മനസിന്റെ സൂക്ഷ്മദർശിനി കൊണ്ട് പുന്നപ്രയിലെയും വയലാറിലെയും മണ്ണ് പരിശോധിച്ചാൽ ഇപ്പോഴും കാണാം ഒരു ചുവപ്പുരാശി. വെടിയുണ്ട തകർത്ത നെഞ്ചിൻകൂടുകളിൽ നിന്ന് പരന്നൊഴുകിയ ചോരയുടെ പശപ്പാണ് ഇവിടുത്തെ മണ്ണിന് ചുവപ്പ് ചാർത്തിയത്. വൻകോട്ടകൾ കീഴ്പ്പെടുത്താനായിരുന്നില്ല ഒരു കൂട്ടം പാവം മനുഷ്യർ ഇവിടെ ജീവൻ ത്യജിച്ചത്. ജീവിക്കുന്നെങ്കിൽ മനുഷ്യനായി ജീവിക്കണമെന്ന ആത്മാഭിമാനത്തിന്റെ അടിത്തറയിൽ നിന്നായിരുന്നു അവരുടെ പോരാട്ടം.
എക്കാലത്തും പർശ്വവത്കരിക്കപ്പെട്ട കീഴാളവർഗത്തിന്റെയും തൊഴിലാളിവർഗത്തിന്റെയും നില നില്പിന് വേണ്ടി നടന്ന ആ സമരചരിത്രത്തിനും പിന്നീട് ചില അവഹേളനങ്ങളുണ്ടായി. പുന്നപ്ര-വയലാർ സമരം പിറവിയെടുത്തതുമുതൽ വിവാദങ്ങളും ഒപ്പം സഞ്ചരിച്ചു. തന്റെ നാട്ടിൽ നടന്ന ഉജ്വലമായ ആ പോരാട്ടത്തിന്റെ നേർക്കാഴ്ച വായനക്കാർക്ക് പകർന്നു നൽകുകയാണ് 'ഉഷ്ണരാശി- കരപ്പുറത്തിന്റെ ഇതിഹാസം" എന്ന കൃതിയിലൂടെ കെ.വി.മോഹൻകുമാർ.രണ്ട് വർഷത്തോളം ഇടതടവില്ലാതെ അലഞ്ഞും വിവരശേഖരണം നടത്തിയും പൂർത്തിയാക്കിയ ഈ നോവലിന് ഏറെ ശ്രേഷ്ഠമായ വയലാർ അവാർഡ് ലഭിച്ചത്, ഈ പോരാട്ടത്തിനുള്ള അംഗീകാരമായി വേണം കാണാൻ. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തലവൻ എന്ന ഭാരിച്ച ഉത്തരവാദിത്വം വഹിക്കുമ്പോഴും ഇതിഹാസതുല്യമായ ഈ പോരാട്ടകഥ ഇംഗ്ളീഷ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യാനുള്ള ശ്രമവും അദ്ദേഹം പൂർത്തിയാക്കി.കെ.വി.മോഹൻകുമാർ കേരളകൗമുദിയോട് സംസാരിക്കുന്നു.
?കോർപ്പറേറ്റുകൾക്കെതിരെയുള്ള യുദ്ധമാണ് ഇനി വേണ്ടതെന്ന് നോവലിന്റെ ആമുഖ അദ്ധ്യായത്തിൽ തന്നെ പറയുന്നുണ്ട്. അങ്ങനെ ചിന്തിക്കാനുള്ള കാരണം
കാൾ മാർക്സിന്റെയും ഏംഗൽസിന്റെയും കാലത്തുള്ള വർഗവിഭജനമല്ല ഇന്ന് നമ്മുടെ സമൂഹത്തിലുള്ളത്. പണ്ട് വ്യക്തമായ രണ്ട് ക്ളാസുകൾ-സമൂഹങ്ങളാണ് നമുക്കിടയിൽ ഉണ്ടായിരുന്നത്. ജന്മിവർഗവും തൊഴിലാളി വർഗവും. അല്ലെങ്കിൽ ജന്മിവർഗവും അടിമ വർഗ്ഗവും. ഈ വ്യതിരക്തതയാണ് അന്നുണ്ടായിരുന്നത്. ഇപ്പോൾ വ്യക്തമായ ഒരു ക്ളാസ് ഡിവിഷൻ ഇല്ലാതായിരിക്കുന്നു. ഇപ്പോൾ സാമ്രാജ്യത്വത്തിന്റെ ഭാഗത്തേക്ക് കോർപ്പറേറ്റുകൾ കടന്നുവരുന്നു. കോർപ്പറേറ്റുകൾ ചൂഷണം നടത്തുന്നത് വേറെ രീതിയിലാണ്. ജന്മി സമ്പ്രദായത്തിലുണ്ടായിരുന്ന ചൂഷണം നേരിട്ടായിരുന്നു.