shamna

നൃത്തമായിരുന്നു അവളുടെ ആത്മാവ്. വേദികളിൽ നിന്നും വേദികളിലേക്ക് ചുവടുകളിൽ ഇന്ദ്രജാലവുമായി അവൾ പറന്നു നടന്നു.ആ ചുവടുകളായിരുന്നു സിനിമയിലേക്ക് വിളിച്ചതും. ഇന്നിപ്പോൾ മലയാളികളുടെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങളിൽ 'പൂർണ' എന്ന പേരിൽ സജീവമായ ഷംന ഏകദേശം നാലു വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 'കുട്ടനാടൻ ബ്ലോഗി'ലെ എസ്. ഐ നീന കുറുപ്പ് എന്ന കഥാപാത്രത്തിലൂടെ മലയാളത്തിൽ തിരിച്ചെത്തിയത്. പഴയതിൽ നിന്നും വ്യത്യസ്തമായ ഒരു 'ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ' ലുക്കിൽ.


എവിടെയായിരുന്നു ഇതുവരെ ?
മലയാളത്തിൽ നല്ല സിനിമകൾ വരാനായി കാത്തിരിക്കുകയായിരുന്നു. നല്ല സിനിമകൾ എന്ന് പറഞ്ഞാൽ എനിക്ക് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങൾ ഉള്ളവ. എനിക്ക് തൃപ്തിയുള്ള കഥാപാത്രങ്ങൾ വന്നാൽ ചെയ്യാം, അല്ലെങ്കിൽ വേണ്ട എന്ന് മാത്രം. അതിനായുള്ള സമയം വരട്ടെ എന്ന കാത്തിരിപ്പിലായിരുന്നു ഞാൻ. അങ്ങനെയാണ് 'കുട്ടനാടൻ ബ്ലോഗി'ലൂടെ എന്റെ മനസ്സിനിഷ്ടപ്പെട്ട വേഷം കിട്ടിയത്.


പഴയ ഷംനയിൽ നിന്നും എന്തെങ്കിലും വ്യത്യാസം വന്നിട്ടുണ്ടോ ?
സ്വഭാവം കൊണ്ട് മാറ്റമില്ല. ഹെയർ സ്‌റ്റൈൽ മാറിയപ്പോൾ വേറൊരാളെപ്പോലുണ്ടെന്നും ബോയ് കട്ടാണ് എനിക്ക് ചേരുന്നത് എന്നും എല്ലാവരും എന്നോട് പറഞ്ഞു. പക്ഷേ ചിലർക്ക് പഴയ ഷംനയെയാണ് ഇഷ്ടം, ചിലർക്ക് പുതിയ ഷംനയെയും. പിന്നെ ഞാൻ കാത്തിരിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ്. കുറേ പടങ്ങൾ ചെയ്യുന്നതിൽ താത്പര്യമില്ല. ചെയ്യുന്നത് നല്ല രീതിയിൽ ചെയ്യുക. അങ്ങനെ ഇടവേളയ്ക്കുശേഷം ഒരു നല്ല സിനിമയിലൂടെ തന്നെ തിരിച്ചു വരാൻ കഴിഞ്ഞു.


എങ്ങനെയുള്ള കഥാപാത്രങ്ങളോടാണ് കൂടുതൽ ഇഷ്ടം ?
ഒരേ പാറ്റേണിലുള്ള അഭിനയത്തോട് എനിക്ക് താത്പര്യമില്ല. ഇപ്പോൾ കുറച്ചു കൂടി റിയലിസ്റ്റിക് ആയിട്ടുള്ള കഥാപാത്രങ്ങൾ ചെയ്യാനാണ് ഇഷ്ടം. അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. കുട്ടനാടൻ ബ്ലോഗിലെ നീന എന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട കഥാപാത്രമാണ്. ഒരു പൊലീസ് ഓഫീസറാകുന്നത് എളുപ്പമുള്ള കാര്യമല്ല. അഭിനയത്തിൽ കൃത്രിമത്വം തോന്നരുത്. ആളുകൾക്ക് നമ്മൾ ട്രോൾ ചെയ്യാൻ അവസരം ഉണ്ടാക്കരുത്. അതായിരുന്നു എന്റെ മനസിൽ. കാരണം കളിയാക്കാൻ വളരെ എളുപ്പമാണ്. നമ്മൾ നന്നായി ചെയ്താൽ മാത്രമേ ആർക്കായാലും അഭിനന്ദിക്കാൻ കഴിയൂ. അതുകൊണ്ട് വ്യത്യസ്തമായ വേഷങ്ങൾ വേണമെന്നുണ്ടായിരുന്നു. അതിനു കാത്തിരുന്നു, ഫലമുണ്ടായി.

