ഇൻഫ്രാസ്ട്രക്ചർ ലീസിംഗ് ആൻഡ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് അഥവാ ഐ.എൽ ആൻഡ് എഫ്.എസ് ! ഇന്ത്യൻ ഓഹരി, ബോണ്ട് വിപണികളെ പിടിച്ചുകുലുക്കിയ ഇതുപോലൊരു കമ്പനി സമീപകാലത്ത് വേറെ ഉണ്ടായിട്ടില്ല. എന്താണ് ഐ.എൽ ആൻഡ് എഫ്.എസിന് സംഭവിച്ചത്?
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ വികസിപ്പിക്കാനും ധനകാര്യ സ്ഥാപനങ്ങൾ രൂപീകരിക്കാനുമായി 1987ൽ തുടങ്ങിയ സാമ്പത്തിക സ്ഥാപനമാണിത്. 30 വർഷത്തെ പാരമ്പര്യം. പൊതു-സ്വകാര്യ പങ്കാളിത്തം എന്ന ആശയത്തിന് വഴിയൊരുക്കിയതിലും ഐ.എൽ ആൻഡ് എഫ്.എസിന് സുപ്രധാന പങ്കുണ്ട്. 169 സബ്‌സിഡിയറികൾ, അസോസിയേറ്റ്‌സ്, സംയുക്ത സംരംഭങ്ങളും കമ്പനിക്കുണ്ട്.
പക്ഷേ, കഴിഞ്ഞ കുറച്ചു വർഷങ്ങളായി കമ്പനിയുടെ സ്വന്തം പ്രോജക്‌ടുകളായ റോഡ്, തുറമുഖ നിർമ്മാണത്തിലും അധിക ചെലവുകളും ഭൂമി ഏററ്റെടുക്കാനുള്ള കാലതാമസവും നേരിടേണ്ടി വന്നു. പദ്ധതികൾ കുറയുന്തോറും കടബാദ്ധ്യതകൾ കൂടി. ഇതിനിടെ പലിശനിരക്കും കുത്തനെ ഉയർന്നു. കരാർ സംബന്ധിച്ച തർക്കങ്ങൾമൂലം 900 കോടി രൂപയോളം സർക്കാരിൽ നിന്ന് കിട്ടിയതുമില്ല. മിക്ക കരാറുകളും തടസപ്പെട്ടു. ഇതിനിടെ, ജൂലായിൽ കമ്പനിയുടെ തലപ്പത്ത് നിന്ന് രവി പാർഥസാരഥി ആരോഗ്യ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു.
ടൂ ബിഗ് ടു ഫെയിൽ
റിസർവ് ബാങ്ക് സ്‌പെഷ്യൽ ഓഡിറ്റ് ആരംഭിച്ചു. 27 മില്യൺ ഡോളർ മാത്രമാണ് കമ്പനിയുടെ കൈവശമുള്ളത് എന്നാണ് അതിലൂടെ അറിഞ്ഞത്. അടുത്ത ആറ് മാസത്തേക്കുള്ള തിരിച്ചടവ് കടമാകട്ടെ 500 മില്യൺ ഡോളറും! കമ്പനിയുടെ മൂലധന അടിത്തറ അത്ര പെട്ടെന്നൊന്നും ഇളകില്ല. കാരണം, അത് ഇന്ത്യൻ സാമ്പത്തിക മേഘലയിലെ "പരാജയപ്പെടാൻ പാടില്ലാത്ത" (ടൂ ബിഗ് ടു ഫെയിൽ) എന്ന വിഭാഗത്തിലുള്ള കമ്പനിയാണ്. എന്നാൽ, സാമ്പത്തിക മേഖലയിലെ ഞെരുക്കങ്ങൾ ഐ.എൽ ആൻഡ് എഫ്.എസിനെയും ബാധിച്ചു എന്നതിൽ തർക്കമില്ല.
