saritha-s-nair

തിരുവനന്തപുരം: സോളാർ കേസിലെ പ്രതി സരിത എസ്.നായരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പീഡിപ്പിച്ചത് 2012ൽ ഔദ്യോഗിക വസതിയിൽ വച്ചാണെന്ന് എഫ്.ഐ.ആർ. ഒരു ഹർത്താൽ ദിവസം ഉമ്മൻചാണ്ടി സരിതയെ ക്ളിഫ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയും പീഡിപ്പിക്കുകയുമായിരുന്നെന്നും എഫ്.ഐ.ആറിൽ പറയുന്നു. കെ.സി.വേണുഗോപാൽ എം.പി കേന്ദ്ര മന്ത്രിയായിരിക്കെ സരിതയെ പീഡിപ്പിച്ചത് ഗസ്റ്റ് ഹൗസിൽ വച്ചെന്നുണെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്.

ഇന്നലെയാണ് ഇരുവർക്കുമെതിരെ പ്രകൃതിവിരുദ്ധ പീഡനം അടക്കമുളള കുറ്റങ്ങൾ ചുമത്തി ക്രൈബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്‌തത്. രണ്ടാഴ്‌ചമുമ്പ് സരിത പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഉമ്മൻചാണ്ടിക്കെതിരെ 377ആം വകുപ്പും കെ.സി.വേണുഗോപാലിനെതിരെ 376 ആം വകുപ്പും ചുമത്തിയിട്ടുണ്ട്. പുതിയ പരാതിയുടെ അടിസ്ഥാനത്തിൽ സരിതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.

ഉമ്മൻചാണ്ടിയും യു.ഡി.എഫ് മന്ത്രിസഭയിലെ മുൻ മന്ത്രിമാരും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾക്കെതിരെ പീഡനാരോപണം ഉന്നയിച്ച് സരിത നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ പരാതിയിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയും സരിതയുടെ മൊഴിയും രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ,​ ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്റെ തലവനായിരുന്ന മുൻ ഡി.ജി.പി രാജേഷ് ധവാനും അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശ്യപും നിലപാടെടുത്തു. തുടർന്ന് കേസെടുത്തിരുന്നില്ല.

ക്രൈംബ്രാഞ്ച് എസ്.പി അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇപ്പോഴത്തെ പരാതിയെ കുറിച്ച് അന്വേഷിക്കുക. നേരത്തെ പരാതിയിൽ പറഞ്ഞിരുന്ന ആര്യാടൻ മുഹമ്മദ്, എ.പി. അനിൽ കുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം നസറുള്ള, കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യം, ബഷീർ അലി തങ്ങൾ എന്നിവർക്കെതിരെ പ്രത്യേകം പരാതി വൈകാതെ നൽകുമെന്നാണ് വിവരം.