shamna

അപ്പോൾ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്യാനിഷ്ടമാണോ ?
അതെ, ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടുതന്നെയാണ് ഒരു സിനിമയ്ക്ക് വേണ്ടി എന്റെ തല മൊട്ടയടിച്ചത് തന്നെ. അത് എന്റെ ജീവിതത്തിലെ വ്യത്യസ്തത അനുഭവമായിരുന്നു. ഇനിയും ഇതു പോലെ വെല്ലുവിളി ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്. ഒരു സിനിമയിൽ നമ്മൾ എത്ര സീനിൽ വന്നു എന്നതിലല്ല കാര്യം. കിട്ടുന്ന സീനിൽ എങ്ങനെ അഭിനയിച്ചുവെന്നും കാഴ്ചക്കാരെ എത്രത്തോളം സ്വാധീനിക്കാൻ കഴിഞ്ഞു എന്നതിലുമാണ് കാര്യം. തിയേറ്ററിൽ സിനിമ കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ പടം ഹിറ്റാകുന്നതും ഫ്‌ളോപ്പാകുന്നതും നമ്മുടെ കയ്യിൽ നിൽക്കുന്ന കാര്യമല്ല. സിനിമ കണ്ട് ആ കഥാപാത്രം നന്നായി ചെയ്തു എന്ന് ആളുകൾ പറയുന്നതാണ് ഒരു അഭിനേതാവിന് ലഭിക്കുന്ന അംഗീകാരം. അതു കൊണ്ട് അങ്ങനെയുള്ള കഥാപാത്രങ്ങൾ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.


സിനിമാ ജീവിതത്തിൽ നിരാശ തോന്നിയിട്ടുണ്ടോ ?
ഒരുപാട് പ്രാവശ്യം. സിനിമ വേണ്ട എന്നു പോലും തോന്നിയ സമയങ്ങൾ ഉണ്ടായിട്ടുണ്ട്. ഇനി സിനിമ ചെയ്യുന്നില്ല എന്നു വരെ ചിന്തിച്ചിട്ടുണ്ട്. എന്നും ഒരു അഭിനേതാവിന് കഴിവ് പ്രധാനമാണ്. അതുപോലെ തന്നെ അവർ അഭിനയിച്ച സിനിമയുടെ വിജയവും. ഒരുപാട് ആഗ്രഹിച്ച സിനിമകൾ പരാജയപ്പെടുമ്പോൾ വിഷമമാകും. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും അഭിമുഖീകരിക്കണം. ഒരുപാട് പ്രതീക്ഷിച്ചിട്ടും സിനിമകൾ ഓടിയില്ലെങ്കിൽ അത് നമ്മളെ വല്ലാതെ തളർത്തും. അപ്പോൾ തോന്നും എന്തിനാണ് ഇത്ര ടെൻഷനടിച്ചിട്ട് സിനിമ ചെയ്യുന്നത്. സിനിമ വേണ്ട എന്നൊക്കെ. ചിലപ്പോൾ ഒരു കഥാപാത്രം ചെയ്യാൻ വേണ്ടി നമ്മൾ നല്ല രീതിയിൽ കഷ്ടപ്പെട്ട് തയ്യാറെടുത്ത് കാത്തിരിക്കുമ്പോഴായിരിക്കും നമ്മളെ മാറ്റുന്നത്. അതും നമ്മെ വല്ലാതെ തളർത്തും. അങ്ങനെ കുറേ അനുഭവങ്ങൾ.


