വർഷങ്ങൾക്ക് മുമ്പ്, സിനിമ സ്വപ്നം കണ്ടുനടന്ന സുന്ദരനായ ഒരു മലയാളി പയ്യൻ അങ്ങ് ഗുജറാത്തിൽ നിന്ന് സംവിധായകൻ ലോഹിതദാസിന് കത്തെഴുതി. ''സർ... സിനിമ എനിക്കൊരുപാട് ഇഷ്ടമാണ്..."" ആ കത്തിലെ വടിവൊത്ത കൈയക്ഷരം ലോഹിതദാസിന് ഇഷ്ടപ്പെട്ടു.
''അങ്ങനെ അഹമ്മദാബാദിൽ നിന്ന് നാല് ദിവസത്തെ ട്രെയിൻ യാത്രയ്ക്കൊടുവിൽ ഉണ്ണി മുകുന്ദൻ എന്ന പയ്യൻ പഴയ ലക്കിടിയിലെത്തി. സ്ഥലങ്ങളൊന്നും പിടിയില്ലാത്തതിനാൽ വിലാസം ചോദിച്ച് ലോഹിതദാസിന്റെ വീട്ടിലേക്ക് ഫോൺ ചെയ്തു.
''നീ ലോഹിതദാസിന്റെ വീടേതാണെന്ന് ഏതെങ്കിലും ഓട്ടോക്കാരനോട് ചോദിച്ചാൽ മതി.""
അദ്ദേഹത്തിന്റെ മറുപടിയിൽ അല്പം നീരസം കലർന്നിരുന്നു. ഈ പുള്ളിയെന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് അദ്ദേഹത്തിന്റെ വലിപ്പമറിയാത്ത ഞാൻ മനസിൽ വിചാരിച്ചു. വീട് ചോദിച്ചപ്പോൾ ഓട്ടോക്കാരന് സന്തോഷം. ഉണ്ണിക്കപ്പോൾ അതിശയം തോന്നി.
നീല പാന്റ്സും വെള്ള ഷർട്ടുമൊക്കെയിട്ട് ചുള്ളനായിട്ടാണ് എന്റെ വരവ്. വീട്ടിലെത്തിയപ്പോൾ ഒരു ചേച്ചി സംഭാരം കൊണ്ടു തന്നു. ചോദിച്ചപ്പോൾ വീണ്ടും കിട്ടി സംഭാരം. അതിനിടയിൽ കാവിമുണ്ടുടുത്ത് ബീഡിയും വലിച്ച് ആ വഴി പോയ ആളെ അത്ര ശ്രദ്ധിച്ചില്ല. അല്പം കഴിഞ്ഞ് പുള്ളി അടുത്തുള്ള ചാരുകസേരയിൽ വന്നിരുന്ന് എന്നെയൊന്ന് നോക്കി: ''ഞാനാണ് ലോഹിതദാസ്. പറയൂ..."" അതുകേട്ട് ഞാനാകെ വണ്ടറടിച്ചു. ലോഹിതദാസ് എന്ന് കേട്ടിട്ടുള്ളതല്ലാതെ അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും കണ്ടിട്ടുണ്ടായിരുന്നില്ല.
കാഴ്ചയിലെ നിഷ് കളങ്കതയും ഉണ്ണി എന്ന പേരുമൊക്കെ സാറിന് ഇഷ്ടമായെന്ന് തോന്നുന്നു. സിനിമയുടെ ഉയരങ്ങളിൽ നിൽക്കുന്നൊരാൾ മാന്യമായി പെരുമാറിയപ്പോൾത്തന്നെ എന്റെ മനസ് നിറഞ്ഞു. ഇന്നും പുതിയൊരാളോട് മര്യാദയില്ലാതെ സംസാരിക്കാൻ എനിക്ക് കഴിയാത്തത് അന്ന് ലോഹിസാർ കാണിച്ച നന്മ കൊണ്ടാണ്. ഉണ്ണിമുകുന്ദൻ ഓർമ്മകളിലൂടെ നടന്നു.
