ഷിക്കാഗോ: ഇന്ത്യൻ അമേരിക്കൻ കോളേജ് വിദ്യാർത്ഥി, ഷിക്കാഗോയിൽ നിന്നുള്ള പ്രവീൺ വർഗീസ് കൊലക്കേസ്സിൽ, പ്രതിയാണെന്ന ജൂറി വിധിയെഴുതിയ ഗേജ് ബെതുണിനെ സ്വതന്ത്രനായി വിട്ടയച്ച ജാക്സൺ കൗണ്ടി സർക്യൂട്ട് കോർട്ട് ജഡ്ജി മാർക്ക് ക്ലാർക്കിന്റെ ഉത്തരവ് റദ്ദാക്കി. ഉടനെ കൊലകുറ്റത്തിന് ശിക്ഷ വിധിക്കണമെന്നാവശ്യപ്പെട്ടു ഇല്ലിനോയി സുപ്രീം കോടതിയിൽ സമർപ്പിച്ച മോഷൻ സ്വീകരിച്ചതായി ഇല്ലിനോയി സ്‌പെഷൽ പ്രോസിക്യൂട്ടർ ഡേവിഡ് റോബിൻസൻ അറിയിച്ചു.
2014ൽ രാത്രി പാർട്ടി കഴിഞ്ഞ് വീട്ടിലേക്ക് റൈഡ് നൽകിയ ബതൂണുമുണ്ടായ തർക്കമാണ് കൊലപാതകത്തിൽ അവസാനിച്ചത്.ജൂൺ മാസമായിരുന്നു ജൂറി പ്രവീൺ വർഗീസ് കേസ്സിൽ ഫസ്റ്റ് ഡിഗ്രി മർഡറിന് ചാർജ് ചെയ്യപ്പെട്ട പ്രതി ഗേജ് ബതൂൺ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ ഒരസാധാരണ വിധിയിലൂടെ പ്രതിയെ ബോണ്ടിൽ സ്വതന്ത്രനായി വിട്ടയ്ക്കുവാൻ കോടതി ഉത്തരവിടുകയായിരുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും, തന്റെ ഇരുപത്തിയഞ്ചു വർഷത്തെ സർവ്വീസിനിടയിൽ രണ്ടാം തവണയാണ് സുപ്രീം കോടതിയിൽ ഇങ്ങനെ ഒരു മോഷൻ സമർപ്പിക്കേണ്ടി വന്നതെന്നും പ്രോസിക്യൂട്ടർ ചൂണ്ടികാട്ടി.
ഇപ്പോൾ സ്വതന്ത്രനായി കഴിയുന്ന പ്രതിയെ എത്രയും വേഗം നിയമത്തിന്റെ മുമ്പിൽ കൊണ്ടു വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രവീൺ വർഗീസിന്റെ മാതാവ് ലവ്‌ലി വർഗീസ് പറഞ്ഞു.