മലയാളം സിനിമകളിലും, തമിഴ് തെലുങ്ക് സിനിമകളിലും അഭിനയിക്കുമ്പോൾ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടിട്ടുണ്ടോ ?
അങ്ങനെ വലിയ വ്യത്യാസം എനിക്ക് പറയാനാകില്ല. ഞാൻ ആദ്യം നായികയായത് തമിഴിലാണ്. തമിഴിൽ ഞാൻ കംഫർട്ടബിൾ ആണ്. പക്ഷേ മലയാളത്തോട് ഇത്തിരി ഇഷ്ടക്കൂടുതലുണ്ട്. അതുകൊണ്ട് മറ്റെന്തിനെക്കാളും ഒരു കംഫർട്ടബിൾ ഫീലിംഗ് മലയാളത്തോട് ഉണ്ട്. എനിക്ക് ഭാഷ അറിയാതെ അഭിനയിക്കാൻ താത്പര്യമില്ല. ഞാൻ ആദ്യം ഭാഷ പഠിക്കാൻ ശ്രമിക്കും. അല്ലെങ്കിൽ അസ്വസ്ഥയാകും. അല്ലാതെ വലിയ വ്യത്യാസം തോന്നിയിട്ടില്ല. തെലുങ്കിൽ നായികാ പ്രാധാന്യമുള്ള സിനിമകളാണ് കൂടുതലും ചെയ്തിരിക്കുന്നത്. തെലുങ്കിൽ ആദ്യം ചെയ്തത് തന്നെ 'ചിന്താമണി കൊലക്കേസി'ന്റെ റീമേക്കാണ്. കന്നടയിൽ ഞാൻ രണ്ട് സിനിമകളേ ചെയ്തിട്ടുള്ളു. ഭാഷ പഠിക്കാൻ ഭയങ്കര ബുദ്ധിമുട്ടായിരുന്നു. അവർ എന്താണ് പറയുന്നത് എന്ന് മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ ഒരു പട്ടം പോലെ പറന്നു കൊണ്ടിരിക്കും.


തെലുങ്കിലെ 'ഹൊറർ ക്വീൻ' അല്ലേ ?
തെലുങ്കിൽ ഒരു ഇടവേളയ്ക്ക് ശേഷം വന്ന ഹൊറർ ചിത്രമായിരുന്നു 'അവനു'. അത് ഹിറ്റാവുകയും ചെയ്തു. അവനുവിന്റെ രണ്ടാംഭാഗവും നന്നായി. പിന്നെ 'രാജുഗരി ഗദ്ധി'...അതും ഹോറർ കോമഡിയായിരുന്നു. അതും ഹിറ്റായി. അതിലെല്ലാം ഞാനുണ്ടായിരുന്നു. അങ്ങനെയാണ് 'ഹൊറർ ക്വീൻ' എന്ന പേരു വന്നത്. ഞാനവിടെ ഒരു സിനിമ ചെയ്യുന്നു എന്ന് പറഞ്ഞാൽ അവർ ആദ്യം ചോദിക്കുക അത് ഹൊറർ ആണോ എന്നാണ്.