നിക്ഷേപകരുടെ തുകയ്ക്കുള്ള പലിശ നൽകുന്നതിലും റിഡംപ്‌ഷൻ പേമെന്റുകളിലും ഗുരുതര വീഴ്‌ചയുണ്ടായി. കഴിഞ്ഞ ജൂലായ് മുതൽ ഓഹരിയുടമയ്‌ക്ക് ലാഭവിഹിതവും കടപ്പത്രമുടമയ്‌ക്ക് നിശ്ചിത നിരക്കിലുള്ള പലിശ നൽകുന്നതിലും മുടക്കമുണ്ടായി. ഇന്ത്യയിലെ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെത്തന്നെ ബാധിക്കുന്ന തരത്തിലെത്തി കാര്യങ്ങൾ. സിഡ്ബി മുതലായ പ്രമുഖ സ്ഥാപങ്ങൾക്കുള്ള പലിശയടവ് മുടങ്ങിയതോടെ, ഐ.എൽ ആൻഡ് എഫ്.എസിന്റെ യഥാർത്ഥ സ്ഥിതി നിക്ഷേപകർക്കും മനസിലായി.
ഇത്രയും വലിയ ഒരു സ്ഥാപനം (91,000 കോടി രൂപയുടെ പദ്ധതികൾ, എൽ.ഐ.സി മുതലായവർ പ്രധാന പ്രൊമോട്ടർ ആയിട്ടുള്ള) ഇങ്ങനെ ആണെകിൽ മറ്റു എൻ.ബി.എഫ്.സികളുടെ അവസ്ഥ എന്തായിരിയ്ക്കുമെന്ന ആശങ്ക കാട്ടുതീ പോലെ പടർന്നു. അപ്പോഴാണ്, ഡി.എച്ച്.എഫ്.എൽ എന്ന മറ്റൊരു പ്രമുഖ ഗൃഹവായ്‌പാ സ്ഥാപനത്തിന്റെ വാർത്തയെത്തിയത്. അതോടെ, ധനകാര്യസ്ഥാപങ്ങളെല്ലാം മോശം അവസ്ഥയിലാണെന്ന പ്രതീതി പരക്കപ്പെട്ടു. ഐ.എൽ ആൻഡ് എഫ്.എസ് ഗ്രൂപ്പിന്റെ കൊമേഴ്സ്യൽ പേപ്പർ നിക്ഷേപമായി വച്ചിരിക്കുന്ന പല മ്യൂച്വൽ ഫണ്ട്സിനും വേവലാതി അധികമായി.
സാധാരണ നിക്ഷേപകരെയും
പ്രതിസന്ധി ബാധിക്കുമോ ?
മ്യൂച്വൽ ഫണ്ട് നിക്ഷേപകനെന്ന നിലയിൽ, നിങ്ങളുടെ പോർട്ട്ഫോളിയോ മൂല്യം ഇതിനകം തന്നെ താഴ്ന്നിരിക്കാം. ആഗസ്‌റ്റ്-സെപ്‌തംബർ മുതൽ മ്യൂച്വൽഫണ്ട് വ്യവസായത്തിൽ 13 ശതമാനത്തിലേറെ ഇടിവുണ്ടായിട്ടുണ്ട്. ലിക്വിഡ് ഫണ്ട്സ്, നിശ്ചിത വരുമാന ഫണ്ട്‌സ് എന്നിവയെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, അത് നിങ്ങളുടെ നിക്ഷേപങ്ങളെ വില്‍ക്കുന്നതിനോ പുറത്തുപോകുന്നതിനോ ഒരു കാരണമാക്കരുത്. ഈ കമ്പനിയായി ബന്ധമില്ലെങ്കിലും നിങ്ങളുടെ ഓഹരി പോർട്ട്ഫോളിയോയിൽ ബാങ്കിംഗ് ഇതര ഓഹരികൾ ഉണ്ടെങ്കിൽ അതിന്റെ വിലകുറയാൻ ഇനിയും സാദ്ധ്യതയുണ്ട്.
