bjp

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കവേ വ്യത്യസ്തമായ പ്രചാരണ തന്ത്രമൊരുക്കി ബിജെപി. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ മാജിക് ഷോകൾ നടത്തി ജനങ്ങളെ ആകർഷിക്കാനാണ് പാർട്ടി പദ്ധതിയിടുന്നത്. 15 വർഷമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി തുടർച്ചയായ നാലാംവട്ടവും അധികാരം നിലനിറുത്താൻ ലക്ഷ്യമിട്ടാണ് തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങുന്നത്.

ഒന്നര ദശാബ്ദത്തെ ബി.ജെ.പിയുടെ ഭരണ നേട്ടങ്ങൾ ജനങ്ങൾക്ക് മുൻപാകെ എത്തിക്കുന്നതിനായി ജാലവിദ്യക്കാരെ ഉപയോഗിക്കാനാണ് ആലോചന. ഇത് കൂടാതെ പൊതുമാർക്കറ്റുകളിൽ മാജിക്കുകാരുടെ പ്രദർശനങ്ങളും നടത്തും. 1993 മുതൽ 2003 വരെയുള്ള കോൺഗ്രസ് ഭരണകാലത്തെ റോഡുകളുടെ മോശം അവസ്ഥയും അടിസ്ഥാന സൗകര്യ വികസനത്തിലെ അനാസ്ഥയും ജനങ്ങളിലെത്തിക്കാൻ ശ്രമിക്കുമെന്ന് ബി.ജെ.പി വക്താവ് അഗർവാൾ പറഞ്ഞു. സംസ്ഥാനത്തെ ഉൾപ്രദേശങ്ങളിൽ ഇത്തരം നിരവധി പരിപാടികൾ സംഘടിപ്പിക്കും. എത്ര മാജിക്കുകാരെ ഇതിനായി ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. 15 വർഷം കൊണ്ട് ബി.ജെ.പി സംസ്ഥാനത്ത് നടത്തിയ വികസന പ്രവർത്തനങ്ങളെ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനുള്ള നടപടികളും സ്വീകരിക്കും.

നവംബർ 28നാണ് മദ്ധ്യപ്രദേശിൽ വോട്ടെടുപ്പ്. ഡിസംബർ 11ന് വോട്ടെണ്ണൽ നടക്കും.