kashmir

ശ്രീനഗർ : ജമ്മുകാശ്‌മീരിൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. ദക്ഷിണ കാശ‌്‌മീരിലെ കുൽഗാം ജില്ലയിൽ ഇന്ന് രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. ലാറോ പ്രദേശത്തെ ഒരു വീട്ടിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം തിരച്ചിൽ നടത്തുന്നതിനിടെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.തുടർന്ന് രൂക്ഷമായ ഏറ്റുമുട്ടൽ നടന്നു. കൊല്ലപ്പെട്ട തീവ്രവാദികൾ പാകിസ്ഥാനിൽ നിന്നുള്ളവരാണെന്ന് കരുതുന്നു. കൂടുതൽ തീവ്രവാദികൾ ഒളിച്ചിരിപ്പുണ്ടോയെന്ന് സൈന്യം തിരച്ചിൽ നടത്തിവരികയാണ്.

രണ്ട് ദിവസങ്ങൾക്ക് മുൻപ് ഉത്തര കാശ്‌മീരിലെ ബാരാമുള്ള ജില്ലയിൽ പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഇവരിൽ നിന്ന് രണ്ട് എകെ-47 തോക്കുകൾ,​ മൂന്ന് ഗ്രനേഡുകൾ,​ രണ്ട് ചൈനീസ് തോക്കുകൾ എന്നിവയും കണ്ടെടുത്തിരുന്നു.