ഇപ്പോൾ തന്ത്രപരമായും ഇൻഡയറക്ടായുമാണ് കോർപ്പറേറ്റുകളുടെ ചൂഷണം. പ്രകൃതിയെ മുഴുവൻ ബാധിക്കും വിധമാണ് അവരുടെ ചൂഷണം. ജലസ്രോതസുകളെ അവർ ചൂഷണം ചെയ്യുന്നു. ധാതുമണൽ ശേഖരത്തെ, മലകളെ , കുന്നുകളെ, വൃക്ഷലതാദികളെ, വനങ്ങളെ നീർത്തടങ്ങളെ... എല്ലാം ചൂഷണം ചെയ്യുന്നു. ഇതെല്ലാം ചൂഷണം ചെയ്ത് സമ്പത്ത് വർദ്ധിപ്പിക്കുന്ന പ്രവണത വളർന്നുവരുന്നു-പ്രത്യേകിച്ച് ഇന്ത്യയിൽ. ആ സാഹചര്യത്തിലാണ് കോർപ്പറേറ്റുകൾക്കെതിരെയാണ് ഇന്നത്തെ സമരം എന്നു പറയുന്നത്. പണ്ട് ഒരു ജന്മി ഉണ്ടായിരുന്നു. അയാൾ അടിയാളനെ പീഡിപ്പിക്കുന്നു, അല്ലെങ്കിൽ അടിയാളന്റെ ഭാര്യയെ പീഡിപ്പിക്കുന്നു. ഇപ്പോൾ അതൊന്നുമല്ല പ്രശ്നം. തൊഴിലാളികൾക്ക് അവരെ സംതൃപ്തരാക്കും വിധമുള്ള കൂലി നൽകുന്നുണ്ട്. അവിടെ ചൂഷണത്തിന് വിധേയരാവുന്നത് ജീവനക്കാരല്ല, സമൂഹമാണ്. ആ രീതിയിലുള്ള സമൂഹമാറ്രം വന്നിരിക്കുന്നു. അത്തരത്തിലേക്ക് നമ്മുടെ രീതിശാസ്ത്രം മാറ്രേണ്ടിവരും. ചൂഷണം ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷേ അത് വളരെ നയതന്ത്രപരമായ ചൂഷണമാണ്. ഭരണകൂടങ്ങളുടെ പിന്തുണയുള്ള ചൂഷണവുമാണ് അത്. ഭരണകൂടങ്ങൾ പോലും പലപ്പോഴും കോർപ്പറേറ്റുകളുടെ കൂടെ നിൽക്കുന്നു. ഇന്ത്യയിൽ മാത്രമല്ല,ആഗോളതലത്തിൽ അതാണ് സ്ഥിതി.
?പുന്നപ്രവയലാർ സമരമാണല്ലോ ഉഷ്ണരാശിയുടെ കാതൽ.സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ചെങ്കിലും ഏറെ വിമർശനങ്ങൾ ആ സമരത്തെക്കുറിച്ച് ഉയർന്നിട്ടുണ്ടല്ലോ
സ്വാതന്ത്ര്യ സമരമായി പിന്നീട് പ്രഖ്യാപിച്ചല്ലോ. യഥാർത്ഥത്തിൽ അക്കാലത്ത് രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള സമരങ്ങൾ നടന്നിരുന്നു. ബംഗാളിലെ തേഭാഗാ സമരമാണെങ്കിലും തെലുങ്കാനയിലെ സമരവും തുണിമിൽ സമരവും നേവൽ മ്യൂട്ടണി ഉൾപ്പടെ ഒരുപാട് സമരങ്ങൾ.ഈ സമരങ്ങളെല്ലാം ശരിക്കും ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു. പുന്നപ്ര-വയലാർ സമരവും സ്വാതന്ത്ര്യത്തിന് മുമ്പ് നടന്ന സമരമാണ്. കയ്യൂരും കരിവെള്ളൂരും മൊറാഴയും മട്ടന്നൂരും എല്ലാം നടന്ന സമരങ്ങൾ സ്വാതന്ത്ര്യത്തിന് വേണ്ടി ആയിരുന്നു. അന്ന് ജനങ്ങളിൽ നിലനിന്നിരുന്ന അതൃപ്തിയും പ്രതിഷേധവുമാണ് ആ സമരങ്ങളിൽ പ്രതിഫലിച്ചത്. ഇവിടെ, തിരുവിതാംകൂറിൽ അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന പേരിലാണ് സമരം നടന്നത്.