ഒഡേൻസ് (ഡെൻമാർക്ക്):ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി സൂപ്പർതാരം സൈന നെഹ്‌വാൾ ഡെൻമാർക്ക് ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. സെമിയിൽ മലേഷ്യയുടെ ഗ്രിഗോറിയ മരിസ്ക തുൻജുംഗിനെ നേരിട്ടുള്ള ഗെയിമുകളിൽ 21-11, 21-12ന് അനായാസം മാറികടന്നാണ് സൈന ഫൈനലുറപ്പിച്ചത്. ഫൈനലിൽ ചൈനീസ് തായ്പേയുടെ തായ് സൂ യിംഗാണ് സൈനയുടെ എതിരാളി. ഏഷ്യൻ ഗെയിംസിന്റെ സെമിയിലേറ്ര തോൽവിക്ക് പകരംവീട്ടാനുള്ള അവസരമാണ് സൈനയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് സൈന ഡെൻമാർക്ക് ഓപ്പണിന്റെ ഫൈനലിൽ കടക്കുന്നത്. 2012ലാണ് സൈന ആദ്യമായി ഡെൻമാർക്ക് ഓപ്പണിന്റെ ഫൈനലിൽ എത്തുന്നത്. അന്ന് കിരീടം സ്വന്തമാക്കാൻ സൈനയ്ക്ക് കഴിഞ്ഞിരുന്നു.
അതേസമയം പുരുഷ സിംഗിൾസിൽ കെ.ശ്രീകാന്ത് സെമിയിൽ പുറത്തായി. സെമിയിൽ ജപ്പാന്റെ ലോകചാമ്പ്യൻ കെന്റോ മൊമോട്ടയാണ് ശ്രീകാന്തിനെ വീഴ്ത്തിത്. നേരിട്ടുള്ള ഗെയിമുകളിൽ 12-21,16-21നായിരുന്നു ശ്രീകാന്തിന്റെ തോൽവി. ഇരുവരും ഇതുവരെ മുഖാമുഖം വന്ന പന്ത്രണ്ട് മത്സരങ്ങളിൽ മൊമോട്ടോയുടെ ഒമ്പതാം ജയമാണിത്.