athirappilly

അതിരപ്പള്ളി, കണ്ണിനും മനസിനും ഒരുപോലെ കുളിർമയേകുന്നിടം. പശ്ചിമഘട്ടത്തിൽ നിന്ന് ഉത്ഭവിക്കുന്ന ചാലക്കുടി പുഴയിലാണ് അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. മഞ്ഞുമൂടിയ മലനിരകളുടെയും പാറക്കൂട്ടങ്ങളുടേയും പശ്ചാത്തലത്തിൽ ഈ വെള്ളച്ചാട്ടങ്ങളും സമാനതകളില്ലാത്ത ദൃശ്യഭംഗിയാണ് പകരുന്നത്. 80 അടി ഉയരത്തിൽ നിന്ന് ശക്തിയിൽ എത്തുന്ന ഈ ജലം പിന്നീട് വാഴച്ചാലിലെ തട്ടുതട്ടായിക്കിടക്കുന്ന കുന്നുകളിലൂടെ പാൽപ്പത പോലെ ഒലിച്ചിറങ്ങി ചാലക്കുടിപ്പുഴയിൽ ഒഴുകിയെത്തുന്നു. ചാലക്കുടിയിൽ നിന്ന് വാൾപ്പാറ എന്നു പേരുകേട്ട ഹിൽസ്റ്റേഷനിലേക്കുള്ള റോഡിലൂടെയാണ് ഇവിടെയെത്തുക. അതിരപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാം. റോഡിൽ നിന്നാൽ, വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം മരങ്ങൾക്കിടയിലൂടെ മുന്നിൽ തെളിയും. അത്യപൂർവ്വങ്ങളായ ജീവജാലങ്ങളും സസ്യജാലങ്ങളും ഇവിടെ നിരവധിയാണ്. കേരളത്തിന്റെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് അതിരപ്പള്ളി. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആനകളുള്ള പ്രദേശമാണിത്. ഇതിന് ഇരു വശത്തുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങൾ അപൂർവ ജൈവസമ്പത്തിന്റെ കലവറയാണ്. പറമ്പിക്കുളത്തിനും മലയാറ്റൂരിനും ഇടയിലുള്ള അതി പ്രധാന ഇടനാഴി എന്നും ഈ പ്രദേശത്തെ വിശേഷിപ്പിക്കാം.

അതിരപ്പള്ളിയുടെ മുകളിൽ നിന്നും വെള്ളച്ചാട്ടം കാണാവുന്നതാണ്. അതിനായി പ്രവേശന പാസ്സെടുത്ത് പ്രധാന കവാടം വഴി അകത്തു കടക്കണം. വിനോദസഞ്ചാരികൾക്ക് വിശ്രമിക്കാൻ പാകത്തിലുള്ള ചെറിയ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും ഇവിടെയുണ്ട്. എല്ലാ ഭാഗങ്ങളിലേക്കും റോഡുകൾ ഉള്ളതിനാൽ യാത്ര സൗകര്യപ്രദമാണ്. വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോയി താഴെ നിന്നും ഇതിന്റെ സൗന്ദര്യം നുകരാം. ഇവിടെ എത്തുന്നതിനും റോഡുണ്ട്. വെള്ളച്ചാട്ടത്തിന്റെ താഴെ നിന്നുള്ള കാഴ്ചയാണ് ഏറ്റവും മനോഹരം.ചാലക്കുടിക്ക് 30 കിലോമീറ്റർ കിഴക്കായും,തൃശ്ശൂരിൽനിന്നും ഏകദേശം 32 കിലോമീറ്റർ തെക്കു കിഴക്കായുമാണ് ചാലക്കുടിപ്പുഴയിലുള്ള ഈ വെള്ളച്ചാട്ടം. ഇത് ചാലക്കുടി വാൽപ്പാറ റോഡിനരികിലാണ്. വാഴച്ചാൽ വെള്ളച്ചാട്ടം 5 കിലോമീറ്റർ അകലെ ഇതേ റോഡരുകിൽ തന്നെയാണ്.