sabarimala

1. സ്ത്രീ പ്രവേശനത്തിന് എതിരെ പ്രതിഷേധം ശക്തമാകുമ്പോൾ ശബരിമല സംസ്ഥാന വിഷയം ആണെന്ന് നിലപാടുമായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻ പിള്ള. ശബരിമലയിൽ ഇടപെടാൻ കേന്ദ്രത്തിന് പരിമിതിയുണ്ട്. ഇടപെടാൻ കേന്ദ്രം തയ്യാറാണ്, എന്നാൽ സംസ്ഥാനം ആവശ്യപ്പെടണം. അതിനായി നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണം എന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്. മുഖ്യമന്ത്രി മടങ്ങി എത്തിയാൽ ഉടൻ നിയമസഭാ സമ്മേളനം വിളിക്കണം എന്നും ആവശ്യം.


2. അതിനിടെ, സന്നിധാനത്തേക്ക് പോകണം എന്ന ആവശ്യവുമായി രണ്ട് യുവതികൾ ഇന്ന് കാനനപാതയിൽ എത്തി. അയ്യപ്പ ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ ഇവർ മടങ്ങി. പ്രതിഷേധം അറിയാതെയാണ് എത്തിയതെന്ന് യുവതികളുടെ പ്രതികരണം. അതേസമയം, സ്ത്രീപ്രവേശന വിഷയത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ സന്നിധാനത്ത് സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നത് പൊലീസിന് വെല്ലുവിളി ആകുന്നു. ശബരിമലയിൽ പൊലീസിന് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും എന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്ര.


3. ഉന്നത ഉദ്യോഗസ്ഥരാണ് ശബരിമലയിൽ സ്ഥിതി ഗതികൾ നിയന്ത്രിക്കുന്നത്. ശബരിമല നട അടച്ച ശേഷം പൊലീസ് നടപടികൾ വിലയിരുത്തും. മണ്ഡല കാലം പൊലീസ് വെല്ലുവിളി എന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്ര. സുപ്രീംകോടതി വിധി വന്ന ശേഷം നട തുറന്ന ദിവസങ്ങളിൽ സന്നിധാനത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച സ്ത്രീകൾ ഭക്തരല്ല എന്ന നിഗമനത്തിലാണ് പൊലീസ്. നാളെ അടയ്ക്കാൻ ഇരിക്കുന്ന സാഹചര്യത്തിൽ പൊലീസ് സ്വീകരിക്കുന്നത് അനുനയം. യുവതികളെ അനുനയിപ്പിച്ച് കാര്യം ബോധ്യപ്പെടുത്തി തിരിച്ചയയ്ക്കാൻ ആകും പൊലീസ് ശ്രമിക്കുക.


4. ചെറിയ ഇടവേളയ്ക്ക് ശേഷം സോളാർ കേസ് വീണ്ടും സജീവമാകുന്നു. സരിത എസ് നായർ നടത്തിയ ലൈംഗിക ആരോപണം അന്വേഷിക്കാൻ പുതിയ സംഘം. എ.സി.പി അബ്ദുൾ കരിം സംഘത്തലവൻ. ഉമ്മൻചാണ്ടിക്കും കെ.സി. വേണുഗോപാലിനും പുറമെ കൂടുതൽ യു.ഡി.എഫ് നേതാക്കൾക്ക് എതിരെ കേസെടുക്കും എന്ന് സൂചന. സരിത നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉമ്മൻചാണ്ടിക്ക് എതിരെ പ്രകൃതിവിരുദ്ധ പീഡനത്തിനും കെ.സി വേണുഗോപാലിന് എതിനെ മാനഭംഗത്തിനും ആണ് കേസ്.


5. സരിത പരാതി നൽകിയത് സോളാർ കമ്മിഷന്റെ ശുപാർശകൾക്ക് പിന്നാലെ. എന്നാൽ ഒരു പരാതിയിൽ നിരവധി പേർക്ക് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് അന്വേഷണ സംഘം നേരത്തെ നിലപാട് എടുത്തിരുന്നു. അതേതുടർന്നാണ് സരിത യു.ഡി.എഫ് നേതാക്കൾക്ക് എതിരെ പ്രത്യേകം പരാതി നൽകിയത്. ആദ്യം നൽകിയ പരാതിയിൽ മുൻമന്ത്രിമാരായ എ.പി അനിൽകുമാർ, അടൂർ പ്രകാശ് എന്നിവർക്ക് എതിരെയും ആരോപണം ഉണ്ടായിരുന്നു. എന്നാൽ തനിക്ക് എതിരെ കേസ് എടുത്തത്, ശബരിമല വിഷയത്തിൽ ശ്രദ്ധ തിരിക്കാനുള്ള ശ്രമം എന്ന് ഉമ്മൻചാണ്ടിയുടെ പ്രതികരണം.


