മുംബയ്: ശബരിമല സ്ത്രീ പ്രവേശനത്തിന് വേണ്ടി വാദിച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി തത്‌കാലം ശബരിമലയിലേക്കില്ല. ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ അനുകൂല വിധിയുണ്ടെങ്കിലും ഇപ്പോൾ ശബരിമലയിലേക്ക് എത്തുന്നില്ലെന്ന് അവർ വ്യക്തമാക്കി. പകരം അടുത്ത മാസം 17ന് മണ്ഡലകാലം ആരംഭിക്കുമ്പോൾ ശബരിമലയിലെത്തും. ഇക്കാര്യങ്ങൾ പ്രഖ്യാപിക്കാൻ ഉടൻ തന്നെ വാർത്താ സമ്മേളനം വിളിക്കുമെന്നും അവർ വ്യക്തമാക്കി.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ താനും സംഘവും ശബരിമലയിലെത്തുമെന്ന് തൃപ്‌തി ദേശായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും സന്നിധാനത്തേക്ക് തിരിച്ച സ്ത്രീകൾക്ക് മടങ്ങേണ്ടി വരികയും ചെയ്‌തതിനാലാണ് തൃപ്‌തി ദേശായി പിന്മാറിയതെന്നാണ് സൂചന. എന്നാൽ സുപ്രീം കോടതി വിധിയുള്ളതിനാൽ താൻ ശബരിമലയിലേക്ക് എത്തുമെന്ന് തന്നെയാണ് തൃപ്‌തിയുടെ അവകാശവാദം. ഇതിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളോട് തനിക്ക് യോജിക്കാനാവില്ലെന്നും അവർ ഒരു സ്വകാര്യ ചാനലിനോട് വ്യക്തമാക്കി.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാൻ ശ്രമിച്ച തൃപ്‌തിയെ കഴിഞ്ഞ ദിവസം പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. മഹാരാഷ്ട്രയിലെ ശിർദിയിൽ മോദിയുടെ സന്ദർശനം കഴിയുന്നത് വരെ പൊലീസ് കസ്‌റ്റഡിയിൽ സൂക്ഷിച്ചശേഷമാണ് തൃപ്‌തി ദേശായിയെ വിട്ടയച്ചത്.