sasikumar-varma

പന്തളം: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് കൂടുതൽ കടുപ്പിച്ച് പന്തളം രാജകൊട്ടാരം രംഗത്ത്. സർക്കാർ വഴങ്ങിയില്ലെങ്കിൽ ശബരിമല അടച്ചിടുമെന്ന് പന്തളം രാജകൊട്ടാരത്തിന്റെ പ്രതിനിധി ശശികുമാർ വർമ്മ വ്യക്തമാക്കി. ശബരിമലയിൽ ഇതുവരെ എത്തിയ യുവതികൾ വിശ്വാസത്തോടെ വന്നവരല്ല. ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കാൻ ആരോ തിരഞ്ഞെടുത്ത് വിട്ടവരെ പോലെയാണ് അവരെത്തിയതെന്നും ശശികുമാർ വർമ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.

ശബരിമലയിൽ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകില്ലെന്ന ദേവസ്വം ബോർഡിന്റെ നിലപാട് ശരിയല്ല. ധാർഷ്ട്യത്തോടെ പെരുമാറുന്ന സർക്കാരിനോട് ചർച്ച നടത്തിയിട്ട് കാര്യമില്ല. സർക്കാർ നിലപാട് മാറ്റിയില്ലെങ്കിൽ 1949 ൽ തിരുവിതാംകൂർ രാജാവുമായി കേന്ദ്ര സർക്കാർ ഒപ്പിട്ട കവനന്റ് ഉടമ്പടി പ്രകാരം രാജകൊട്ടാരത്തിന് ക്ഷേത്രം അടച്ചിടാനുള്ള അധികാരമുണ്ട്. ആവശ്യമെങ്കിൽ അത് സ്വീകരിക്കാൻ കൊട്ടാരം മടിക്കില്ല.

സവർണ - അവർണ വേർതിരിവുണ്ടാക്കി ആളുകളെ തമ്മിലടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇതിന് സർക്കാർ സംവിധാനങ്ങളെ ഉയോഗിക്കുന്നുണ്ടോയെന്ന് സംശയമുണ്ട്. നിലയ്ക്കലിൽ ഉണ്ടായ സംഘർഷമടക്കമുള്ള കാര്യങ്ങളെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും ശശികുമാർ വർമ്മ ആവശ്യപ്പെട്ടു.