തിരുവനന്തപുരം: സോളാർ കേസിന്റെ നിറവും മണവും നഷ്ടമായിട്ട് നാളുകൾ ഏറെയായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശബരിമല കേസിലും ബ്രൂവറി അഴിമതിയിലും മുഖം നഷ്ടമായ സർക്കാർ നടത്തുന്ന രാഷ്ട്രീയ നീക്കമാണിതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.സരിത എസ്.നായരുടെ പരാതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാൽ എം.പിക്കുമെതിരെ കേസെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
നിറവും മണവും പോയ പഴയ കേസുകൾ പൊടി തട്ടിയെടുത്ത് രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാമെന്നാണ് സി.പി.എമ്മും സർക്കാരും കരുതുന്നതെങ്കിൽ അവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. ഇതൊന്നും നടക്കാൻ പോകുന്നില്ല. എല്ലാം ജനങ്ങൾക്ക് അറിയാവുന്നതാണ്. രാഷ്ട്രീയപ്രേരിതമായ കേസിനെ നിയമപരമായും രാഷ്ട്രീയുമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന സരിതയുടെ പരാതിയിൽ ഉമ്മൻചാണ്ടിക്കും വേണുഗോപാലിനുമെതിരെ ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു.