പത്ത്, ഒമ്പതു ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്രദമായ കഥകളിയെ സംബന്ധിച്ചുള്ള വിവരങ്ങളും വിശേഷങ്ങളും
കൃഷ്ണനാട്ടത്തിന് ബദലായി
പ്രധാനപ്പെട്ട ഒരു കേരളീയ ദൃശ്യകലയാണ് കഥകളി. 17,18 നൂറ്റാണ്ടുകൾക്കിടയ്ക്ക് ജീവിച്ചിരുന്ന ഒരു കൊട്ടാരക്കര രാജാവാണ് ഈ ദൃശ്യകലയ്ക്ക് രൂപം നൽകിയതെന്ന് വിശ്വസിക്കപ്പെടുന്നു. കൊട്ടാരക്കര തമ്പുരാന്റെ അപേക്ഷ കോഴിക്കോട് സാമൂതിരി നിരസിച്ചതിന്റെ പരിണതഫലമായി ഒരു നൂതനകലാരൂപം ഉടലെടുത്തുവെന്ന് ഐതിഹ്യം.
സാമൂതിരിയുടെ കൃഷ്ണനാട്ടത്തെപ്പറ്റി കേട്ടറിഞ്ഞ കൊട്ടാരക്കര തമ്പുരാൻ ആ കലാസംഘത്തെ ക്ഷണിച്ചു. എന്നാൽ കൃഷ്ണനാട്ടം കണ്ടു രസിക്കാൻ ത്രാണിയുള്ളവർ തെക്കൻ ദിക്കിലില്ലെന്ന് സാമൂതിരി കളിയാക്കിയത്രേ. ആ വാശിയിലാണ് കൃഷ്ണനാട്ടത്തിനു പകരമായി കഥകളി രൂപപ്പെട്ടത്. കഥകളിയിലെ ആംഗ്യഭാഷയ്ക്ക് അവലംബമായ മുദ്രകൾ ഹസ്തലക്ഷണദീപിക എന്ന നാട്യശാസ്ത്രഗ്രന്ഥത്തിൽ നിന്നാണ്.ഇതിന്റെ രചയിതാവ് ആരെന്ന് വ്യക്തമല്ല.
പ്രാചീനകലകളുടെ സമ്മേളനം
വിവിധ ക്ലാസിക്കൽ - നാടൻ കലാരൂപങ്ങളുടെ മേളനത്തിൽ രൂപം കൊള്ളുകയും വികസിക്കുകയും ചെയ്തതാണ് കഥകളി. കേരളീയരുടെ കേൾവികേട്ട നാട്യകലാ വിശേഷങ്ങളിൽ മുഖ്യസ്ഥാനമാണ് കഥകളിക്ക്. അഭിനയത്തിന്റെ വകഭേദങ്ങളായ നൃത്തം, നൃത്യം, നാട്യം എന്നിവയും ആംഗികം, വാചികം,സാത്വികം,ആഹാര്യം എന്നിവയും സമഞ്ജസമായി സമ്മേളിച്ചിരിക്കുന്നു. ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറ, പടയണി തുടങ്ങിയവയുമായും ബന്ധമുണ്ട്.
19-ാം നൂറ്റാണ്ടിൽ കൊച്ചി വീരകേരളവർമ്മ നൂറോളം ആട്ടക്കഥകളെഴുതി. സ്വന്തമായി ഒരു കഥകളി യോഗവും ഉണ്ടായിരുന്നു. ഇരയിമ്മൻ തമ്പിയുടെ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗംഎന്നിവ മികച്ച സംഭാവനകൾ. ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മയുടെ പ്രോത്സാഹനം കഥകളിയെ അത്യുച്ചനിലയിലെത്തിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ഈശ്വരപിള്ള വിചാരിപ്പുകാർ കേരളവിലാസം എന്ന പേരിൽ ഒരു അച്ചുകൂടം സ്ഥാപിച്ച് അതുവരെ പ്രചാരത്തിൽ വന്ന കൃതികൾ സമാഹരിച്ച് അമ്പത്തിനാലു ദിവസത്തെ ആട്ടക്കഥകൾ പ്രസിദ്ധപ്പെടുത്തി.
വേഷവിഭജനം
സാമാന്യമായി അഞ്ചു തരത്തിലാണ് കഥകളി വേഷങ്ങളെ വിഭജിച്ചിരിക്കുന്നത്. പച്ച, കത്തി, കരി, താടി, മിനുക്ക്. സത്വ രജോസ്തമോ ഗുണങ്ങളിൽ ഓരോന്നിനെ പ്രതിനിധീകരിക്കുന്നവയാണ് ഇവ. ചില വഴക്കങ്ങളുടെ പേരിലാണ് ഈ വിഭജനം.അല്ലാതെ അടിസ്ഥാന പ്രമാണങ്ങളൊന്നുമില്ല.
സത്വഗുണപ്രധാനമായ പച്ച
പച്ചവേഷങ്ങളെല്ലാം സത്വഗുണപ്രധാനമാണ്. സൽസ്വഭാവികളെ പ്രതിനിധീകരിക്കുന്നു. ധീരോദാത്ത കഥാപാത്രങ്ങൾ ഈ വിഭാഗത്തിലാണ്.
ധർമ്മപുത്രർ, നളൻ, ദക്ഷൻ, ഭീമസേനൻ, അർജുനൻ, രുക്മാംഗദൻ, തുടങ്ങിയ കഥാപാത്രങ്ങൾ പച്ചവേഷക്കാരാണ്.
കത്തിവേഷം
ദുഷ്ടകഥാപാത്രങ്ങളെയും സഹിക്കാൻ പറ്റാത്തവരെയും നാം കത്തിയെന്ന് പറയാറുണ്ട്. കഥകളിയിലും അങ്ങനെ തന്നെ.
രജോഗുണപ്രധാനികളാണ്. ദുര്യോധനൻ, കീചകൻ, രാവണൻ, നരകാസുരൻഎന്നിവർ കത്തിവേഷക്കാരാണ്. നെടുംകത്തി, കുറും കത്തി എന്നിങ്ങനെ രണ്ടു വിഭാഗം കത്തിയുണ്ട്. പ്രധാന കത്തിവേഷങ്ങളെല്ലാം കുറും കത്തിയാണ്. ആദ്യകാലത്ത് ദുര്യോധനൻ നെടും കത്തിയായിരുന്നു
കരിവേഷം
ക്രൂരസ്വഭാവക്കാരാണ്. മുഖത്തെ തേപ്പും ആടകളും കറുപ്പുനിറത്തിലായിരിക്കും. പറപോലുള്ള കരിമുടി ധരിച്ചിരിക്കും. ആൺകരി, പെൺകരി എന്നിങ്ങനെ രണ്ടു വിഭാഗം. നളചരിതം, കിരാതം, ഗുരുദക്ഷിണ എന്നിവയിലെ കാട്ടാളൻ ആൺകരി, സിംഹിക, ശൂർപ്പണഖ, പൂതന, ഹിഡിംബി തുടങ്ങിയ രാക്ഷസീയ കഥാപാത്രങ്ങൾ പെൺകരിവിഭാഗത്തിലാണ്.
താടിവേഷം
തമോഗുണപ്രധാനികളാണ് താടിവേഷക്കാർ. ചുവന്നതാടി, വെള്ളത്താടി, കറുത്തതാടി എന്നിങ്ങനെ അവാന്തരവിഭാഗമുണ്ട്.
ദുഷ്ടകഥാപാത്രങ്ങളായിരിക്കും ചുവന്നതാടി. ദുശ്ശോസനൻ, ബകൻ, ജരാസന്ധൻ, ത്രിഗർത്തൻ എന്നിവർ ഈ വിഭാഗത്തിൽ. സത്വഗുണ പ്രധാനികളാണ് വെള്ളത്താടി. ഹനുമാൻ ഈ വിഭാഗത്തിലാണ്. കറുത്തതാടിയിൽ മുഖത്ത് ചുട്ടിമാത്രം. നളചരിതത്തിലെ കലി ഈ വിഭാഗത്തിൽ.
മിനുക്ക് വേഷം
സ്ത്രീവേഷങ്ങളും മഹർഷിമാരും മിനുക്ക് വേഷത്തിൽപെടുന്നു. ഇളം ചുവപ്പും മഞ്ഞയും കലർന്ന മനയോല തേച്ചു മുഖം മിനുക്കുന്നതു കൊണ്ടാണ് മിനുക്കുവേഷമെന്ന പേരുണ്ടായത്. പ്രധാന സ്ത്രീ വേഷങ്ങളെല്ലാം ഈ വിഭാഗത്തിൽ. നാരദൻ, വസിഷ്ഠൻ, തുടങ്ങിയ മുനിമാർ മുഖത്ത് മിനുക്കി വെളുത്ത മീശയും വരച്ച് വെളുത്ത താടി കെട്ടുന്നു.
പ്രധാന കഥകളി ചടങ്ങുകൾ
കേളികൊട്ട്
കഥകളിയുടെ പ്രാരംഭമായി സന്ധ്യയ്ക്ക് നടത്തുന്ന ആദ്യചടങ്ങ്. ഇന്നു രാത്രി ഇവിടെ കഥകളിയുണ്ടെന്ന് അറിയിക്കലാണ് ലക്ഷ്യം.