കടബാദ്ധ്യത തീർക്കുക ഐ.എൽ ആൻഡ് എഫ്.എസിന് അത്ര എളുപ്പമാകില്ല. ബാങ്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, പെൻഷൻ ഫണ്ടുകൾ, ഇൻഷ്വറൻസ് കമ്പനികൾ മുതൽ സാധാരണ നിക്ഷേപകർ വരെ നഷ്‌ടത്തിന്റെ വ്യാപ്‌തി അറിയാതെ പരത്തുകയാണ്. കാരണം കമ്പനിയുടെ ഡെബ്റ്റ് സെക്യൂരിറ്റികളിൽ റേറ്റിംഗ് കുറയുകയും പലിശ നൽകുന്നതിലും മറ്റും വീഴ്ച സംഭവിക്കുകയും ചെയ്‌തിട്ടുണ്ട്. 2015ന് ശേഷം കമ്പനി വായ്‌പാ പലിശ ഇത്രയുയർന്ന നിലയിലെത്തിയത് ആദ്യമായാണ്. മൂഡീസ് പോലുള്ള റേറ്റിംഗ് ഏജൻസികൾ കട പത്രങ്ങൾ "ഡീഫോൾട്ടിന് അടുത്ത്" എന്ന് റേറ്റ് ചെയ്‌തതും വളരെ പ്രശ്‌നമുണ്ടാക്കാം. ഐ.എൽ ആൻഡ് എഫ്.എസ് സ്വന്തം യൂണിറ്റുകളിൽ വായ്‌പ എടുത്തിട്ടുണ്ട് എന്നതും നിക്ഷേപകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
ആശങ്ക വേണ്ട
ഇന്റർ കോർപ്പറേറ്റ് ഡെപ്പോസിറ്റുകളായി അറിയപ്പെടുന്ന ഹ്രസ്വകാല വായ്‌പകളിലും കമ്പനി വീഴ്‌ചവരുത്തിയിട്ടുണ്ട്. തിരിച്ചടവ് പ്രതിസന്ധി ഇന്ത്യയുടെ ക്രെഡിറ്റ് മാർക്കറ്റിൽ കടമെടുക്കാനുള്ള ചെലവും കൂട്ടും. എങ്കിലും, ഐ.എൽ ആൻഡ് എഫ്.എസിനെ റിസർവ് ബാങ്ക് വ്യവസ്ഥാപിതമായി തരം തിരിച്ചിരിക്കുന്നതിനാൽ, സർക്കാരും നിക്ഷേപകരും ആശങ്കപ്പെടേണ്ടതില്ല. പ്രധാന ഷെയർഹോൾഡറായ എൽ.ഐ.സി ഇതേപ്പറ്റി നേരത്തെ സൂചിപ്പിച്ചിട്ടുമുണ്ട്. എ.എം.സി റിപ്പോർട്ട് പ്രകാരം, ഐ.എൽ ആൻഡ് എഫ്.എസ് ഗ്രൂപ്പിൽ പെട്ട മറ്റു സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഫണ്ടുകൾ അല്ലെങ്കിൽ കടപ്പത്രങ്ങൾ തങ്ങളുടെ കൈവശമുള്ള വിലയിൽ 25 ശതമാനം കുറച്ചു കാണേണ്ടി വരും. വായ്‌പാ ഫണ്ട് നിക്ഷേപകർക്ക് തലവേദന തന്നെയാണിത്. ഇത്രയും വലിയ ഒരു ബാദ്ധ്യത ആദ്യമായാണെങ്കിലും, ഇത് തരണം ചെയ്യേണ്ടത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമാണ്. സാമ്പത്തിക മേഖലയിൽ രൂക്ഷമായ സാഹചര്യങ്ങൾ പലവട്ടം വന്നുപോയിട്ടുണ്ട്. വായ്‌പകൾ സ്വീകരിച്ചും കൊടുക്കൽ വാങ്ങലുകൾ സജീവമാക്കി, പലിശ നിരക്കുകളിൽ മാറ്റം വരുത്തിയുമൊക്കെയുമാണ് അത്തരം സാഹചര്യങ്ങളെ മുമ്പും നേരിട്ടിട്ടുള്ളത്. അതുകൊണ്ട്, ഈ അവസ്ഥയും മാറും! ഇത് കൈവിട്ടുപോകാൻ സർക്കാർ ഒരിക്കലും സമ്മതിക്കുകയുമില്ല. കാരണം, അത് ആത്മഹത്യാപരമാവും. തത്കാലം, നിക്ഷേപകരും കടപ്പത്ര ഉടമകളും ആശങ്കപ്പെടേണ്ടതില്ല.