ന്യൂഡൽഹി: ഒരു കുടുംബത്തിലെ നാല് പേരുടെ മൃതദേഹങ്ങൾ അഴുകി നശിച്ച നിലയിൽ ഹരിയാന ഫരീദാബാദിലെ വാടക വീട്ടിനുള്ളിൽ നിന്നും പൊലീസ് കണ്ടെടുത്തു. മലയാളി സഹോദരങ്ങളായ നീന മാത്യൂ, മീന മാത്യൂ, ജയ, പ്രദീപ് എന്നിവരുടെ ദിവസങ്ങളോളം പഴക്കമുള്ള മൃതദേഹങ്ങളാണ് പൊലീസ് കണ്ടെടുത്തത്. സാമ്പത്തിക പ്രശ്‌നങ്ങൾ മൂലം ഇവർ ആത്മഹത്യ ചെയ്‌തതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ദുർമന്ത്രവാദത്തിന് വിധേയമായി ഡൽഹി ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ രീതിയിലുമുള്ള അന്വേഷണം നടക്കുമെന്നും സുരാജ്ഖുണ്ഡ് പൊലീസ് സ്‌റ്റേഷൻ ഓഫീസർ വിഷാൽ കുമാർ വ്യക്തമാക്കി.
കുടുംബം താമസിച്ചിരുന്ന വാടക വീട്ടിനുള്ളിൽ നിന്നും അസഹനീയമായ ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് അയൽവാസികളുടെ പരാതിയിൽ പരിശോധന നടത്തിയ പൊലീസാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. മൃതദേഹങ്ങൾക്ക് സമീപത്ത് നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. തൂങ്ങിനിൽക്കുന്ന നിലയിലായിരുന്നു നാല് മൃതദേഹങ്ങളും. ഇവയ്‌ക്ക് മാല് മുതൽ അഞ്ച് ദിവസം വരെ പഴക്കമുണ്ട്. കൂടുതൽ കാര്യങ്ങൾ പോസ‌്‌റ്റ്മോർട്ടം നടത്തിയതിന് ശേഷം മാത്രമേ വ്യക്തമാവുകയുള്ളൂവെന്നും പൊലീസ് വൃക്തമാക്കി.
അവിവാഹിതരായ സഹോദരങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. ഹരിയാന സർക്കാർ ഉദ്യോഗസ്ഥനായിരുന്ന ഇവരുടെ പിതാവ് ആറ് മാസങ്ങൾക്ക് മുമ്പും മാതാവ് രണ്ട് മാസങ്ങൾക്ക് മുമ്പുമാണ് മരിച്ചത്. ഇതിന് ശേഷം സഹോദരങ്ങൾ കൂടുതൽ പുറത്തേക്ക് ഇറങ്ങാറില്ലായിരുന്നുവെന്നും അയൽവാസികൾ പറയുന്നു.