അരങ്ങുകേളി
(ശുദ്ധമദ്ദളം)
വിളക്കുവച്ചാൽ മദ്ദളക്കാരൻ അരങ്ങത്തുവന്ന് മദ്ദളമെടുത്ത് നടത്തുന്ന ചടങ്ങ്. ചെണ്ടയൊഴിച്ചുള്ള വാദ്യോപകരണങ്ങൾ മാത്രമേ ഇതിനു പാടുള്ളൂ.
തോടയം
അവതരിപ്പിക്കാൻ പോകുന്ന ദൃശ്യം മംഗളമായി നടക്കാൻ കലാകാരന്മാർ നടത്തുന്ന ഈശ്വരവന്ദനമാണിത്.
വന്ദനശ്ലോകങ്ങൾ
കഥകളിയിൽ പങ്കെടുക്കുന്ന എല്ലാ പാട്ടുകാരും വന്ദനശ്ലോകം ചൊല്ലണമെന്ന് വ്യവസ്ഥയുണ്ട്.
പുറപ്പാട്
ആടാൻ പോകുന്ന കഥയിൽ ആദ്യം പ്രതിപാദിക്കുന്ന കഥാപാത്രമാണ് പുറപ്പാടിനു രംഗത്തുവരേണ്ടത്.
മേളപ്പദം
പുറപ്പാട് കഴിഞ്ഞാൽ മഞ്ജുതരപാടി ആരംഭിക്കുന്ന ചടങ്ങ്.
കഥാരംഭം
മേളപ്പദം കഴിഞ്ഞാലുള്ള ചടങ്ങാണിത്.
സാരി കുമ്മി
സ്ത്രീവേഷങ്ങളുടെ രംഗപ്രവേശനത്തിൽ ആടാറുള്ള ലാസ്യവിശേഷമാണ് ഈ ചടങ്ങ്.പ്രത്യേക അഭിനയമോ മുദ്രക്കൈകളോ ഇല്ല.
ധനാശി
കഥകളിയുടെ അവസാനത്തെ ചടങ്ങാണ്. ഇതോടെ പ്രദർശനം സമാപിക്കുന്നു.
കലാമണ്ഡലം
കേരളത്തിലെ പ്രമുഖ കലാ സാംസ്കാരിക കേന്ദ്രമായ കലാമണ്ഡലം ഷൊർണ്ണൂരിനു സമീപം ചെറുതുരുത്തിയിലാണ്. അന്താരാഷ്ട്ര പ്രസിദ്ധിയുള്ള ഈ കലാപഠനകേന്ദ്രംമഹാകവി വള്ളത്തോളാണ് സ്ഥാപിച്ചത്. ലളിതകലകളെയും നാടൻകലകളെയും വികസിപ്പിച്ചെടുക്കുക കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, ചാക്യാർകൂത്ത്, തുള്ളൽ തുടങ്ങിയ ദൃശ്യകലകൾക്ക് കളിയോഗങ്ങൾ ആരംഭിക്കുക എന്നിവയായിരുന്നു ഈ സ്ഥാപനത്തിന്റെ പ്രവർത്തനോദ്ദേശ്യങ്ങൾ. 1927 ൽ കലാമണ്ഡലം ഒരു സൊസൈറ്റിയായിട്ടാണ് ആരംഭിച്ചത്.
ഉണ്ണായിവാര്യരും നളചരിതവും
കഥകളി സാഹിത്യത്തിൽ മാത്രമല്ല മലയാള സാഹിത്യത്തിലും സമുന്നത സ്ഥാനമാണ്18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഉണ്ണായിവാര്യരുടെ നളചരിതത്തിനുള്ളത്. നാലു ദിവസം ആടാനുള്ള നാലു ഭാഗമടങ്ങിയതാണ് ഈ ആട്ടക്കഥ. എല്ലാ ലക്ഷണങ്ങളും തികഞ്ഞ ഒരു സംസ്കൃത നാടകത്തോടാണ് നളചരിതത്തെ പണ്ഡിത സഹൃദയന്മാർ ഉപമിച്ചിട്ടുള്ളത്. സാഹിത്യമേന്മ, സംഗീതമേന്മ, അഭിനയ യോഗ്യത, പാത്രസൃഷ്ടി വൈഭവം, ജീവിത നിരീക്ഷണം,തുടങ്ങിയ എല്ലാ അംശങ്ങളിലും നളചരിതം മുന്നിട്ടു നിൽക്കുന്നു.
ഉണ്ണായി വാര്യരുടെ ഏറ്റവും വിലപ്പെട്ട സംഭാവനയാണ് നളചരിതം.
