തെങ്ങിൻതോട്ടങ്ങളിലും കവുങ്ങിൻതോട്ടങ്ങളിലുമാണ് കൊക്കോ സാധാരണയായി കൃഷിചെയ്യുന്നത്. കൊക്കോ നടാൻ കൂടുതൽ സൂര്യ പ്രകാശം ലഭ്യമാകുന്ന തോട്ടങ്ങൾ വേണം തിരഞ്ഞെടുക്കാൻ. വിത്തുകൾ മുളപ്പിച്ചോ ഒട്ടുതൈകളോ ആണ് പൊതുവേ നടാനായി ഉപയോഗിക്കുന്നത്. മറ്റു കൃഷികളുടെ ഇടയിൽ അല്ലാതെ, കൊക്കോ മാത്രം നടുന്ന രീതിയാണ് ഉദ്ദേശിക്കുന്നതെങ്കിൽ ചെടികൾ തമ്മിൽ പത്തടിയും രണ്ടു ലൈനുകൾ തമ്മിൽ പത്തടിയും ആയിട്ട് നട്ടാൽ ഒരേക്കറിൽ നാനൂറു ചെടികൾ വരെ നടാവുന്നതാണ്.
ഗുണനിലവാരമുള്ള മാതൃവൃക്ഷങ്ങളിൽ നിന്നും ഒട്ടുകമ്പ് ശേഖരിച്ച് ഉടനേ ബഡിംഗ് തുടങ്ങാമെങ്കിലും മുൻകൂർ തയ്യാറാക്കിയ മുകുളങ്ങൾ ഉപയോഗിച്ചുള്ള ബഡിംഗാണ് വിജയം കൂടുതൽ തരുന്നത്. ഇങ്ങനെ ശേഖരിക്കുന്ന ഒട്ടുകമ്പിന്റെ അടിഭാഗം തവിട്ട് നിറത്തിലുള്ളതും അഗ്രഭാഗം പച്ചനിറവും ആയിരിക്കണം. ഇപ്രകാരം തിരഞ്ഞെടുക്കുന്ന ശിഖരങ്ങളിൽ അഗ്രഭാഗത്തു നിന്നും 30 സെന്റീ മീറ്റർ വരെയുള്ള ഭാഗത്തെ ഇലകൾ ഉതിർഞ്ഞെടുത്ത് അവയുടെ ഞെട്ടുകൾ നിർത്തി ഇല നീക്കം ചെയ്യുന്നു. ഏകദേശം ഇല ഞെട്ട് 10 ദിവസത്തോടെ ഉണങ്ങി കൊഴിഞ്ഞ് പോകും. ഞെട്ടുകൾ കൊഴിഞ്ഞ സ്ഥലങ്ങളിലുള്ള മുകുളങ്ങൾ വളരാൻ തയ്യാറാകുന്നു. ഇങ്ങനെയുള്ള മുകുളങ്ങളാണ് ബഡിംഗിന് ഉപയോഗിക്കുന്നത്. നവംബർ, ഫെബ്രുവരി മാസങ്ങളാണ് ബഡിംഗിന് ഏറ്റവും അനുയോജ്യമായ സമയം.
ഫലഭൂയിഷ്ഠി കുറഞ്ഞ ചരൽ നിറഞ്ഞ ചെങ്കൽ പ്രദേശങ്ങളിൽ നല്ല വലിപ്പത്തിൽ കുഴികളെടുക്കണം. അതിന് ശേഷം ഈ കുഴികളിൽ മേൽമണ്ണും, ജൈവാംശങ്ങളും നിറയ്ക്കണം. വേനൽ മഴ ലഭിക്കുന്ന മേയ്, ജൂൺ മാസങ്ങളാണ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സമയം. കൊക്കോയുടെ പോഷക ആഗിരണവേരുകൾ മൺനിരപ്പിൽ ഒതുങ്ങി നിൽക്കുന്നതുകൊണ്ട്, അധികം ആഴത്തിലല്ലാതെ വേണം തൈകൾ നടാൻ. നടേണ്ടത് ഒട്ടിച്ച ഭാഗം മണ്ണിനു മുകളിലായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
തൈ നട്ടതിനുശേഷം ജൈവ വസ്തുക്കൾ കൊണ്ട് തടങ്ങളിൽ പുതയിടണം. ഒട്ടിച്ച ഭാഗത്തിനു താഴെനിന്നും വരുന്ന ശാഖകൾ നീക്കം ചെയ്യേണ്ടത് സയോൺ കമ്പിന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണ്. മുറിച്ച വാഴപ്പോള, ചകിരി, ചകിരിച്ചോർ എന്നിവ പുതയിടാനായി ഉപയോഗിക്കാം. ആദ്യത്തെ 3 4 വർഷമെങ്കിലും തോട്ടം കളവിമുക്തമായിരിക്കണം. കൊക്കോമരം തഴച്ചു വളർന്നാൽ തണലിന്റെ ആധിക്യം മൂലം കായ്കളുടെ വളർച്ച കുറയും. താരതമ്യേന രോഗകീടബാധകൾ കുറവാണെന്നതും കൂടുതൽ കാലം വിളവ് ലഭിക്കും എന്നതും കൊക്കോ കൃഷിയ്ക്ക് എടുത്തുപറയാവുന്ന നേട്ടങ്ങളാണ്.