barcelona

ബാഴ്സലോണ : സെവിയ്യക്കെതിരെയുള്ള ലാലിഗ പോരാട്ടത്തിൽ ബാഴ്സലോണയ്ക്ക് ജയം. ബാഴ്സയുടെ തട്ടകമായ ക്യാംപ് ന്യുവിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബാഴ്സലോണ ജയിച്ചത്. ജയത്തോടെ ലീഗിൽ ബാഴ്സ ഒന്നാമതായി. ബാഴ്സയ്ക്കായി കൂട്ടിന്യോ,​ മെസി,​ സുവാരെസ്,​ റാകിറ്റിച്ച് എന്നിവരാണ് ഗോളുകൾ നേടിയത്. സെവിയ്യ നേടിയ രണ്ട് ഗോളുകളിൽ ആദ്യത്തേത് ബാഴ്സയുടെ സെൽഫ് ഗോളായിരുന്നു. രണ്ടാമത്തെ ഗോൾ ലൂയിസ് മൂരിയലിന്റെ വകയായിരുന്നു.

ജയിച്ചുവെങ്കിലും ക്യാപ്റ്റനും സൂപ്പർ താരവുമായ മെസിക്ക് പരിക്കേറ്റത് ബാഴ്സലോണയ്ക്ക് തിരിച്ചടിയായി. കളിയുടെ പതിനാറാം മിനിറ്റിലാണ് മെസിക്ക് പരിക്കേറ്റത്. പതിനാറ് മിനിറ്റ് മാത്രമേ കളത്തിലുണ്ടായിരുന്നുവെങ്കിലും ഒരു ഗോളും ഒരു അസിസ്റ്റും നേടാൻ മെസിക്കായി. കൈയ്ക്ക് പരിക്കേറ്റ മെസിക്ക് മൂന്നാഴ്ചയോളം പുറത്തിരിക്കേണ്ടി വരുമെന്ന് ക്ലബ്ബ് അറിയിച്ചു. ഇതോടെ ഇന്റർമിലാൻ,​ റയൽ മഡ്രിഡ് തുടങ്ങിയ ടീമുകൾക്കെതിരായ നിർണായക മത്സരങ്ങൾ മെസിക്ക് നഷ്ടമാകും.

ലീഗിലെ മറ്റൊരു മത്സരത്തിൽ അറ്റ്‌ലെറ്റികോ മാഡ്രിഡും വിയ്യാറയലും സമനിലയിൽ പിരിഞ്ഞു. ലീഗിൽ 18 പോയിന്റോടെ ബാഴ്സ ഒന്നാമതും 17 പോയിന്റുമായി അലാവസ് രണ്ടാം സ്ഥാനത്തുമാണ്. 16 പോയിന്റ് വീതമുള്ള സെവിയ്യയും അറ്റ്‌ലറ്റികോയും മൂന്നും നാലും സ്ഥാനത്താണ്. നേരത്തേ ലെവാന്റയ്ക്ക് എതിരെയുള്ള മത്സരത്തിൽ തോറ്റ റയൽ മാഡ്രിഡ് അഞ്ചാം സ്ഥാനത്തേക്ക് വീണു.