നളിനി ടീച്ചറെ മിക്കവാറും വെള്ള സാരിയുടുത്താവും കാണുക. നേർത്ത നിറങ്ങളേ ഉപയോഗിക്കാറുള്ളൂ. എന്നാൽ നെറ്റിയിൽ കടും നിറത്തിലുള്ള പൊട്ടുണ്ടാകും. സാരി വാങ്ങുമ്പോൾ നാലും അഞ്ചും ഒരുമിച്ചു വാങ്ങും. എല്ലാം നേർത്ത നിറത്തിലുള്ളതായിരിക്കും. അതിൽ ഒന്നു ടീച്ചറെടുത്തിട്ട് ബാക്കി സാധു സ്ത്രീകൾക്ക് ദാനം ചെയ്യും. ആർക്കു കൊടുത്തെന്ന് മറ്റാരോടും പറയാറുമില്ല. ഏതു ദാനത്തിന്റെയും ഫലവും പുണ്യവും അത് രഹസ്യമായിരിക്കുമ്പോൾ മാത്രമെന്ന് ടീച്ചർ വിശ്വസിക്കുന്നു.
പ്രൈമറി സ്‌കൂളിലെ പ്രധാനഅദ്ധ്യാപികയായി അടുത്തിടെയാണ് വിരമിച്ചത്. ടി.ടി.സി പാസായി ഇറങ്ങിയപ്പോൾ തന്നെ ജോലികിട്ടി. എന്നിട്ടും പഠനം തുടർന്നു. പ്രൈവറ്റായിട്ടായിരുന്നു ഉപരിപഠനം. മലയാളം എം.എയ്ക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു. കോളേജ് അദ്ധ്യാപികയായി പോകാനുള്ള എല്ലാ സാഹചര്യവും ഉണ്ടായിരുന്നിട്ടും അടുത്തുള്ള സ്‌കൂളിലെ ജോലി മതിയെന്ന് ടീച്ചർ ഉറച്ച തീരുമാനമെടുത്തു. നളിനി ടീച്ചർ പഠിപ്പിച്ച പലരും ഉയർന്ന സ്ഥാനങ്ങളിലെത്തി. പ്രശസ്തരായി. കലാ സാഹിത്യമണ്ഡലങ്ങളിൽ ശോഭിക്കുന്നു. നളിനി ടീച്ചർ നാടിന്റെ സാംസ്‌കാരിക പ്രകാശം നിയന്ത്രിക്കുന്ന ഒരു ട്രാൻസ്‌ഫോർമറാണെന്ന് പലരും പറയാറുണ്ട്. എന്തു പ്രശംസ കേട്ടാലും വിമർശനം കേട്ടാലും ടീച്ചറുടെ മറുപടി തെളിഞ്ഞ ഒരു പുഞ്ചിരി മാത്രം. ജീവിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിട്ടും കടക്കെണിയിലായ ഒരു കുടുംബം തങ്ങളുടെ ഗതികേട് പറയാൻ നളിനിടീച്ചറുടെ അടുക്കലെത്തി. മാസന്തോറും ഹസ്തരേഖക്കാരനെയും ജ്യോത്സ്യന്മാരെയും സന്ദർശിക്കുന്ന ദമ്പതികളായിരുന്നു അവർ. വീടും സ്ഥലവും ജപ്തിയുടെ വക്കിലെത്തിയപ്പോഴാണ് അവർ തങ്ങളെ മുമ്പ് പഠിപ്പിച്ചിട്ടുള്ള ടീച്ചറെ സമീപിച്ചത്.
