sreedharan-pillai

തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിയ്ക്കുന്ന സുപ്രീംകോടതി വിധിയ്‌ക്കെതിരെ നിയമസഭാ സമ്മേളനം വിളിച്ച് പ്രമേയം പാസാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ശബരിമല വിഷയം കേരളത്തിന്റെ ആഭ്യന്തര കാര്യമാണ്. അതിൽ കേന്ദ്രത്തിന് ഇടപെടുന്നതിന് പരിമിതികളുണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

ആഭ്യന്തര തീർത്ഥാടനം സംസ്ഥാനത്തിന്റെ വിഷയമാണ്. അപ്പോൾ കോടതി വിധിക്കെതിരെ നിയമനിർമ്മാണം നടത്തേണ്ടത് കേരളമാണ്. നിയമനിർമാണത്തിന് ഭരണകക്ഷിയും പ്രതിപക്ഷവും മുൻകൈയെടുക്കണം. സംസ്ഥാനം പ്രമേയം പാസാക്കിയാൽ കേന്ദ്രത്തിന് ഇടപെടാനാകും. മുഖ്യമന്ത്രി ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്താൽ ബി.ജെ.പിയും പിന്തുണയ്ക്കും. ഭരണഘടനയുടെ 252ആം അനുച്ഛേദപ്രകാരം സംസ്ഥാനത്തിന്റെ ആഭ്യന്തര വിഷയത്തിൽ കേന്ദ്രസർക്കാരിന് ഇടപെടാൻ ചില നടപടിക്രമങ്ങളുണ്ടെന്നും ശ്രീധരൻ പിള്ള പറഞ്ഞു. ബി.ജെ.പിയുടെ ഏക എം.എൽ.എയായ ഒ.രാജഗോപാൽ ഈ ആവശ്യം സ്‌പീക്കറോടും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനോടും രേഖാമൂലം ഉന്നയിച്ചിട്ടുണ്ട്. ശബരിമലയിലേത് ഗുരുതര പ്രശ്നമാണെന്ന് എൽ.ഡി.എഫും യു.ഡി.എഫും സമ്മതിച്ചതാണ്.' മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്ത് നിന്ന് തിരികെയെത്തിയാൽ ഉടൻ സമവായശ്രമം തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിധിക്കെതിരായ പ്രത്യക്ഷ സമരത്തിൽ നിന്ന് പിന്മാറിയ കോൺഗ്രസിന്റെ നടപടിയെ ആണും പെണ്ണും കെട്ട സമീപനമെന്നാണ് ശ്രീധരൻ പിള്ള വിശേഷിപ്പിച്ചത്.