shamna

കുട്ടനാടൻ ബ്ലോഗിലെത്തിയത് ?
ആ സിനിമയെക്കുറിച്ച് പറയുമ്പോൾ എനിക്കേറ്റവും കൂടുതൽ സന്തോഷം നൽകിയത് എസ് . ഐ നീനയുടെ റോളിലേക്ക് എന്റെ പേര് സജസ്റ്റ് ചെയ്തത് മമ്മുക്കയാണ് എന്നതിലാണ്. എന്റെ ഈ ഹെയർകട്ട് കണ്ടിട്ടായിരിക്കും ആ കഥാപാത്രം ഞാൻ ചെയ്താൽ നന്നായിരിക്കും എന്ന് തോന്നിയത്. ഇതെന്റെ കൈയിലേക്ക് വന്നപ്പോൾ എനിക്ക് ടെൻഷനില്ലായിരുന്നു. നന്നായിട്ട് ചെയ്യണം എന്ന വാശിയുണ്ടായിരുന്നു. എന്തെന്നാൽ ഒരു ബ്രേക്കിനു ശേഷം തിരിച്ചു വരുമ്പോൾ ഞാൻ എന്താണ് ചെയ്യാൻ പോകുന്നത് എന്ന ആകാംക്ഷ എല്ലാവർക്കുമുണ്ടാകും. ആ കഥാപാത്രം വളരെ പ്രധാനപ്പെട്ടതാണെന്ന് എനിക്കറിയാമായിരുന്നു. പിന്നെ മമ്മൂക്കയെ പോലൊരു വലിയ നടന്റെ ഒപ്പം അഭിനയിക്കാൻ പറ്റുന്ന അവസരം കൂടിയായിരുന്നു. മമ്മൂക്കയും സുരേഷേട്ടനുമാണ് ഏറ്റവും കൂടുതൽ പൊലീസ് വേഷം ചെയ്തിട്ടുള്ളത്. പൊലീസ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ആദ്യം വരുന്നതും ഇവർ രണ്ട് പേരുമാണ്. ലാലേട്ടന്റെ കൂടെ അഭിനയിച്ച 'അലിഭായ് 'സിനിമയിലെ കിങ്ങിണി എന്ന കഥാപാത്രവും എനിക്ക് മറക്കാനാകില്ല. ലാലേട്ടന്റെ കൂടെ അഭിനയിക്കുമ്പോൾ ലാലേട്ടനെ കാണാൻ കൊതിക്കുന്ന ഒരു കുട്ടിയായിരുന്നു ഞാൻ. ലാലേട്ടനെ കാണുമ്പോഴെല്ലാം അത്ഭുതമായിരുന്നു. സ്‌ക്രീനിൽ കണ്ടുകൊണ്ടിരുന്ന നടന്മാരൊക്കെ മുന്നിൽ വന്ന് നിൽക്കുമ്പോൾ നമുക്കുണ്ടാവുന്ന എക്‌സൈറ്റ്‌മെന്റില്ലേ അത്. ഇപ്പോഴും ലാലേട്ടനെ കാണുമ്പോൾ അങ്ങനെ തന്നെയാണ്, ഒരു മാറ്റവുമില്ല.


ഷംനയ്ക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കാതിരുന്നിട്ടുണ്ടോ ?
ഞാൻ സിനിമയിൽ വന്ന് ഏറെക്കാലങ്ങൾ കഴിഞ്ഞാണ് നല്ല റോളുകൾ കിട്ടാൻ തുടങ്ങിയത്. കുട്ടനാടൻ ബ്ലോഗ് ഇതുവരെ തന്നെ ഒരുപാട് നാൾ കാത്തിരുന്നു കിട്ടിയതാണ്. എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ടെന്ന് പറയുന്നത് സത്യമാണ്. വന്നപ്പോൾ വളരെ നല്ല ഒരെണ്ണം തന്നെയാണ് വന്നത്. കാരണം നെഗറ്റീവായിട്ടുള്ള ഒരു പ്രതികരണവും കിട്ടിയില്ല. അത്യാവശ്യം നല്ല രീതിയിൽ തന്നെ ചെയ്തിട്ടുണ്ട് എന്ന് എല്ലാവരും പറഞ്ഞു. എല്ലാത്തിനും ഒരു സമയമുണ്ട്. അതു കൊണ്ട് കുറച്ച് താമസിച്ചിട്ടായാലും നല്ല റോളുകൾ കിട്ടാൻ തുടങ്ങി. ചില സിനിമകൾ കാണുമ്പോൾ ആ കഥാപാത്രങ്ങൾ എനിക്ക് കിട്ടിയിരുന്നെങ്കിൽ എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ട്.