ഏകാധിപത്യ ഭരണം കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇവിടെ നടന്നത്. ബ്രിട്ടീഷുകാരുടെ സഹായത്തോടെയാണ് സർ സി.പി.അതിന് ശ്രമിച്ചത്.അതിനെതിരെയാണ് ശരിക്കും പുന്നപ്ര വയലാർ സമരത്തിന്റെ ആഹ്വാനം വരുന്നത്.പുന്നപ്രവയലാർ സമരം അന്ന് ജീവിച്ചിരുന്ന അടിസ്ഥാന വർഗത്തിന്റെ ചൂഷണത്തിന് എതിരെ ആയിരുന്നു. ജന്മിത്വത്തിന്റെയും മുതലാളി വർഗത്തിന്റെയും അവർക്ക് കൂട്ടു നിൽക്കുന്ന ഭരണകൂടത്തിന്റെയും കൂട്ടായ ചൂഷണമായിരുന്നു അത്.ബോധവത്കരണത്തിന്റെയും കൂട്ടായ ഇടപെടലിന്റെയും ഫലമായാണ് പുന്നപ്രവയലാർ സമരം നടക്കുന്നത്.അത് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിരുന്നു.'ജീവിക്കുകയാണെങ്കിൽ മനുഷ്യരെപ്പോലെ ജീവിക്കണം,അതല്ല മരണമെങ്കിൽ മരണം" പുന്നപ്രവയലാർ സമരത്തിൽ പങ്കെടുത്തവർ പറഞ്ഞ വാക്കുകളാണ് ഇത്. ജീവിക്കുകയാണെങ്കിൽ മനുഷ്യരെപ്പോലെ ജീവിക്കണം എന്നു പറയുന്നത് സ്വാതന്ത്ര്യപ്രഖ്യാപനമല്ലേ.
? കരപ്പുറത്തിന് ശേഷം ശൂരനാട് പോലെ മറ്റു പല സമരങ്ങളും നടന്നെങ്കിലും അതേക്കുറിച്ചൊന്നും വലിയ പരാമർശമില്ലാതെ പോയത്
എന്റെ ഫോക്കസ്, കാൻവാസ് കരപ്പുറമായിരുന്നു. ആ കാൻവാസിനുള്ളിൽ നിന്നു കൊണ്ട് മറ്റുസമരങ്ങളെയും പരാമർശിച്ചിട്ടുണ്ട്.തേഭാഗാ സമരത്തെക്കുറിച്ചും തെലുങ്കാനയെക്കുറിച്ചും കയ്യൂരിനെക്കുറിച്ചും മട്ടന്നൂരിനെക്കുറിച്ചുമെല്ലാം പറയുന്നുണ്ട്.
? അമ്മയാണ് പുന്നപ്രവയലാറിനെക്കുറിച്ച് പറഞ്ഞു തന്നതെന്ന് നോവലിൽ പറയുന്നുണ്ടല്ലോ? പിന്നീടുള്ള പഠനത്തിനും നോവൽ രചനയ്ക്കുമുള്ള പ്രേരണ അതാണോ?
അച്ഛൻ മരിച്ച ശേഷം ഞങ്ങൾ നാട്ടിലേക്ക് ചെല്ലുമ്പോൾ, ഞങ്ങൾക്ക് അവിടെ ഒരു വീടുണ്ടായിരുന്നു. രണ്ട് മുറിയും അടുക്കളയുമുള്ള വീട്. അതിന്റെ മൂന്ന് വശവും വയലായിരുന്നു. തെക്കേ വയലിന്റെ വരമ്പിലൂടെ അന്ന് കമ്മ്യൂണിസ്റ്റുകാർ ചുവന്ന കൊടിയും പിടിച്ച് പോകുന്നത് കാണാമായിരുന്നു. ആലപ്പുഴ ടൗണിൽ വളർന്ന ഞാൻ അങ്ങനൊരു കാഴ്ച കണ്ടിട്ടില്ല. അപ്പോൾ അമ്മയോട് ചോദിച്ചു, ഇത് എന്താണെന്ന്. കമ്മ്യൂണിസ്റ്റുകാർ ആരാണെന്നും അവർ നടത്തിയ സമരങ്ങളെക്കുറിച്ചും അമ്മ പറഞ്ഞു. പോരാട്ടം നടത്തിയ മുഴുവൻ പേരെയും പട്ടാളക്കാർ വെടിവച്ചു കൊന്നെന്നാണ് അന്ന് അമ്മ പറഞ്ഞുതന്നത്. വെടിയേറ്റ് മരിച്ച ആൾക്കാരുടെ അനുയായികളാണ് കൊടിപിടിച്ച് നടന്നുപോകുന്നതെന്നും അമ്മ പറഞ്ഞു.
