പത്തനംതിട്ട: സോഷ്യൽ മീഡിയ വഴി മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്‌റ്റുകൾ ഇട്ടെന്ന പരാതിയിൽ രഹനാ ഫാത്തിമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കൊടിത്താനം സ്വദേശി ആർ.രാധാകൃഷ്‌ണ മേനോന്റെ പരാതിയിൽ പത്തനംതിട്ട പൊലീസാണ് രഹനയ്‌ക്കെതിരെ കേസെടുത്തത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് വിവിധ വകുപ്പുകൾ ചുമത്തി രഹനയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്.
എറണാകുളം സ്വദേശിയായ രഹനാ ഫാത്തിമ കഴിഞ്ഞ ദിവസം ആന്ധ്രാ സ്വദേശിയായ മാദ്ധ്യമ പ്രവർത്തകയ്‌ക്കൊപ്പം പൊലീസ് സുരക്ഷയിൽ നടപ്പന്തൽ വരെ എത്തിയിരുന്നെങ്കിലും അയ്യപ്പ ഭക്തരുടെ കനത്ത പ്രതിഷേധം കാരണം പിൻവാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ ഇവരുടെ എറണാകുളത്തെ വീടിന് നേരെ ആക്രമണവുമുണ്ടായി. അതേസമയം, താൻ ശബരിമലയിലെത്തിയാൽ നടയടയ്‌ക്കുമെന്ന് ഭീഷണി മുഴക്കിയ തന്ത്രിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് രഹനാ ഫാത്തിമയുടെ നിലപാട്.
അതിനിടെ രഹനാ ഫാത്തിമയുടെ ശബരിമല സന്ദർശനം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചിരുന്നില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്‌ടർ പി.ബി.നൂഹ് വ്യക്തമാക്കി. ശബരിമലയിലേക്ക് പോയാൽ സുരക്ഷ ലഭിക്കുമോ എന്ന കാര്യം രഹനാ ഫാത്തിമ അന്വേഷിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.