എപ്പോഴെങ്കിലും സിനിമ മേഖലയിൽ സുരക്ഷിതത്വം ഇല്ലെന്ന തോന്നലുണ്ടായിട്ടുണ്ടോ ?
നമ്മുടെ കൈയിലാണ് നമ്മുടെ സുരക്ഷിതത്വം. ഞാനിപ്പോൾ സിനിമയിൽ വന്നിട്ട് പത്തു വർഷമായി. ഇത്രയും വർഷം ഞാൻ സിനിമയിൽ തന്നെ ഉണ്ടായിരിക്കണമെങ്കിൽ എനിക്ക് അത്തരത്തിൽ സുരക്ഷിതത്വക്കുറവൊന്നും തന്നെ അനുഭവപ്പെടാത്തത് കൊണ്ടാണ്. മറിച്ചായിരുന്നെങ്കിൽ അന്നു തന്നെ ഞാൻ സിനിമയിൽ നിന്നും പോയേനെ. എനിക്ക് ഒരിക്കലും അങ്ങനെ തോന്നിയിട്ടില്ല. പിന്നെ എല്ലാ പ്രൊഫഷനിലും മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. സിനിമയിൽ മാത്രമല്ല, എവിടെയാണെങ്കിലും നമുക്കുണ്ടാകുന്ന മോശം അനുഭവങ്ങൾ നേരിടുന്നതിലും അതുപോലെ തന്നെ അത് കൈകാര്യം ചെയ്യന്നതിലുമാണ് കാര്യം. പെട്ടന്നൊരുനാൾ ഇൻഡസ്ട്രിയിൽ ഞാൻ സുരക്ഷിതയല്ലായിരുന്നു എന്ന് എനിക്ക് പറയാനാകില്ല. ഷൂട്ടിംഗിനുവേണ്ടി ദൂരെ പോകേണ്ടി വരുമ്പോൾ നമ്മുടെ കൂടെ വളരെ കെയർ ചെയ്യുന്ന ഒരുപാട് പേർ ഉണ്ട്. എല്ലാത്തിനുമുപരി നമ്മുടെ സുരക്ഷിതത്വം നമ്മൾ തന്നെ ശ്രദ്ധിക്കണം. നമ്മുടെ പരിധി വിട്ട് നമ്മൾ പ്രവർത്തിക്കാതിരിക്കുക. മലയാള സിനിമ ഇൻഡസ്ട്രി എന്റെ കുടുംബം തന്നെയാണ്.


ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടില്ലേ ?
അന്നും ഇന്നും വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. എപ്പോഴും പോസിറ്റീവായിട്ടുള്ള പ്രതികരണങ്ങൾ പ്രതീക്ഷിക്കരുത്. നെഗറ്റീവ് അഭിപ്രായങ്ങൾ വായിക്കുമ്പോഴാണ് നമ്മൾ കുറച്ചു കൂടി ശക്തരാകുന്നത്. നെഗറ്റീവ് കമന്റുകളിൽ ചിലത് നല്ലതായിരിക്കും. ചിലത് അങ്ങനെ ആയിരിക്കില്ല. എല്ലാം നമ്മൾ എങ്ങനെ ഉൾക്കൊള്ളുന്നു എന്നതിലാണ് കാര്യം. ആദ്യമൊക്കെ അങ്ങനെ കേൾക്കുമ്പോൾ എനിക്ക് ഭയങ്കര വിഷമം ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ അങ്ങനെയല്ല. അത് എന്റെ പ്രൊഫഷന്റെ ഭാഗമായിട്ടാണ് തോന്നിയിട്ടുള്ളത്. പ്രേക്ഷകർക്ക് വിമർശിക്കാനുള്ള അവകാശമുണ്ട്. അവർ തന്നെയാണ് നമ്മളെ വളർത്തി കൊണ്ട് വരുന്നതും. അവരിൽ നിന്നുള്ള പ്രതികരണങ്ങളാണ് നമ്മുക്ക് ഊർജ്ജം നൽകുന്നത്.

shamna

ഒരു നർത്തകിയുടെ മനസിൽ എന്താണ് ?