''എന്നാൽ ശരി നമുക്ക് സിനിമ ചെയ്യാം."" എന്ന ഇൻസ്റ്റന്റ് മറുപടി ലോഹിസാറിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. സിനിമ കരിയറാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. ആ മനോഭാവം ലോഹിസാറിന് ഇഷ്ടമായി. നിവേദ്യത്തിൽ നായകനാകാനുള്ള അവസരം തന്നെങ്കിലും ആത്മവിശ്വാസമില്ലായിരുന്നതുകൊണ്ട് ഞാനത് ചെയ്തില്ല. ഒന്നുമറിയാതെ സിനിമയിലേക്ക് എടുത്ത് ചാടണ്ട എന്നായിരുന്നു തീരുമാനം. പക്ഷേ, വൈകാതെ ലോഹിസാർ നമ്മെ വിട്ട് പോയി. ഞാൻ, ഇനി എന്ത് എന്ന കൺഫ്യൂഷനിലുമായി. അപ്പോഴേക്കും തമിഴിൽ നിന്ന് ആദ്യ അവസരം ലഭിച്ചു. അതുകഴിഞ്ഞ് പ്രമോദ് പപ്പൻ സാർ 'ബാങ്കോക്ക് സമ്മർ" എന്ന സിനിമയിൽ വില്ലനാകാൻ വിളിച്ചു. അത് കഴിഞ്ഞപ്പോഴേക്കും ദിലീപ് പണിക്കർ എന്ന അസോസിയേറ്റ് ഡയറക്ടർ എന്നെ ബാബുചേട്ടന് (ബാബു ജനാർദ്ദനൻ) പരിചയപ്പെടുത്തി. ബോംബെ മാർച്ച് 12ന്റെ പ്ളാനിംഗിലായിരുന്നു അപ്പോൾ ബാബുചേട്ടൻ. അദ്ദേഹം പറഞ്ഞതനുസരിച്ച് പോണ്ടിച്ചേരിയിൽ ഡബിൾസിന്റെ സെറ്റിൽ പോയി മമ്മൂക്കയെ കണ്ടു. പിന്നീട് നടന്നതെല്ലാം നിങ്ങൾക്കറിയാം.
മലയാളികൾ എന്നെ മാറ്റി നിറുത്തില്ലെന്ന വിശ്വാസത്തിലാണ് കേരളത്തിലെത്തിയത്. പക്ഷേ ഗുജറാത്തിൽ നിന്ന് വന്നതാണെന്ന പഴി കേൾക്കേണ്ടി വന്നു. ഗുജറാത്തിൽ നിന്നല്ലേ, അമേരിക്കയിൽ നിന്നൊന്നുമല്ലല്ലോ വന്നത്? ഗുജറാത്തിനെ കുറിച്ച് കേരളത്തിൽ മോശം അഭിപ്രായമുണ്ടെന്ന് തോന്നുന്നു. അതൊന്നും പ്രേക്ഷകർ മുഖവിലയ്ക്കെടുത്തില്ല. എന്റെ പേര് കൊണ്ടായിരിക്കാം അല്ലെങ്കിൽ മുഖത്തിന്റെ പ്രത്യേകതയായിരിക്കാം സ്വന്തം വീട്ടിലെ ഒരാളായാണ് അവർ സ്വീകരിച്ചത്.
അച്ഛനമ്മമാരോട് എല്ലാം തുറന്ന് പറയുന്നയാളാണ് ഞാൻ. എന്നോട് ആദ്യമായി ഐ ലവ് യൂ എന്ന് പറഞ്ഞ പെൺകുട്ടിയെ കുറിച്ച് അമ്മയോട് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് കൂടുതലൊന്നും വിശദീകരിക്കേണ്ടി വന്നില്ല. അച്ഛനെ അന്ന് സുഹൃത്തിന്റെ സ്ഥാനത്ത് കാണാൻ പറ്റി. അച്ഛൻ അനുഭവിച്ചത്ര കഷ്ടപ്പാടുകളൊന്നും എനിക്കുണ്ടായിട്ടില്ല. മുപ്പത്തിയഞ്ചാം വയസിൽ കട ബാദ്ധ്യതമൂലം അച്ഛന് നാടു വിടേണ്ടിവന്നു. മറ്റൊരു നാട്ടിൽ ചെന്ന് അച്ഛനും അമ്മയും അവിടുത്തെ ഭാഷ പഠിച്ചു. എന്നെ ഇരുപത്തിരണ്ട് വയസ് വരെ പോറ്റി. ഇന്ന് നല്ലൊരു മകനാണെങ്കിലും ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ അവരെ സന്തോഷിപ്പിക്കാൻ കഴിഞ്ഞിട്ടില്ല.
