ഓരോഭാഷയ്ക്കുംതനതായശൈലികളും പ്രയോഗങ്ങളുമുണ്ട്. ഭാഷയുടെ സമ്പത്താണവ. മലയാള ഭാഷയുടെ പദശേഖരത്തിൽ മിന്നിത്തിളങ്ങുന്ന കുറേ ശൈലികൾ പരിചയപ്പെടാം. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് ഇവ ഹൃദിസ്ഥമാക്കുക
അർദ്ധരാത്രിക്ക് കുടപിടിക്കുക
അനാവശ്യമായ ആഡംബരം കാട്ടുക അല്പത്തം വിളമ്പുക എന്നിവയെ സൂചിപ്പിക്കുന്നു
അനന്തൻകാട്
പൊതുവേ ഭയമുണ്ടാക്കുന്ന സ്ഥലങ്ങൾ, കേന്ദ്രങ്ങൾ എന്നിവയുടെ പ്രതീകം.
അമ്പലം വിഴുങ്ങി
വിഗ്രഹത്തെ മാത്രമല്ല അമ്പലം തന്നെ വിഴുങ്ങുകയെന്നാൽ പെരുങ്കള്ളനായിരിക്കും. മുഴുവനായി വിഴുങ്ങുക എന്ന് സൂചിപ്പിക്കുന്നു.
അട്ടിപ്പേറ്
സ്വന്തവും ശാശ്വതവുമായത്
അടിക്കല്ലു മാറ്റുക
അടിമുടി നശിപ്പിക്കുക, വേരോടെ ഇല്ലാതാക്കുക, ഉന്മൂല നാശം വരുത്തുക എന്നൊക്കെ സൂചിപ്പിക്കുന്നു.
ആകാശ കുസുമം
ഒരിക്കലും സംഭവിക്കാത്ത കാര്യമെന്നതിന്റെ സൂചന
ആകാശ പുരാണം
ഇല്ലാത്തതിന്റെ സൂചന. അസത്യമായ കാര്യം
ആലത്തൂർ കാക്ക
ആശിച്ചു കാലം കഴിക്കുന്നവൻ
ഇത്തിൾക്കണ്ണി
മറ്റുള്ളവരെ ഉപയോഗിച്ച് കാര്യം നേടുന്നവർ.
ഇലയിട്ടു ചവിട്ടുക
അറിഞ്ഞുകൊണ്ട് തെറ്റു ചെയ്യുന്നതിന്റെ സൂചന
ഇല്ലത്തെ പൂച്ച
എവിടെയും പ്രവേശനമുള്ളയാൾ. ആരും തടയാത്തതിന്റെ സൂചകം.
ഇഞ്ചി കടിക്കുക
അകാരണമായി ദേഷ്യപ്പെടുക
ഉരുളയ്ക്കു ഉപ്പേരി
ഉത്തരം മുട്ടിക്കുന്ന രീതിയിൽ മറുപടി പറയുന്നത്.
ഉപ്പും ചോറും തിന്നുക
ഒരാളിന്റെ വിനീതനായി ആശ്രയിച്ച് കഴിയുക.
എണ്ണിച്ചുട്ട അപ്പം
പരിമിതമായ വസ്തു. അധികമില്ലാത്തത്.
കരതലാമലകം
ഉള്ളം കൈയിലെ നെല്ലിക്ക പോലെ വളരെ വ്യക്തമായത്.
കുളം കോരുക
ഉന്മൂലനാശമുണ്ടാക്കുക
കൊല്ലക്കുടിയിൽ സൂചി വിൽക്കുക
ഒരു വസ്തു സുലഭമായുള്ളിടത്ത് അതു വിൽക്കാൻ ശ്രമിക്കുക.
കോവിൽക്കാള
തിന്നുകൊഴുത്ത് മറ്റു പണിയൊന്നും ചെയ്യാതെ അലസരായി നടക്കുക.
രാമേശ്വരത്തെ ക്ഷൗരം
ഒരു കാര്യംപൂർത്തിയാക്കാത്ത അവസ്ഥ
മുയൽക്കൊമ്പ്
ഇല്ലാത്ത വസ്തുവിനെക്കുറിച്ച് ചിന്തിക്കുക
ദന്തഗോപുരം
സങ്കല്പിച്ച് ഒാരോന്നുണ്ടാക്കുക
ഭീഷ്മ പ്രതിജ്ഞ
കഠിനമായ പ്രതിജ്ഞയെടുക്കുക
വനരോദനം
നിഷ്പ്രയോജനമായ സങ്കടം പറച്ചിൽ
പതിനൊന്നാം മണിക്കൂർ
ഏതുകാര്യവും അവസാനം ചെയ്യുക