ഞാൻ ചെറുതിലെ ഡാൻസ് ചെയ്യുന്നുണ്ട്. ക്ലാസിക്കൽ ഡാൻസ് പഠിക്കുന്നുണ്ട്. എനിക്ക് എന്നെ അറിയുന്ന കാലം മുതൽ എനിക്ക് നൃത്തത്തെയും അറിയാം. ഓർമ വച്ച കാലം മുതൽ അതെന്റെ കൂടെയുണ്ട്. കണ്ണൂർ യൂണിവേഴ്‌സിറ്റി കലാതിലകമായിരുന്നു. മാധുരി ദീക്ഷിത്, ശോഭന, ശ്രീദേവി ഇവർ മൂന്നു പേരെയുമാണ് നൃത്തത്തിൽ എനിക്കേറെയിഷ്ടം. എന്നെ ഒരുപാട് സ്വാധീനിച്ച കലാകാരികളാണ് ഇവരെല്ലാം. മനസിൽ എന്തെങ്കിലും വിഷമം വരുമ്പോൾ ഇവരുടെ വീഡിയോ ആയിരിക്കും ഞാൻ കാണുക.നർത്തകിയുടെ വേഷം വരികയാണെങ്കിൽ അത്രയും നല്ലൊരു കഥാപാത്രമാണ് എന്നെ കാത്തിരിക്കുന്നതെങ്കിൽ ഞാൻ റെഡി. തട്ടികൂട്ടി ചെയ്യാൻ ഒരിക്കലും ഞാനുണ്ടാവില്ല.


സിനിമയും നൃത്തവും തമ്മിൽ എങ്ങനെ വേർതിരിക്കുന്നു?
ഡാൻസ് പ്രോഗ്രാമുകൾ ഇല്ലെങ്കിലും എനിക്ക് കുട്ടികളെ ഡാൻസ് പഠിപ്പിക്കാം എന്നൊരു വിശ്വാസം ഉണ്ട്. സിനിമ എന്നാൽ അങ്ങനെയല്ല. ഇന്നു വരാം നാളെ പോകാം. ചിലപ്പോൾ എന്നും നമ്മുടെ കൂടെ കാണും. കാത്തിരിപ്പിനൊടുവിൽ നല്ല വേഷവുമായി. സിനിമയിൽ തിരിച്ച് വരാനാകും എന്ന് ഞാൻ കരുതിയതേയല്ല. സിനിമ സമയത്തെ ആശ്രയിച്ചിരിക്കും. സിനിമയിൽ എല്ലാത്തിനും അതിന്റേതായ സമയം ഉണ്ട്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് പ്രേക്ഷകർ. നല്ല കഥാപാത്രങ്ങൾ ചെയ്താൽ പ്രേക്ഷകർ നമ്മളെ ഇരു കരങ്ങളും നീട്ടി സ്വീകരിക്കും.


ഷംനയെ ആരാധകർ എത്രത്തോളം സ്വാധീനിച്ചു ?
ഷംന എന്നൊരു നടി അല്ലെങ്കിൽ ഒരു ഡാൻസറുണ്ടായിട്ടുണ്ടെങ്കിൽ അത് ആരാധകർ കാരണമാണ്. അതു പോലെ തന്നെയാണ് മാദ്ധ്യമങ്ങളും. ഏതൊരു ചെറിയ കാര്യമുണ്ടെങ്കിലും കേരളത്തിലെ മാദ്ധ്യമങ്ങൾ എനിക്ക് വളരെ സപ്പോർട്ടാണ്. ഞാൻ തമിഴ് സിനിമയ്ക്ക് വേണ്ടിയാണ് മൊട്ടയടിച്ചത്. പക്ഷേ അപ്പോൾ എന്നെ കൂടുതലും പിന്തുണച്ചത് കേരളം തന്നെയാണ്. പ്രേക്ഷകരുടെയും മാദ്ധ്യമങ്ങളുടെയും ഭാഗത്തു നിന്നും എനിക്ക് എന്നും പിന്തുണ ലഭിക്കുന്നുണ്ട്.


