pk-sasi

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ വനിതാ നേതാവിന്റെ ലൈംഗിക ആരോപണ പരാതിയെ തുടർന്ന് പാർട്ടിയുടെ അന്വേഷണം നേരിടേണ്ടി വന്ന പി.കെ ശശി എം.എൽ.എക്കെതിരെ നിസാര നടപടിയെന്ന് സൂചന. പാർട്ടിയുടെ പരിപാടികളിൽ ശശി വീണ്ടും സജീവമാകുകയാണ്. നവംബർ 21 ന് ഷോർണൂർ മണ്ഡലതലത്തിൽ നടക്കുന്ന സി.പി.എം വിശദീകരണ പ്രചരണ ജാഥയുടെ ക്യാപ്ടൻ സ്ഥാനവും ആരോപണ വിധേയനായ ശശിയാണ് ഏറ്റെടുക്കുന്നത്.

ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നൽകിയ പീഡന പരാതിയെ തുടർന്ന് പി.കെ ശശിയോട് അന്വേഷണം കഴിയുന്നതുവരെ പൊതുപരിപാടികളിൽ നിന്നും പാർട്ടി പരിപാടികളിൽ നിന്നും വിട്ടു നിൽക്കാൻ സെപ്തംബർ ആദ്യ വാരം സി.പി.എം നേതൃത്വം നിർദ്ദേശിച്ചിരുന്നു.

എന്നാൽ ഒക്ടോബർ 26ന് തച്ചമ്പറയിൽ ശശിക്കെതിരെ അന്വേഷണം നടത്തിയ പാർട്ടി സമിതിയുടെ അദ്ധ്യക്ഷൻ എ.കെ ബാലൻ ഉദ്ഘാടനം ചെയ്യുന്ന പൊതുയോഗത്തിലും പ്രധാന പ്രാസംഗികൻ ശശിയാണ്. ഇതോടെയാണ് പാർട്ടി ശശിക്കെതിരെ കർശന നടപടി എടുക്കില്ലെന്ന ധാരണ പാർട്ടി വൃത്തങ്ങളിൽ തന്നെ ശക്തമായത്. ഇതേസമയം ശശിക്കെതിരായ അന്വേഷണ റിപ്പോർട്ട് സി.പി.എം സംസ്ഥാന നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. പി.കെ ശശിക്കെതിരായ പരാതിയിൽ റിപ്പോർട്ട് പാർട്ടി തീരുമാനിച്ച സമയത്ത് നൽകുമെന്നാണ് അന്വേഷണ കമ്മിഷൻ അംഗം മന്ത്രി എ.കെ ബാലൻ പറയുന്നത്. പാർട്ടിയോടുള്ള വിശ്വാസം കൊണ്ടാന്ന് പെൺകുട്ടി പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിലാണ് പാർട്ടി അന്വേഷിക്കുന്നതെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.