വലിപ്പത്തിൽ ചെറുതാണെങ്കിലും കാന്താരി ആളത്ര നിസാരനല്ല. ഉപയോഗങ്ങൾ പലതാണ് ഈ ഇത്തിരികുഞ്ഞനെ കൊണ്ട്. എരിവിന്റെ കാര്യത്തിൽ മുൻപന്തിയിലാണ് കക്ഷി. അതുകൊണ്ട് തന്നെയാണ് കാന്താരിയെ പലരും അല്പം അകലത്തിൽ നിറുത്തുന്നതും. പക്ഷേ, അച്ചാറുകളിൽ എന്നും ഒരു സ്ഥാനം ഈ കുഞ്ഞൻ മുളകിനുണ്ട്.
പച്ചമുളകിനെ അപേക്ഷിച്ച് കാന്തരിയ്ക്കുള്ള രുചിപ്പെരുമ പിന്നെ പറയുകയും വേണ്ട. ഇനിയിപ്പോൾ ചോറിന് വേറെ കറിയില്ലെങ്കിൽ പോലും രണ്ട് കാന്താരിയും അല്പം ഉപ്പും വെളിച്ചെണ്ണയും മാത്രം മതി. പഴമക്കാരുടെ പഴയ തൊട്ടുകൂട്ടാനായിരുന്നു ഇത്. ഇനി ഔഷധത്തിന്റെ കാര്യത്തിലാണെങ്കിലും കാന്താരി മറ്റു മുളകുകളേക്കാൾ മുന്നിലാണ്. കാന്താരിയിൽ അടങ്ങിയിരിക്കുന്ന നീരിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. കാന്താരിയിലെ 'ജീവകം സി' ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും. മാത്രമല്ല , ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ നിയന്ത്രിക്കും. കൊളസ്ട്രോൾ കുറയ്ക്കാനും രക്തക്കുഴലുകൾ കട്ടിയാവുന്നത് തടയുകയും ചെയ്യും. മാത്രവുമല്ല, തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനാൽ വേദനസംഹാരിയായി പ്രവർത്തിക്കുകയും ചെയ്യുന്നു.