dgp-lokanth-behra-

ഇടുക്കി: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് പ്രക്ഷോഭം നടക്കുമ്പോൾ മൂന്നാറിൽ ഉല്ലാസയാത്ര നടത്തി ഡി.ജി.പി ലോക്നാഥ് ബെഹ്‌റ.വെള്ളിയാഴ്ച വൈകുന്നേരത്തോടെ കുടുംബസമേതം മൂന്നാറിൽ എത്തിയ ഡി.ജി.പിക്ക് പൊലീസിൽ ഐ.ബിയിൽ താമസം ഒരുക്കിയെങ്കിലും വൈദ്യുതി നിലച്ചതോടെ സ്വകാര്യ ഹോട്ടലിലേക്ക് മാറുകയായിരുന്നു.

തുടർന്ന് ശനിയാഴ്ചയോടെ അദ്ദേഹം സർക്കാർ വാഹനത്തിൽ രാജമലയിലെത്തി നീലക്കുറിഞ്ഞി പൂത്തത് നേരിൽ കാണുകയും ചെയ്തു. എന്നാൽ രാജമലയ്ക്ക് സമീപം മാദ്ധ്യമപ്രവർത്തകർ നിലയുറപ്പിച്ചതോടെ അദ്ദേഹം കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല. കണ്ണൻ ദേവൻ കമ്പനിയുടെ ടാറ്റാ മ്യൂസിയം സന്ദർശിക്കാനെത്തിയ ഡി.ജി.പിക്ക് കമ്പനിയുടെ എം.ഡിയുടേ നേതൃത്വത്തിൽ സ്വീകരണവും നൽകി.

ഡി.ജി.പിയുടെ സന്ദർശനത്തെ തുടർന്ന് രാജമലയിലും പരിസരങ്ങളിലും വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെ മൂന്നാർ ഡി.വൈ.എസ്.പി ഓഫീസ് സന്ദർശിച്ച അദ്ദേഹം കേസ് വിവരങ്ങൾ തിരക്കുകയും മൂന്നാറിലെ നിലവിലെ സാഹചര്യം അന്വേഷിക്കുകയും ചെയ്തു.