ഏതു ഭാഷയിലഭിനയിക്കാനാണ് കൂടുതൽ ഇഷ്ടം ?
നല്ല സിനിമകൾ ചെയ്യണം, നല്ല കഥാപാത്രങ്ങൾ ചെയ്യണം. അതിപ്പേൾ ഏത് ഭാഷയാണെങ്കിലും കുഴപ്പമില്ല. എന്നാൽ മലയാളത്തിൽ ചെയ്യുമ്പോൾ വളരെ സന്തോഷമാണ്. ഇവിടെ സിനിമ ചെയ്യുമ്പോൾ മധുരം കൂടും. എന്നെ സംബന്ധിച്ചിടത്തോളം കഥാപാത്രങ്ങളാണ് പ്രധാനം.


ഷംനയെ പറ്റി പറയാമോ ?
എന്റെ സ്വഭാവത്തിൽ മാറ്റേണ്ടതായ കുറേ കാര്യങ്ങളുണ്ട്. ഞാൻ പെട്ടന്ന് ആൾക്കാരെ വിശ്വസിക്കുന്ന കൂട്ടത്തിലാണ്. ഭയങ്കര സെൻസിറ്റീവാണ് ഞാൻ. പെട്ടന്ന് ദേഷ്യം വരാറില്ല. പക്ഷേ വന്നാൽ ഭയങ്കര ദേഷ്യമായിരിക്കും. ചില കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്ന കൂട്ടത്തിലാണ്. എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടേയിരിക്കും എപ്പോഴും. പിന്നെ മടി കാണിക്കുകയാണെങ്കിൽ ഭയങ്കര മടിയായിരിക്കും. എന്റെ കാര്യങ്ങൾ ഞാൻ തന്നെ ചെയ്യുന്നതാണ് എനിക്കിഷ്ടം. വേറൊരാളെ കൊണ്ട് ചെയ്യിക്കാനിഷ്ടമല്ല. ക്ലീനിംഗാണ് എന്റെ പ്രധാന ഹോബി. എപ്പോഴും വൃത്തിയാക്കിക്കൊണ്ടിരിക്കും. എനിക്കതിഷ്ടവുമാണ്. വീട്ടിലാണെങ്കിൽ എപ്പോഴും എന്തെങ്കിലുമൊക്കെ അടുക്കി വച്ചു കൊണ്ടേയിരിക്കും


റിയാലിറ്റി ഷോയിലൂടെയല്ലേ വന്നത് ?
സത്യം പറഞ്ഞാൽ ഞാനൊക്കെ വരുന്ന സമയത്ത് റിയാലിറ്റി ഷോ എന്താണെന്ന് പോലും അറിയില്ലായിരുന്നു. അതുകൊണ്ടു തന്നെ ഒരു ടെൻഷനുമുണ്ടായിരുന്നില്ല, കാരണം ഷോയെക്കുറിച്ച് ഒന്നുമറിയില്ലല്ലോ. എന്നാൽ ഇപ്പോഴത്തെ കുട്ടികൾ അങ്ങനെയല്ല, അവർ നല്ലപോലെ തയ്യാറെടുത്തിട്ടാണ് വരുന്നത്. കഴിവുള്ള കുട്ടികൾ ഏറെ ഉണ്ട്. പിന്നെ ആദ്യമൊക്കെ റിയാലിറ്റി ഷോകളിൽ പങ്കെടുക്കാൻ ആളുകൾ പെട്ടെന്ന് മുന്നിലേക്ക് വരില്ലായിരുന്നു. എന്നാൽ ഇപ്പോൾ അതിന്റെ വാല്യു അവർക്കറിയാം. റിയാലിറ്റി ഷോ കഴിവു തെളിയിക്കാനുള്ള ഒരു പ്ലാറ്റ്‌ഫോമാണ്.


