women

പമ്പ: വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാഗമായി ശബരിമലയിലും ദർശനം നടത്താമെന്ന ധാരണയിൽ പമ്പയിലെത്തിയ തെലങ്കാന സ്വദേശിനികളായ രണ്ട് സ്ത്രീകളെ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് തിരിച്ചയച്ചു. ഗുണ്ടൂർ സ്വദേശികളായ വാസന്തി (45)​,​ ആദിശേഷിപ്പ് (42)​ എന്നിവരാണ് ഭക്തരുടെ പ്രതിഷേധച്ചൂടിന് ഇരയായത്. ഇവർക്കൊപ്പം ഒരു പുരുഷനും ഉണ്ടായിരുന്നു.

ഇന്ന് രാവിലെ 10 മണിയോടെയാണ് മൂവരും ശബരിമലയിലേക്ക് പോകാനായി പമ്പയിലെത്തിയത്. ഇരുമുടിക്കെട്ടൊന്നും ഇല്ലാതെ പമ്പയിലെത്തിയ ഇവർക്കു നേരെ ഭക്തർ ശരണംവിളികളുമായി പ്രതിഷേധിച്ചു. പ്രതിഷേധം അവഗണിച്ച് 50 മീറ്ററോളം മൂവരും മുന്നോട്ട് പോയി. പ്രതിഷേധം ശക്തമായതോടെ ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തി സ്ത്രീകളെ ഗാർഡ് റൂമിലേക്ക് കൂട്ടിക്കൊണ്ടുപോയി. പരിശോധനയിൽ ക്ഷേത്രങ്ങളിലെ തീർത്ഥയാത്രയ്ക്കായി എത്തിയതാണെന്നും ശബരിമലയിലെ ആചാരങ്ങളെ കുറിച്ചോ പ്രതിഷേധങ്ങളെ കുറിച്ചോ അറിവില്ലായിരുന്നുവെന്ന് അവർ പറഞ്ഞു. തെലുങ്കിലായിരുന്നു സംസാരം. തെലുങ്കറിയാവുന്ന പൊലീസുകാരാണ് ഇവരോട് ആശയവിനിമയം നടത്തിയത്.

എല്ലാ വർഷവും കുടുംബാംഗങ്ങൾക്കൊപ്പം പമ്പയിൽ വരാറുണ്ടെന്നും പുരുഷൻമാർ മല കയറുമ്പോൾ കാത്തിരിക്കാറാണ് പതിവെന്നും സ്ത്രീകൾ പറഞ്ഞു. ഇന്ന് പമ്പയിൽ എത്തിയപ്പോൾ ആരും തടയാത്തതിനെ തുടർന്നാണ് മല കയറാൻ തീരുമാനിച്ചതെന്നും അവർ പൊലീസിനോട് വ്യക്തമാക്കി. ശബരിമലയിൽ ദർശനത്തിന് പോകണോ എന്ന് പൊലീസ് ഇവരോട് ചോദിച്ചു. ആവശ്യമെങ്കിൽ സുരക്ഷയോടെ മല കയറ്റാമെന്നും എന്നാൽ എതിർപ്പുണ്ടാകുമെന്നും പൊലീസ് ഇവരെ അറിയിച്ചു. എന്നാൽ പ്രതിഷേധങ്ങളുടെ സാഹചര്യത്തിൽ മല കയറണമെന്നില്ല എന്ന് അവർ പറഞ്ഞു. ഇതോടെ പൊലീസിന്റെ വാഹനത്തിൽ നിലയ്ക്കലിലേക്ക് സ്ത്രീകളെ കൊണ്ടുപോയി.