പണ്ടത്തെപ്പോലെയല്ല. സെലിബ്രിറ്റീസ് വളരെ വിസിബിളാണ്. പണ്ട് ഒരാളോട് ദേഷ്യം പ്രകടിപ്പിക്കണമെങ്കിൽ അയാളെ നേരിട്ട് കാണണം. ഇപ്പോൾ ഫോൺ വിളിക്കാം, ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യാം. എന്തെല്ലാം സൗകര്യങ്ങളാണ്. ഓൺലൈൻ ആക്രമണങ്ങൾക്കെതിരെ മാനസികമായി തയ്യാറാകുകയേ നിവൃത്തിയുള്ളൂ.
സിനിമയിൽ എത്തിപ്പെടാൻ മോഹിച്ച് അത് നടക്കാതെ പോയവരാണ് സിനിമയെയും സിനിമാ പ്രവർത്തകരെയും ദുഷിച്ച് പറയുന്നവരിലേറെയും. ഒരു കുമിളയിലാണ് നിൽക്കുന്നതെന്നും അത് എപ്പോൾ വേണമെങ്കിലും പൊട്ടാമെന്നും ചിന്തയുള്ളതുകൊണ്ട് ലൈം ലൈറ്റിൽ നിൽക്കുന്ന ആളുകൾക്ക് വിചിത്രമായ മാനസികാവസ്ഥയായിരിക്കും. അതുകൊണ്ടാണ് പെട്ടെന്ന് അവരുടെ മൂഡ് മാറുന്നത്. സെലിബ്രിറ്റിയാകുമ്പോൾ സാധാരണ ജീവിതത്തിലെ പലതും നഷ്ടമാകും. കൂട്ടുകാർ എത്രയോ കാലമായി എന്നെ ക്രിക്കറ്റ് കളിക്കാൻ വിളിക്കുന്നു. പക്ഷേ, പോകാൻ പറ്റുന്നില്ല. അതാണ് നമ്മൾ കൊടുക്കേണ്ടിവരുന്ന വില.
സെലിബ്രിറ്റി ആയതിന്റെ നേട്ടങ്ങളും ഒരുപാടുണ്ട്. വെറും പ്ളസ് ടു പാസായ ഞാനോടിക്കുന്ന കാറുകൾ ലാൻഡ് റോവും ജീപ്പ് കോമ്പസുമൊക്കെയാണ്. ചിലത് നേടുമ്പോൾ ചിലത് നഷ്ടമാകും. എന്റെ ജോലി അഭിനയമാണ്. അതനുസരിച്ച് എന്റെ ജീവിതം മാറില്ല. ചിലർക്ക് നാലുപേർക്കൊപ്പം നിന്ന് ഫോട്ടോയെടുത്താൽ മതി. ഒരു ഫോട്ടോഗ്രാഫർ അയാളുടെ ജോലി ചെയ്യുകയാണ്. ആ സ്ഥാനത്ത് ആര് വന്നാലും അയാൾ ഫോട്ടോയെടുക്കും. വേദി അങ്ങനെ തന്നെ നിൽക്കും. ആളുകൾ മാത്രം മാറും. മറ്റുള്ളവർ നമ്മളെ കുറ്റം പറയുമ്പോഴാണ് ജീവിതം എന്താണെന്ന് തിരിച്ചറിയുന്നത്. ഇന്നലെ ഞാൻ എങ്ങനെയായിരുന്നോ അതിനേക്കാൾ നല്ലതാവണം ഇന്ന്. നാളെ അതിനേക്കാൾ നല്ലത്.