ഷാർജ: പ്രളയ ദുരിതത്തിൽ നിന്നും കരകയറാൻ ശ്രമിക്കുന്ന കേരളത്തെ തകർക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കേരളം നന്നാവരുതെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. മുന്നോട്ട് പോകാനുള്ള എല്ലാ വഴികളും കേന്ദ്രം അടച്ചു. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തിൽ കേന്ദ്രം മുട്ടാപ്പോക്ക് നയം സ്വീകരിച്ചു.ഷാർജയിൽ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിന് ശേഷം കേരളം കൂടുതൽ നന്നായിപ്പോകുമോ എന്നാണ് കേന്ദ്രത്തിന്റെ ആശങ്ക. നിങ്ങൾ അങ്ങനെ നന്നാവേണ്ട എന്നാണ് കേരളത്തോട് കേന്ദ്രത്തിന്റെ നിലപാട്. ഇത് കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് ബോധ്യപ്പെടുന്ന മലയാളിയുടെ പൊതുബോധം ഉണരും. ഈ നാട് പുനർനിർമിക്കാൻ ആയില്ലെങ്കിൽ നമ്മുടെ നാട് പുറകിലേക്ക് പോകും. ഈ നാടിനെ അടുത്ത തലമുറയെ ഏൽപ്പിക്കണം. വരും തലമുറകൾക്ക് വേണ്ടിയുള്ള പുനർനിർമാണമാണ് നമുക്ക് വേണ്ടത്. കേരളത്തിന്റെ പുനർനിർമാണത്തെ തടയാൻ ആർക്കുമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
വീടുകൾ നഷ്‌ടപ്പെട്ട വകയിൽ ഏതാണ്ട് 5600 കോടിയാണ് നഷ്‌ടം. ഇക്കാര്യത്തിൽ കേന്ദ്രത്തിൽ നിന്നും കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത് വെറും 105 കോടി രൂപ മാത്രമാണ്. ബാക്കി തുക കണ്ടെത്തേണ്ടതുണ്ട്. വിദ്യാഭ്യാസ, കാർഷിക, മത്സ്യബന്ധന മേഖലകളിലും ഇത് തന്നെയാണ് അവസ്ഥയെന്നും മുഖ്യമന്ത്രി പറഞ്ഞു.