അച്ഛൻ വേലായുധൻ പിള്ള മരിക്കുന്നത് 1966 ലാണ്. 64- ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്ന സമയത്ത് അച്ഛൻ കിടപ്പിലായിരുന്നു.അച്ഛൻ അദ്ധ്യാപകനായിരുന്നു. നാടക നടനായിരുന്നു.അഗസ്റ്റിൻ ജോസഫിനും കുഞ്ഞുകുഞ്ഞു ഭാഗവതർക്കുമൊപ്പം നാടകങ്ങളിൽ പ്രവർത്തിച്ചിരുന്നു. പിന്നീട് അദ്ദേഹം ആധാരമെഴുത്തുകാരനായി.അദ്ദേഹം കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ലെങ്കിലും ടി.വി.തോമസുമായും കെ.വി പത്രോസുമായും കുഞ്ചാക്കോയുമായുമൊക്കെ അടുപ്പമുണ്ടായിരുന്നു. കമ്മ്യൂണിസ്റ്ര് സമരങ്ങളോട് അദ്ദേഹത്തിന് അനുഭാവമുണ്ടായിരുന്നു.എന്നാൽ അമ്മ ലക്ഷ്മിക്കുട്ടിയമ്മയുടെ കുടുംബം കടുത്ത കോൺഗ്രസ് കുടുംബവുമായിരുന്നു. പക്ഷേ ജ്യേഷ്ഠൻ കെ.എസ്.എഫിന്റെ സജീവ പ്രവർത്തകനായിരുന്നു. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്നൊക്കെ എഴുതിയ നോട്ടീസ് അന്ന് ജ്യേഷ്ഠൻ വീട്ടിൽ കൊണ്ടുവന്നിടും. അഞ്ചു വയസിൽ ഞാൻ കാണുന്ന നോട്ടീസുകളാണ് അതെല്ലാം. പുന്നപ്ര സമരസഖാക്കളെ ദഹിപ്പിച്ച അതേ മണ്ണിലാണ് അച്ഛനെയും ദഹിപ്പിച്ചത്.പുന്നപ്രയിലെ ശ്മശാനത്തോട് അങ്ങനെയാണ് ഒരു ആത്മബന്ധം.പുന്നപ്ര പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ സംസ്കരിച്ചത് ആ ശ്മശാനത്തിലാണ്.
?പാവപ്പെട്ട തൊഴിലാളികളെ പറഞ്ഞു പറ്റിച്ചാണ് തോക്കിന് മുന്നിൽ കൊണ്ടുവന്നതെന്ന് ആക്ഷേപമുണ്ടല്ലോ
അതെല്ലാം തെറ്റാണ്. കാരണം പട്ടാളത്തെ നേരിടാനല്ല അക്കാലത്ത് കമ്മ്യൂണിസ്റ്റ് ക്യാമ്പുകൾ നടത്തിയത്. പുന്നപ്ര-വയലാർ മേഖലയിൽ ആറ് ക്യാമ്പുകളുണ്ടായിരുന്നു. വയലാർ കടക്കരപ്പള്ളി ഭാഗങ്ങളിൽ ജന്മിമാരും പട്ടാളക്കാരും ചേർന്ന് തൊഴിലാളികളുടെ, അടിയാളന്മാരുടെ കുടികൾ ആക്രമിച്ച് അവരെ ഓടിക്കാൻ ശ്രമിച്ചു.ആണുങ്ങളെ തല്ലിച്ചതച്ചു. അവരെല്ലാം പേടിച്ച് പുറന്നാടുകളിലേക്ക് പോയി. പെണ്ണുങ്ങളും വൃദ്ധരും കുട്ടികളും നിരാലംബരായി.കഴിക്കുന്ന പാത്രങ്ങൾ പോലും നശിപ്പിക്കപ്പെട്ടു. ഉടുത്തിട്ടുള്ള തുണിയല്ലാതെ മറ്റൊന്നുമില്ല.കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിപ്പെട്ടപ്പോൾ ജന്മിമാരുടെ ആവശ്യപ്രകാരം സർ സി.പിയുടെ സാന്നിദ്ധ്യത്തിൽ ആലപ്പുഴ പാലസിൽ ഇരുന്ന് എടുത്ത തീരുമാനത്തിന്റെ ഭാഗമാണ് അത്. തൊഴിലാളികളെ അടിച്ചമർത്തിയാൽ അവർ പാഠം പഠിക്കും എന്നായിരുന്നു ധാരണ. നൂറുകണക്കിന് വീടുകളാണ് -കുടികളാണ് തീയിട്ടു നശിപ്പിച്ചത്.