lohithadas-sindhu


തിരുവനന്തപുരം: മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ 'കിരീടം' എന്ന ബോക്‌സോഫീസ് ഹിറ്റ് ചിത്രത്തിന്റെ 125ആം ദിനാഘോഷവേളയിൽ ലോഹിതദാസിന് അവഗണനയുടെ കയ്‌പുനീർ കുടിക്കേണ്ടി വന്നുവെന്ന് ഭാര്യ സിന്ധുലോഹിതദാസിന്റെ വെളിപ്പെടുത്തൽ. കൗമുദി ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്‌ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലാണ് സിന്ധു ശ്രദ്ധേയമായ വെളിപ്പെടുത്തലുകൾ നടത്തിയത്.

ആഘോഷവേളയിൽ സംവിധായകനും നായകനും നായികയ്ക്കുമടക്കം പ്രധാനപ്പെട്ട അഞ്ച് പേർക്ക് കിരീടം ഉപഹാരമായി നൽകിയപ്പോൾ മറ്റുള്ളവർക്കെല്ലാം നൽകിയ ഷീൽഡാണ് ലോഹിക്ക് ലഭിച്ചത്. സംവിധായകനായ സിബി മലയിൽ ഇക്കാര്യം ശ്രദ്ധിക്കേണ്ടതായിരുന്നില്ലേയെന്ന ചോദ്യത്തിന് അദ്ദേഹം തിരക്കുള്ള ആളല്ലേയെന്നായിരുന്നു മറുപടി. കിരീടം എന്ന സിനിമയുടെ നട്ടെല്ലായിരുന്നു ആ തിരക്കഥ. എന്നാൽ കഥയും തിരക്കഥയും സംഭാഷണവും ആ സിനിമയിൽ പ്രധാനമായിരുന്നില്ലെന്ന് ലോഹിതദാസിന് ഷീൽഡ് നൽകിയവർ കരുതിയിരിക്കാമെന്നും സിന്ധു പരിഹസിച്ചു.

തനിയാവർത്തനം,എഴുതാപ്പുറങ്ങൾ,വിചാരണ എന്നീ ചിത്രങ്ങൾക്ക് കഥയും തിരക്കഥയും സംഭാഷണവുമൊരുക്കിയെങ്കിലും ആ ചിത്രങ്ങളുടെയൊന്നും പോസ്റ്ററിൽ ലോഹിതദാസിന്റെ പേരില്ലായിരുന്നു. കാറിൽ സഞ്ചരിക്കുമ്പോൾ പോസ്റ്ററിൽ തന്റെ പേര് കാണുന്നില്ലല്ലോയെന്ന് ലോഹി പറഞ്ഞിട്ടുണ്ട്. ഒരു പക്ഷേ താൻ ജീവാർപ്പണം നടത്തുന്ന തിരക്കഥകളുടെ പേര് തന്റെയൊപ്പം നിൽക്കാനും അവയുടെ ആത്മാവ് നഷ്ടമാകാതിരിക്കാൻ കൂടിയുമാകാം ലോഹി സംവിധാനത്തിലേക്ക് തിരിഞ്ഞതെന്നും സിന്ധു പറഞ്ഞു. സിബി മലയിലുമായി തൊഴിൽപരമായ ബന്ധമല്ലാതെ ലോഹിക്ക് ആഴത്തിലുള്ള സൗഹൃദമുണ്ടായിരുന്നില്ലെന്ന സൂചനയും അഭിമുഖത്തിൽ സിന്ധു നൽകുന്നുണ്ട്.