കല്യാണം കഴിഞ്ഞശേഷമുള്ള വരവു ചെലവുകളെല്ലാം ടീച്ചർ കുറിച്ചെടുത്തു. പിന്നെ അല്പം പരുഷമായ ഭാഷയിൽ തന്നെ തന്റെ ശിഷ്യരെ ശകാരിച്ചു. വരവ് തലയ്ക്കുമീതെ പെരുകിയാലും കുഴപ്പമില്ല. പക്ഷേ ചെലവുകൾ കാൽമുട്ടിന് താഴെ നിൽക്കണം. വാങ്ങിക്കൂട്ടിയ വസ്ത്രങ്ങൾ അടുക്കിവയ്ക്കുമ്പോൾ അത് തലയ്ക്കുമീതെ വരരുത്. വന്നാൽ കഷ്ടകാലം അടുത്തെത്തി എന്നർത്ഥം. എത്ര പ്രശസ്തിവന്നാലും പ്രശംസ കിട്ടിയാലും അത് തലയ്ക്കുമീതെയായി എന്ന തോന്നലുണ്ടാകാൻ പാടില്ല. തല ശരീരത്തിന്റെ മുകളിൽ പ്രകൃതി പ്രതിഷ്ഠിച്ചിരിക്കുന്നത് ബുദ്ധിപൂർവമാണ്. ഒന്നും തലയ്ക്ക് മീതെ ആയി എന്ന അഹങ്കാരം പാടില്ല. ക്ഷേത്രത്തിലെ താഴികക്കുടം പോലെയാണ് ശരീരത്തിലെ തലസ്ഥാനം. എടുക്കാൻ പറ്റുന്ന ഭാരം തലയിലെടുത്തോളൂ കിരീടവും തൊപ്പിയും തലേക്കെട്ടും ഒക്കെ ആയിക്കോളൂ. പക്ഷേ അഹങ്കാരത്തിന്റെ നൂറുഗ്രാം തലയിലോട്ടുകയറ്റിവച്ചാൽ അത് കാണുന്നവർക്കും ഇടപെടുന്നവർക്കും അസഹ്യമാകും. എവിടെയും തലതട്ടാതെ തലമുട്ടാതെ സുരക്ഷിതമായി പോകാൻ തലക്കനം മാത്രം ഇല്ലാതിരുന്നാൽ മതി. വേണ്ടാത്ത കാര്യങ്ങളും അത്യാർത്തികളും അസൂയയും അസഹിഷ്ണുതയും തലയിൽ നിന്നിറക്കിവച്ചാൽ തലക്കനം തോന്നില്ല. ആ തലയിലൂടെ നല്ല ചിന്തകൾ കടന്നുപോയാൽ സ്വർഗത്തിലേക്ക് അധികദൂരമില്ല. കാലുകൊണ്ടാണ് ഒരു സ്ഥലത്ത് നടന്നെത്തുന്നതെങ്കിലും എവിടെയെത്തിക്കുന്നതും തലയാണ്. മൂക്കുമുട്ടെ ചോറ് തിന്നുന്നതിൽ കാര്യമില്ല. പ്രകൃതി തന്ന തലച്ചോറ് നല്ല കാര്യത്തിനായി വിനിയോഗിക്കുക. ഫലമുണ്ടാകും.
വളരെ സന്തോഷത്തോടെയാണ് ശിഷ്യരായ ദമ്പതികൾ ടീച്ചറുടെ വീട്ടിൽ നിന്ന് മടങ്ങിയത്. അടുത്തയാഴ്ച അവർ ഒരു വാടക മുറിയിൽ ചെറിയൊരു കട തുടങ്ങി. ഒരു സാധാരണ പലചരക്കുകട. ആ കടയിൽ നിന്ന് ഒരു കിലോ അരിവാങ്ങി നളിനി ടീച്ചർ കട ഉദ്ഘാടനം ചെയ്തു. മൂന്നുവർഷം കഴിഞ്ഞപ്പോൾ ഹൈവേക്ക് സമീപം സ്വന്തം കടയിലേക്ക് അതു മാറ്റി. അതിന്റെ ഉദ്ഘാടനവും നളിനിടീച്ചറായിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങുമ്പോൾ ശിഷ്യരായ ദമ്പതികൾ ടീച്ചർക്ക് സമ്മാനിച്ചത് ഒരു വെള്ളസാരിയായിരുന്നു. അത് സന്തോഷത്തോടെ കൈപ്പറ്റുമ്പോൾ ടീച്ചറുടെ പുഞ്ചിരിക്കാണോ സാരിക്കാണോ കൂടുതൽ വെള്ള എന്ന് ശിഷ്യർ സംശയിച്ചു.
(ഫോൺ: 9946108220)