുടുങ്ങി എല്ലാം നഷ്ടപ്പെട്ടവരായിത്തീർന്നിട്ടുണ്ട്. അനുഭവങ്ങൾ ചുറ്റുവട്ടത്തുതന്നെ ഉണ്ടെങ്കിലും കുറുക്കുവഴികളിലൂടെ ഉദ്യോഗം തരപ്പെടുത്താമെന്ന് വിരുതന്മാർ പറഞ്ഞു വിശ്വസിപ്പിക്കുമ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ പണവുമായി തട്ടിപ്പുകാരെ സമീപിക്കുന്നവർ ധാരാളമാണ്. കോഴ വാങ്ങി ഉദ്യോഗം നൽകുന്ന സമ്പ്രദായം പല മേഖലകളിലും നിലനിൽക്കുന്നുവെന്നതും യാഥാർത്ഥ്യമാണ്. ആ സാദ്ധ്യത മുന്നിലുള്ളതുകൊണ്ടുകൂടിയാണ് പലരും തട്ടിപ്പുകാരുടെ വലയിൽ എളുപ്പം വീണുപോകുന്നത്.
സർക്കാരിലും പിൻവാതിൽ നിയമനങ്ങൾ സർവസാധാരണമാണ്. റിക്രൂട്ട്മെന്റ് പി.എസ്.സിക്ക് വിടാത്ത സ്ഥാപനങ്ങളിലെ നിയമനങ്ങളിലും സ്വാധീനവും കോഴയുമൊക്കെ അംഗീകരിക്കപ്പെട്ട യാഥാർത്ഥ്യമാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴ നൽകാതെ ഒരാൾക്കുപോലും നിയമനം ലഭിക്കാറില്ലെന്നതും വസ്തുതയാണ്. എയ്ഡഡ് എൽ.പി സ്കൂളിൽ ഒരു അദ്ധ്യാപക തസ്തികയ്ക്ക് പതിനഞ്ചും ഇരുപതുംലക്ഷം രൂപയാണ് ഇന്ന് ഇൗടാക്കുന്നത്. അപേക്ഷകർ കൂടുതലുണ്ടെങ്കിൽ പലപ്പോഴും ലേലം വിളിച്ചാവും നിയമനം ഉറപ്പിക്കുക. അദ്ധ്യാപകരുടെ ശമ്പളത്തോത് ഉയർന്നതിനൊപ്പം കോഴത്തുകയും പതിന്മടങ്ങായി വർദ്ധിച്ചിട്ടുണ്ട്. ഭാവി സുരക്ഷിതമെന്ന് കരുതി എത്ര പണം നൽകാനും ആളുകൾ ഉണ്ടെന്നുള്ളതാണ് ഇത്തരം ദുഷ്പ്രവണതകൾക്ക് വളമാകുന്നത്.
ഗൾഫ് രാജ്യങ്ങളിൽ ധാരാളം തൊഴിലവസരങ്ങൾ ഉണ്ടായിരുന്ന കാലത്ത് സംസ്ഥാനത്ത് വിദേശജോലി തട്ടിപ്പ് വ്യാപകമായിരുന്നു. ഒട്ടനവധി കുടുംബങ്ങൾ വിസ തട്ടിപ്പുകളിൽ കുടുങ്ങി വഴിയാധാരമായിട്ടുമുണ്ട്. ഇപ്പോൾ അവിടെ അവസരങ്ങൾ കുറഞ്ഞതിനാൽ വിസാത്തട്ടിപ്പുകളെക്കുറിച്ച് കേൾക്കാറില്ല. പകരം ഉദ്യോഗത്തട്ടിപ്പുകൾ നാട്ടിലുടനീളം പല രൂപങ്ങളിലും ഭാവങ്ങളിലും അരങ്ങേറുന്നുണ്ട്. പഠിച്ച് പരീക്ഷ എഴുതി മിടുക്ക് തെളിയിച്ച് ഉദ്യോഗം വാങ്ങേണ്ടതിന് പകരം കുറുക്കുവഴികൾ തേടുന്നവരാണ് എപ്പോഴും കബളിപ്പിക്കപ്പെടുന്നത്. സർക്കാർ ജോലി ഏവരുടെയും വലിയ സ്വപ്നമാകയാൽ തട്ടിപ്പുവീരന്മാർക്ക് എക്കാലത്തും ഇൗ മേഖല അക്ഷയ ഖനിയാകുന്നതിൽ അത്ഭുതമില്ല. മെച്ചപ്പെട്ട ഉദ്യോഗ മേഖലകളിൽ കടന്നുകൂടാൻ കുറുക്കുവഴികളില്ലെന്ന് യുവജനത മനസിലാക്കണം. കഠിനാദ്ധ്വാനവും നിരന്തര പരിശ്രമവുമാണ് ലക്ഷ്യം പ്രാപിക്കാനുള്ള ഒരേയൊരു വഴി. കൈയിലുള്ളതും കടം വാങ്ങിയതുമെല്ലാം തട്ടിപ്പുവീരന്മാർക്ക് കാഴ്ചവച്ച് ഒടുവിൽ കബളിപ്പിക്കലിന് ഇരയായെന്നു ബോദ്ധ്യമാകുമ്പോൾ വെറുതേ വിലപിച്ചിട്ടു കാര്യമില്ല. കപട ഉദ്യോഗ വാഗ്ദാനങ്ങളിൽ വീഴാതെ നോക്കാനാണ് ശ്രദ്ധിക്കേണ്ടത്.