chandy-venugopal

തിരുവനന്തപുരം : തന്നെ പീഡിപ്പിച്ചെന്ന സരിതാ എസ്. നായരുടെ പരാതിയിൽ കോൺഗ്രസ് നേതാക്കളായ ഉമ്മൻചാണ്ടി‌യ്‌ക്കും കെ.സി. വേണുഗോപാലിനുമെതിരെ ക്രൈംബ്രാഞ്ച് എടുത്ത കേസ് അന്വേഷിക്കാൻ പുതിയ സംഘത്തെ നിയോഗിച്ചു. ക്രൈംബ്രാഞ്ച് എസ്.പി അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. പ്രകൃതിവിരുദ്ധ പീഡനമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇരുവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. രണ്ടാഴ്‌ച മുമ്പാണ് അന്വേഷണ തലവൻ എ.ഡി.ജി.പി അനിൽ കാന്തിന് സരിത പരാതി നൽകിയത്.

ഉമ്മൻചാണ്ടിയും മുൻ മന്ത്രിമാരുമുൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ സരിത പിണറായി വിജയന് നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് പ്രത്യേക സംഘം അന്വേഷണം രൂപീകരിച്ച് സരിതയുടെ മൊഴിയുമെടുത്തു. എന്നാൽ ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാത്സംഗ കേസെടുക്കാനാകില്ലെന്ന പ്രത്യേക സംഘ തലവനായിരുന്ന മുൻ ഡി.ജി.പി രാജേഷ് ധവാനും അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപ്പും നിലപാടെടുത്തു. ഇതോയെയാണ് ആരോപണവിധേയർക്കെതിരെ കേസെടുക്കാനുള്ള നീക്കം വഴി മുട്ടിയത്.

എന്നാൽ പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ തടസമില്ല് പൊലീസിന് പുതിയ നിയമോപദേശം ലഭിച്ചു. ഇതിന് പിന്നാലെയാണ് സരിത രണ്ട് പരാതികൾ നൽകിയത്. നേരത്തെ പരാതിയിൽ പറഞ്ഞിരുന്ന ആര്യാടൻ മുഹമ്മദ്, എ.പി. അനിൽ കുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം നസറുള്ള, കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യം, ബഷീർ അലി തങ്ങൾ എന്നിവർക്കെതിരെ പ്രത്യേകം പരാതി വൈകാതെ നൽകുമെന്നാണ് വിവരം.