വയലാറിൽ സമരത്തിന് പ്രധാനമായും നേതൃത്വം കൊടുത്തത് സി.കെ.കുമാരപ്പണിക്കരാണ്. ചേർത്തലയിലെ സമ്പന്നമായ ഒരു ഈഴവകുടുബത്തിലെ കാരണവരാണ് വയലാർ സ്റ്റാലിൻ എന്ന് അറിയപ്പെടുന്ന കുമാരപ്പണിക്കർ. അന്ന് വേട്ടയാടപ്പെട്ട പാവങ്ങൾ കുമാരപ്പണിക്കരുടെ വീട്ടിലേക്കാണ് നേരെ പോയത്. 'എന്റെ പത്തായത്തിൽ ധാരാളം നെല്ലുണ്ട്. പറമ്പിലെ തെങ്ങിൽ ധാരാളം തേങ്ങയുമുണ്ട്.നിങ്ങളാരും ഒന്നും പേടിക്കേണ്ട"...
ഇതായിരുന്നു അന്ന് കുമാരപ്പണിക്കർ പറഞ്ഞത്. അങ്ങനെയാണ് പാവങ്ങൾക്ക് ആഹാരം കൊടുക്കാൻ വേണ്ടി വയലാറിൽ ക്യാമ്പ് ഒരുക്കുന്നത്. അതിനൊപ്പം ചില പരിശീലനങ്ങളുമുണ്ടായിരുന്നു. പട്ടാളം ആക്രമിക്കാൻ വന്നാൽ നേരിടാൻ വേണ്ടിയുള്ള പരിശീലനം. ആസാമിൽ നിന്നും മറ്റും പിരിഞ്ഞു വന്ന സായിപ്പ് കുമാരൻ, സോമൻ തുടങ്ങിയ പട്ടാളക്കാരാണ് പരിശീലനം നൽകിയത്. അങ്ങനെയാണ് വാരിക്കുന്തം പരിശീലിക്കുന്നത്. 303 റൈഫിളാണ് അന്ന് പട്ടാളക്കാർക്ക് കൊടുത്തിരുന്നത്. ഒരു തവണ വെടിവച്ചാൽ വീണ്ടും നിറച്ചിട്ടു വേണം അടുത്ത വെടിവയ്ക്കാൻ. അതിനനുസരിച്ചാണ് പരിശീലനം നൽകിയത്. ആദ്യം ഒരു റൗണ്ട് വെടി വയ്ക്കുമ്പോൾ നിങ്ങൾ ഭൂമിയോട് ചേർന്ന് കിടക്കണം. വീണ്ടും തോക്ക് നിറയ്ക്കുന്ന സമയത്ത് മുന്നോട്ടു പാഞ്ഞുചെന്ന് ആക്രമിക്കുക. നിരങ്ങി വേണം പോകാൻ. ഇതായിരുന്നു നിർദ്ദേശം.പട്ടാളം യന്ത്രത്തോക്ക് ഉപയോഗിക്കുമെന്ന് ആർക്കുമറിയില്ലായിരുന്നു.കാരണം തുലാം ഏഴിന് പുന്നപ്രയിൽ വെടിവച്ചതും. 303 റൈഫിൾ ഉപയോഗിച്ചാണ്. അന്ന് രാത്രിയിൽ കുമാരപ്പണിക്കർ വന്നു പറഞ്ഞു, 'പുന്നപ്രയിൽ വെടിവയ്പ്പുണ്ടായി, പട്ടാളം ഇവിടുത്തെ ക്യാമ്പും ആക്രമിക്കാം. ജീവനിൽ കൊതിയുള്ളവർ എങ്ങോട്ടെങ്കിലും പൊയ്ക്കോ..." എന്ന്.'ജീവിക്കുകയാണെങ്കിൽ മനുഷ്യരെപ്പോലെ ജീവിക്കണം, അതല്ല മരണമെങ്കിൽ മരണം"ഇതായിരുന്നു ക്യാമ്പിലുണ്ടായിരുന്നവർ പറഞ്ഞത്. ഇതാണ് സത്യം. പിന്നെങ്ങനെയാണ് കമ്യൂണിസ്റ്ര് നേതാക്കൾ ചതിച്ചു എന്നു പറയുന്നത്. ഇതൊന്നും ഏതെങ്കിലും രേഖകളിൽ കണ്ട കാര്യമല്ല. അക്കാലത്ത് ജീവിച്ചിരുന്നവരും സമരത്തിൽ പങ്കെടുത്തവരുമായ അമ്പതോളം പേരെ നേരിൽ കണ്ട് ഞാൻ ശേഖരിച്ച വിവരങ്ങളാണ്. ഒരാൾ പോലും തിരിച്ചു പറഞ്ഞിട്ടില്ല.
