ഒഡെൻസ് : ഡെന്മാർക്ക് ഓപ്പൺ ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യൻ താരം സൈന നെഹ്‌വാളിന് തോൽവി. ചൈനീസ് തായ്പേയ് താരം തായ് സു യിംഗാണ് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ സൈനയെ കീഴടക്കിയത്. ആദ്യ സെറ്റ് 13-21ന് നഷ്ടമായ സൈന രണ്ടാം സെറ്റ് 21-13ന് പിടിച്ചു അതിഗംഭീരമായ തിരിച്ചുവരവ് നടത്തി. എന്നാൽ മൂന്നാം സെറ്റിൽ സമ്പൂർണ ആധിപത്യം പുലർത്തിയ തായ് സു യിംഗ് 21-6 എന്ന സ്കോറിൽ അനായാസ വിജയം നേടുകയായിരുന്നു.
ലോക ഒന്നാം നമ്പർ താരമായ തായ് സു യിംഗിനോട് സൈന ഈ വർഷം അഞ്ചാം തവണയാണ് തോൽക്കുന്നത്. 2013ലാണ് അവസാനമായി സൈന തായ് സുവിനെ തോൽപ്പിക്കുന്നത്. പ്രീ ക്വാർട്ടറിൽ ജപ്പാന്രെ അകാനെ യമാഗുച്ചിയെയും ക്വാർട്ടറിൽ നൊസോമി ഒകുഹാരെയും തോൽപ്പിച്ചു മിന്നുന്ന ഫോമിൽ ഫൈനലിലെത്തിയ ലോക പത്താം നമ്പർ താരം സൈനയ്ക്ക് വെള്ളി മെഡൽ കൊണ്ട് തൃപ്തയാകേണ്ടി വന്നു.