train

അമൃത്‌സർ : 61 പേരുടെ ജീവനെടുത്ത അമൃത്‌സർ ട്രെയിൻ അപകടത്തിനിടയാക്കിയ ദസറ ആഘോഷത്തിന്റെ സംഘാടകർ ഒളിവിൽ പോയി. സ്ഥലം കൗൺസിലർ വിജയ് മദനും മകൻ സൗരഭ് മദൻ മിത്തുവുമാണ് ഒളിവിൽ പോയത്. ഇവരുടെ വീടിനു നേരെ ഇന്നലെ ആക്രമണം നടന്നിരുന്നു.

ട്രെയിൻ അപകടത്തെ തുടർന്ന് റെയിൽവേ പൊലീസ് അജ്ഞാതരായ വ്യക്തികൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 304,​ 304 എ,​ 338 വകുപ്പുകൾ പ്രകാരമാണ് കേസ്. അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് കേസിൽ കൂടുതൽ പ്രതികളുണ്ടാകുമെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. ട്രെയിൻ ഡ്രൈവർ കേസിൽ പ്രതിയല്ല.

ദസറ ആഘോഷങ്ങൾ നടത്താനായി പൊലീസിന്റെ അനുമതി നേടിയെങ്കിലും നഗരസഭയുടെ അനുമതി നേടിയിരുന്നില്ലെന്ന് അമൃത്‌സർ നഗരസഭാ കമ്മിഷണർ സൊനാലി ഗിരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ആഘോഷങ്ങൾ നടക്കുന്നതായി റെയിൽവേക്ക് യാതൊരു വിധ മുന്നറിയിപ്പും ലഭിച്ചിരുന്നില്ല എന്ന് റെയിൽവേ അധികൃതരും വ്യക്തമാക്കിയിരുന്നു.