യന്ത്രത്തോക്ക് വരുമെന്ന കാര്യം ആർക്കും അറിയില്ലായിരുന്നു.മദ്രാസിൽ നിന്നാണ് അത് വരുത്തിയത്. മൂന്ന് നിരയായിട്ടാണ് പട്ടാളം അന്ന് വെടിവച്ചത്. ആദ്യനിര ഭൂമിയോട് പറ്റിക്കിടന്ന് വെടിവയ്ക്കുന്നു, അടുത്ത നിര മുട്ടിൽ നിന്നുകൊണ്ടും മൂന്നാമത്തെ നിര നിന്നുകൊണ്ടും വെയിവയ്ക്കുന്നു.ഭീകരമായ മനുഷ്യക്കുരുതിയാണ് നടന്നത്. ആഹാരം കഴിക്കാൻ നിവർത്തിയില്ലാതെ ക്യാമ്പിൽ അഭയം തേടിയവരാണ് മരിച്ചവരിൽ അധികവും.എത്ര പേർ മരിച്ചുവെന്ന കൃത്യമായ കണക്ക് ഇപ്പോഴുമില്ല.
വയലാറിൽ തൊഴിലാളികൾ പട്ടാളത്തെ അങ്ങോട്ടു പോയി ആക്രമിച്ചിട്ടില്ല. പുന്നപ്രയിൽ സഖാക്കൾ അങ്ങോട്ടുപോയി പൊലീസ് സ്റ്റേഷൻ ആക്രമിച്ചു എന്നത് സത്യമാണ്. വയലാറിൽ പട്ടാളം ക്യാമ്പ് വളയുകയായിരുന്നു. തൊഴിലാളികൾ പ്രതിരോധിക്കാൻ മാത്രമാണ് ശ്രമിച്ചത്. ഇതെങ്ങനെ ആക്രമണമാവും. ചരിത്രപരമായ വങ്കത്തമാണെന്നാണ് ചിലർ ഇതേക്കുറിച്ച് എഴുതിയത്. കാര്യങ്ങൾ അറിയാതെയാണ് അവരുടെ എഴുത്ത്.അതിനെ ന്യായീകരിക്കാനാവില്ല. വെടിവയ്പ്പിന് തലേ രാത്രിയിൽ ബോട്ടിൽ രഹസ്യമായി എത്തി ക്യാമ്പ് വളഞ്ഞ് വെടിവയ്പ്പ് നടത്താൻ പട്ടാളം ശ്രമിച്ചിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ മഹാഭാരതത്തിൽ അശ്വത്ഥാമാവ് രാത്രിയിൽ ശിബിരങ്ങൾക്ക് തീയിടാൻ ശ്രമിച്ച പോലെ ദാരുണമാവുമായിരുന്നു സ്ഥിതി. അന്ന് രാത്രിയിൽ സഖാക്കൾ അതീവ ജാഗ്രതയോടെ കാവൽ നിന്നതിനാലാണ് പട്ടാളം വരുന്നത് അറിഞ്ഞത്. നേരത്തെ കരുതിയിരുന്ന കരിങ്കല്ല് എറിഞ്ഞാണ് പട്ടാളത്തെ ഓടിച്ചത്.അടുത്ത ദിവസം രാവിലെ പതിനൊന്നു മണിയോടെ ആൾക്കാർ ആർത്തിയോടെ കഞ്ഞി കുടിക്കാൻ ഇരിക്കുമ്പോഴായിരുന്നു പട്ടാളത്തിന്റെ ആക്രമണം. പട്ടിണി കിടന്ന ആൾക്കാർക്ക് നേരെയായിരുന്നു വയലാറിലെ ആക്രമണം.സ്വയരക്ഷയ്ക്കാണ് സഖാക്കൾ കയ്യിൽ കിട്ടിയ ആയുധങ്ങളുമായി പട്ടാളത്തെ നേരിട്ടത്. തോക്കിനുള്ളിൽ ഉപ്പും മുതിരയുമാണെന്ന് പറഞ്ഞ് പാവങ്ങളെ പറ്രിച്ചെന്നും ഒരു ആരോപണമുണ്ട്. അതും അസത്യമാണ്.തോക്കിനുള്ളിൽ വെടിയുണ്ടയാണെന്ന് എല്ലാവർക്കുമറിയാം. കാരണം തൊട്ടുമുമ്പ് പുന്നപ്രയിൽ നടന്ന വെടിവയ്പ്പ് ദൃഷ്ടാന്തമായി ഉണ്ട്.
? സമരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ പിന്നെയുമുണ്ടായല്ലോ
ഒരുപാട് ശ്രമങ്ങളുണ്ടായി. 13.5 സെന്റ് നൽകാമെന്ന് പറഞ്ഞ് തൊഴിലാളികളെ തോക്കിന് മുന്നിൽ കൊണ്ടിട്ട് നടത്തിയ ബോധപൂർവമായ നരഹത്യയാണെന്ന് വരെ ആക്ഷേപിച്ചു.
? എഴുതാതിരിക്കാൻ പറ്റാത്ത ഘട്ടത്തിലാണ് ഉഷ്ണരാശിയുടെ രചനയിലേക്ക് കടക്കുന്നതെന്ന് പറയുന്നുണ്ടല്ലോ. എന്താണ് ഇത്രവലിയ പ്രേരണ
എന്റെ നാടിന്റെ ഒരു ഇതിഹാസമാണ് ഇത്. കയ്യൂരിലെ സമരത്തെക്കുറിച്ച് കന്നട എഴുത്തുകാരൻ നിരഞ്ജന 'ചിരസ്മരണ"എഴുതി.മലയാളത്തിൽ എം.ടി.ചന്ദ്രസേനനും പി.കെ.ചന്ദ്രാനന്ദനും കെ.സി.ജോർജും പുന്നപ്രവയലാർ സമരത്തെക്കുറിച്ച് എഴുതിയിട്ടുണ്ടെങ്കിലും സാഹിത്യകൃതിയായി അക്കൗണ്ട് ചെയ്തിട്ടില്ല. ഈ പുസ്തകങ്ങളെ ആധാരമാക്കിയാണ് പിന്നീട് വന്ന മറ്റ് കൃതികൾ. പുന്നപ്രയിലും വയലാറിലും എന്താണ് സംഭവിച്ചതെന്ന് ആൾക്കാർ അറിയേണ്ടേ. ആ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരെ കണ്ടും അന്നത്തെ പത്രങ്ങൾ വായിച്ചുമാണ് യഥാർത്ഥ ചിത്രങ്ങൾ ശേഖരിച്ചത്. എന്റെ പുസ്തകം നൂറു ശതമനവും വസ്തുതാപരമാണ്. വസ്തുതകൾ നൂറു ശതമാനം സത്യവും. രണ്ട് വർഷത്തോളം ഞാനും എന്റെ സുഹൃത്തുക്കളും നടത്തിയ അന്വേഷണത്തിന്റെ ആകെ തുകയാണ് ഈ നോവൽ.
? വയലാർ അവാർഡ് വളരെ ശ്രേഷ്ഠമാണല്ലോ. അതിന് അർഹമായപ്പോൾ എന്തു തോന്നുന്നു
130 ഓളം പുസ്തകങ്ങളിൽ നിന്നാണ് ഉഷ്ണരാശി അവാർഡിന് തിരഞ്ഞെടുത്തത്. വയലാർ അവാർഡിന്റെ മാന്യതയും അതാണ്.