പ്രധാന ആട്ടക്കഥകൾ
ഉണ്ണായിവാര്യരുടെ നളചരിതം, ഇരയിമ്മൻ തമ്പിയുടെ കീചകവധം, ഉത്തരാസ്വയംവരം, ദക്ഷയാഗം എന്നിവയ്ക്ക് മലയാള സാഹിത്യത്തിലും കഥകളിരംഗത്തും പ്രചുരപ്രചാരം ലഭിച്ചു. കൊട്ടാരക്കര തമ്പുരാൻ എട്ടുദിവസത്തെ രാമായണകഥകൾ രചിച്ചു. അശ്വതി തിരുനാളിന്റെ രുഗ്മിണീസ്വയംവരം, അംബരീഷ ചരിതം, കാർത്തികതിരുനാളിന്റെ രാജസൂയം, നരകാസുര വധം എന്നിവ പ്രസിദ്ധമാണ്.
കലാശം
കഥകളിയിൽ ഒരു പദ്യത്തിന്റെ ഓരോ ചരണവും പാടി അവസാനിക്കുമ്പോൾ താളമേളങ്ങൾക്കനുസൃതമായി കരചരണവിന്യാസങ്ങൾ യോജിപ്പിച്ചെടുക്കുന്ന ചുവടുവയ്പാണ് കലാശം. അവസാനിപ്പിക്കൽ എന്ന അർത്ഥത്തിലാണ് സാധാരണ കലാശം ചവിട്ടുക എന്ന് പ്രയോഗിക്കുന്നത്.
നളചരിതം കഥ
നിഷധ രാജ്യത്തെ രാജാവായിരുന്നു നളൻ. വിദർഭരാജ്യത്തിലെ ഭീമരാജാവിന്റെ പുത്രിയാണ് സുന്ദരിയായ ദമയന്തി. ഒരു ഹംസമാണ് അവരെ അടുപ്പിക്കുന്നത്. ക്രമേണ അവർ പ്രേമബദ്ധരായി.
പരസ്യമായിഒരു സദസിൽ വച്ച് അവൾ നളനെ വരണമാല്യമണിയിച്ചു. കലിക്ക് ദമയന്തിയെ ഭാര്യയായി കിട്ടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നളന്റെ അനുജനായ പുഷ്ക്കരനെ കലി സ്വാധീനിച്ച് നളനെ ചൂതുകളിക്കാൻ ക്ഷണിച്ചു. കലിയുടെ സഹായത്താൽ പുഷ്കരൻ ജയിച്ചു. നളനും ദമയന്തിയും രാജ്യഭ്രഷ്ടരായി. ഇരുവരും ഒരു വൃക്ഷച്ചുവട്ടിൽ കിടന്നുറങ്ങുമ്പോൾ നളൻ ഉണർന്ന് പ്രിയതമയുടെ വസ്ത്രം പകുതി മുറിച്ചെടുത്ത് അതും ധരിച്ചുകൊണ്ട് പൊയ്ക്കളഞ്ഞു. കലി ബാധയാൽ നളന് സ്വബോധം നഷ്ടപ്പെട്ടിരുന്നു. ദമയന്തിയെ ഒരു പെരുമ്പാമ്പ് വിഴുങ്ങാൻ ഭാവിച്ചെങ്കിലും കഷ്ടിച്ച് രക്ഷപ്പെട്ട് അമ്മയുടെ പിതൃരാജ്യമായ ചേദിയിലെത്തി.വനത്തിലൂടെ നളൻ നടക്കുമ്പോൾ കാട്ടുതീയിലകപ്പെട്ട കാർക്കോടകനെന്ന സർപ്പത്തെ രക്ഷിച്ചു. അതിനിടയിൽ കാർക്കോടകൻ നളനെ ദംശിച്ചു. അതോടെ കലിബാധയകന്നു.
ബാഹുകനെന്നപേരിൽ നളൻ ഋതുപർണന്റെ കൊട്ടാരത്തിൽ പരിചാരകനായി കഴിഞ്ഞുകൂടി. ദമയന്തിയുടെ രണ്ടാം സ്വയംവരവാർത്തയറിഞ്ഞ് ഋതുപർണൻ ബാഹുകനെ സാരഥിയാക്കി പുറപ്പെട്ടു. ഋതുപർണൻ അക്ഷഹൃദയമന്ത്രം ബാഹുകന് ഉപദേശിച്ചു. അതോടെ കലി പൂർണമായും വിട്ടകന്നു. കാർക്കോടകൻ പണ്ടു നൽകിയ വസ്ത്രം ധരിച്ച് സ്വന്തം രൂപം കൈക്കൊണ്ടനളനെ ദമയന്തി വീണ്ടും സ്വീകരിച്ചു.