6. മുസ്ലീംലീഗ് നേതാവ് പി.ബി അബ്ദുൾ റസാഖിന്റെ നിര്യാണത്തോടെ മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ചർച്ചകൾ സജീവം. മുന്നണികൾ ഉറ്റുനോക്കുന്നത്, സംസ്ഥാന സർക്കാരിന് രണ്ട് വർഷം കാലാവധി ഉള്ള സാഹചര്യത്തിൽ 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിന് ഒപ്പം മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുമോ എന്ന്. കഴിഞ്ഞ തവണ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ മുസ്ലീംലീഗ് ജയിച്ച മണ്ഡലത്തിൽ ബി.ജെ.പി രണ്ടാംസ്ഥാനത്ത് എത്തിയിരുന്നു.


7. പുതിയ സാഹചര്യത്തിൽ മഞ്ചേശ്വരം പിടിച്ചെടുക്കാം എന്ന പ്രതീക്ഷയിൽ ബി.ജെ.പി നേതൃത്വം. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായ എൽ.ഡി.എഫിന് ഇത്തവണ അഭിമാനപ്പോരാട്ടമാണ്. പി.ബി. അബ്ദുൾ റസാഖിനെ പോലെ ജനസമ്മതനായ നേതാവിനെ തന്നെ മത്സര രംഗത്ത് ഇറക്കി മണ്ഡലം നിലനിറുത്താം എന്ന പ്രതീക്ഷയിലാണ് മുസ്ലീംലീഗും യു.ഡി.എഫും.


8. അമൃത്സറിലെ ട്രെയിൻ ദുരന്തം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ആരോപണ വിധേയർക്ക് എതിരെ നടപടി എടുക്കാതെ അധികൃതർ. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് അജ്ഞാതർക്ക് എതിരെ. ആരോപണ വിധേയരായ പരിപാടിയുടെ സംഘാടകർ, പ്രാദേശിക കൗൺസിലർ എന്നിവർ ഒളിവിൽ. അന്വേഷണം പുരോഗമിക്കുക ആണെന്നും കുറ്റക്കാർക്ക് എതിരെ നടപടി ഉണ്ടാകും എന്നും പൊലീസ് വിശദീകരണം.


9. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ കഴിയില്ലെന്ന് ഇന്ത്യൻ റെയിൽവേ ഇന്നലെ അറിയിച്ചിരുന്നു. ചടങ്ങ് സംഘടിപ്പിക്കുന്നത് സംബന്ധിച്ച് സംഘാടകർ അറിയിപ്പ് നൽകിയില്ലെന്നും റെയിൽവേയുടെ വിശദീകരണം. ദസറ ആഘോഷത്തിനായി ജനങ്ങൾ എത്തും എന്ന് അറിഞ്ഞിട്ടും അധികൃതർ മുന്നറിയിപ്പോ സുരക്ഷയോ ഒരുക്കിയില്ല എന്ന് വിമർശനം. അമൃത്സറിന് സമീപം റെയിൽവേ ട്രാക്കിൽ ദസറ ആഘോഷത്തിനിടെ ട്രെയിൻ ഇടിച്ച് മരിച്ചത് 61 പേർ.


10. ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും സമനിലക്കുരുക്ക്. ജയിച്ചാൽ പോയിന്റ് പട്ടികയിൽ ഒന്നാമത് എത്താമായിരുന്ന ബ്ലാസ്റ്റേഴ്‌സിനെ 11 ന് പിടിച്ചുകെട്ടിയത് ഡൽഹി ഡൈനാമോസ്. കൊച്ചിയിൽ രണ്ടാം മത്സരത്തിന് ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സാണ് ആദ്യം ഗോൾ നേടിയത്. മലയാളി താരം സി.കെ. വിനീതിന്റെ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിൽ എത്തിയെങ്കിലും 85ാം മിനിട്ടിൽ ഡൽഹി തിരിച്ചടിക്കുക ആയിരുന്നു. കഴിഞ്ഞ മത്സരത്തിലും കേരള ടീമിന് സമനില ആയിരുന്നു ഫലം.