? എന്നിട്ടും പുസ്തകത്തെക്കുറിച്ച് ചില വിമർശനങ്ങൾ ഉയർന്നല്ലോ
വയലാർ അവാർഡിന് കൃതികൾ തിരഞ്ഞെടുക്കുന്നത് മൂന്നംഗ ജൂറിയല്ല, ജനങ്ങളാണ്. പുസ്തകങ്ങൾ വായിക്കുന്നവരാണ്. 400 പേർക്ക് പുസ്തകങ്ങൾ അയച്ചുകൊടുത്തു. അതിൽ ഏറ്റവുമധികം നോമിനേഷൻ വന്നത് ഉഷ്ണരാശിക്കാണെന്നാണ് അവാർഡ് പ്രഖ്യാപനത്തിന് ശേഷം സാനുമാസ്റ്റർ എന്നോട് പറഞ്ഞത്. അതിൽ നിന്ന് ആറു പുസ്തകങ്ങൾ സെലക്ട് ചെയ്ത് 20 പേർക്ക് അയച്ചുകൊടുത്ത്, അതിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട മൂന്ന് പുസ്തകങ്ങളിൽ നിന്നാണ് അവാർഡ് കൃതി കണ്ടെത്തുന്നത്.
ഏറ്റവും വലിയ ആത്മാഭിമാനത്തോടെ ഏറ്റുവാങ്ങാവുന്ന അവാർഡാണ് വയലാർ അവാർഡ്. തീർത്തും സുതാര്യമായ അവാർഡ്. ഒരു ഇടപെടലും ഒരു ഭാഗത്തും ഉണ്ടാവുന്നില്ല. വയലാറിന്റെ നാമധേയത്തിലുള്ള അവാർഡെന്നത് വലിയ പ്രത്യേകത.'അഗ്നിസാക്ഷി" മുതൽ മലയാളത്തിലെ ഏറ്റവും മികച്ച കൃതികൾക്കാണ് എന്നും വയലാർ അവാർഡ് കിട്ടിയിട്ടുള്ളതെന്ന്, അവാർഡ് കൃതികൾ പരിശോധിച്ചാൽ വ്യക്തമാവും. ആ ശ്രേണിയിലേക്കാണ് ഉഷ്ണരാശിയും വരുന്നത്. ഒരു ജനകീയ പുരസ്കാരമായാണ് ഞാൻ ഇതിനെ കാണുന്നത്.
? അടുത്ത സാഹിത്യസൃഷ്ടി
എന്റെ ജ്യേഷ്ഠൻ ഗോപിനാഥ് ആദ്യമായി തുടങ്ങിവച്ച ഒരു ഹൊറർ നോവൽ പൂർത്തിയാക്കണം.എഫ്.എ.സി.ടിയിൽ വിജിലൻസ് വിഭാഗത്തിൽ ജോലി ചെയ്തിരുന്ന അദ്ദേഹം 2005 ഡിസംബറിൽ വൈറൽ പനി ബാധിച്ച് മരിച്ചു. ചെറുപ്പത്തിൽ കഥകൾ എഴുതുമായിരുന്നു. ഉണ്ണിഗോപിനാഥ് എന്ന പേരിൽ അദ്ദേഹം എഴുതി തുടങ്ങിയ 'മാഴൂർ തമ്പാൻ രണ്ടാംവരവ് " എന്ന നോവലാണ് പൂർത്തീകരിക്കേണ്ടത്. എന്റെയും കൂടി പ്രേരണയിലാണ് ജ്യേഷ്ഠൻ എഴുത്തു തുടങ്ങിയത്. അടുത്ത ചരമവാർഷിക ദിനത്തിൽ പ്രകാശനം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
? കുടുംബത്തെക്കുറിച്ച്
ഭാര്യ രാജലക്ഷ്മി. ഇന്ത്യൻ എക്സ്പ്രസിന്റെ സീനിയർ കറസ്പോണ്ടന്റായിരുന്നു. രണ്ട് മക്കൾ, ആദ്യത്തെയാൾ ലക്ഷ്മി.കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ മാനേജ്മെന്റിൽ റിസർച്ച് സ്കോളറാണ്. ഭർത്താവ് വിക്രം.ഐ.ബി.എസിൽ സീനിയർ ബിസിനസ് കൺസൽട്ടന്റ്. അവർക്ക് രണ്ട് മക്കൾ. രണ്ടാമത്തെയാൾ ആര്യ. ആർക്കിടെക്റ്രാണ്. ബിരുദാനന്തര ബിരുദത്തിന് തയ്യാറെടുക്കുന്നു.