z
a

വാഷിംഗ്ടൺ: മാദ്ധ്യമപ്രവ‌‌ർത്തകൻ ജമാൽ ഖഷോഗിയുടെ മരണവുമായി ബന്ധപ്പെട്ട് സൗദി അറേബ്യ നൽകിയ വിശദീകരണം തൃപ്തികരമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ വാക്കേറ്റത്തെ തുട‌ന്ന് ഖഷോഗിയെ മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് ശനിയാഴ്ച സൗദി കുറ്രസമ്മതം നടത്തിയത്. എന്നാൽ ഖഷോഗിയുടെ മൃതദേഹം എവിടെ സംസ്‌കരിച്ചു എന്നതുൾപ്പെടെ പല കാര്യങ്ങളിലും സൗദി വിശദീകരണം നൽകിയിട്ടില്ല.തങ്ങൾ യഥാ‌ർത്ഥ ഉത്തരം കണ്ടെത്തും വരെ സൗദിയുടെ വിശദീകരണത്തിൽ തൃപ്തിയില്ല. സൗദിക്കെതിരെ ഉപരോധം ഒരു സാദ്ധ്യതയാണ്. എന്നാൽ സൗദിയുമായുള്ള ആയുധ കരാറുകൾ നിറുത്തലാക്കുന്നത് അമേരിക്കയ്ക്കാണ് ദോഷം ചെയ്യുകയെന്നും സൗദി രാജകുമാരൻ മുഹബമ്മദ് ബിൻ സൽമാൻ കൊലപാതകത്തെ കുറിച്ച് അറിയാതിരിക്കാൻ സാദ്ധ്യതയുണ്ടെന്നും ട്രംപ് പറഞ്ഞു.

ഖഷോഗിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടി നുറുക്കിയെന്നാണ് തു‌ർക്കി നൽകുന്ന വിശദീകരണം.15 അംഗ സൗദി സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമാക്കുന്ന ഓഡിയോ, വീഡിയോ തെളിവുകളും തങ്ങളുടെ പക്കലുണ്ടെന്നും തുർക്കി അവകാശപ്പെടുന്നു. ഇസ്താംബുളിലെ സൗദി കോൺസുലേറ്രിലും സമീപത്തെ കാട്ടിലും ഖഷോഗിയുടെ മൃതദേഹത്തിനായി പൊലീസ് തെരച്ചിൽ നടത്തുകയാണ്.

വിമർശനവുമായി സഖ്യകക്ഷികൾ

ഖഷോഗിയുടെ കൊലപാതകത്തെ പറ്റിയുള്ള സൗദിയുടെ വിശദീകരണത്തിൽ സഖ്യകക്ഷികളായ പല രാജ്യങ്ങളും തൃപ്തരല്ല. വിശദീകരണം മതിയായതല്ലെന്ന് ജർമ്മൻ ചാൻസലർ ഏഞ്ചല മെർക്കൽ പറഞ്ഞു. ഏറെ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കാനുണ്ടെന്ന് ഫ്രഞ്ച് വിദേശമന്ത്രി ഷാൻ വെസ് ലെ ഡ്രിയൻ പറഞ്ഞു.'കൂരമായ പ്രവൃത്തി' എന്നാണ് ബ്രിട്ടീഷ് വിദേശമന്ത്രാലയം ഖഷോഗിയുടെ കൊലപാതകത്തെ വിശേഷിപ്പിച്ചത്. ഐക്യരാഷ്ട്രസഭയും സംഭവത്തിൽ ശരിയായ അന്വേഷണം ആവശ്യപ്പെട്ടു.

'എവിടെയാണ് മൃതദേഹം സംസ്കരിച്ചതെന്ന് വ്യക്തമാക്കണം.നിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഹൃദയം വിങ്ങുകയാണ് ജമാൽ...'

- ഖഷോഗിയുടെ കാമുകി ഹാറ്രിസ് സെങ്കിസ്