യാത്രകൾ ഇഷ്ടപ്പെടുന്ന ആളാണോ?
എന്റെ ജോലിക്കനുസരിച്ച് എല്ലായിടത്തും യാത്ര ചെയ്യാറുണ്ട്. പക്ഷേ എനിക്കേറെയിഷ്ടം എന്റെ വീടു തന്നെയാണ്. എന്റെ വീട്, എന്റെ കുടുംബം, എന്റെ മുറി ഇതാണ് എനിക്ക് ഏറെ സമാധാനം നൽകുന്നത്. ഷൂട്ടിനു വേണ്ടി ഒരുപാട് യാത്രകൾ ചെയ്യുന്നുണ്ട്. പക്ഷേ അതല്ലാതെ ഞാനൊരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ അതെന്റെ കുടുംബത്തോടൊപ്പമായിരിക്കും.


ഫിറ്റ്‌നസിൽ ശ്രദ്ധിക്കാറുണ്ടോ ?
കുറച്ച് ഫിറ്റ്‌നസ് ഫ്രീക്കാണ്. കഥാപാത്രങ്ങൾക്ക് വേണ്ടി ഭക്ഷണം നിയന്ത്രിക്കാറുണ്ട്. ഏറ്റവും കൂടുതൽ ഫുഡ് കഴിക്കുന്നത് വീട്ടിൽ നിന്ന് തന്നെയാണ്. വീട്ടിലെ ഫുഡാണ് ഏറെയിഷ്ടവും. എന്റെ മമ്മിയും സിസ്റ്റേഴ്‌സും ഉണ്ടാക്കുന്ന ഏത് ഫുഡും എനിക്കിഷ്ടമാണ്. ഏറ്റവും കൂടുതൽ ഇഷ്ടം മമ്മിയുടെ സ്പെഷ്യൽ ബിരിയാണിയാണ്.


ഷംനയുടെ സ്വപ്നങ്ങൾ എന്തൊക്കെയാണ് ?
ഒരു നല്ല ഡാൻസ് ക്ലാസ് തുടങ്ങണം, ഒരു നല്ല ഡാൻസ് ടീച്ചറാകണം എന്നോക്കെ ആഗ്രഹമുണ്ട്. എന്റെ ജീവിതത്തിൽ എനിക്ക് നല്ലൊരു മകളാകണം,നല്ലൊരു ഭാര്യ ആകണം. നല്ലൊരു അമ്മയാകണം....


പ്രതിസന്ധിഘട്ടങ്ങളിൽ എന്നും കൂടെ നിന്നതാരാണ് ?

കുടുംബം തന്നെയാണ് എന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും എന്റെ കൂടെ ഉണ്ടായിരുന്നത്. അവരാണ് എല്ലാം.


മലയാളത്തിൽ ഇനി വരാൻ പോകുന്ന ചിത്രങ്ങൾ ?
ബിജു മേനോന് ഒപ്പം 'ആനക്കള്ളൻ' എന്ന സിനിമയാണ് ഇറങ്ങാൻ പോകുന്നത്. അതൊരു കംപ്ലീറ്റ് കോമഡി ഫിലിം ആണ്. പിന്നെ വൈശാഖിന്റെ 'മധുരരാജ' എന്ന സിനിമയിൽ മമ്മൂക്കയോടൊപ്പം വീണ്ടും അഭിനയിക്കുന്നു.


ഒരു ബയോപിക് ചെയ്യാൻ അവസരം കിട്ടിയെന്നിരിക്കട്ടെ...ആരുടെ ജീവിതമാകും തെരഞ്ഞെടുക്കുക ?
ബയോപിക് എന്ന് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ആദ്യം വന്നത് ശ്രീദേവി മാം ആണ്. ഇന്ത്യൻ സിനിമയുടെ തന്നെ സൗന്ദര്യമുഖമായിരുന്നു അവർ. വലിയ ആരാധനയാണ് എനിക്കെന്നും.