അമൃത്‌സർ: ദസറ ആഘോഷത്തിനിടെ ട്രെയിൻ ഇടിച്ച് 61 പേർ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി അന്വേഷിക്കുന്നതിൽ വീഴ്ചയെന്ന് ആരോപിച്ച് ജനക്കൂട്ടം പൊലീസുകാർക്ക് നേരെ കല്ലെറിഞ്ഞു. ഇന്നലെ രാവിലെയാണ് സംഭവം. അഞ്ഞൂറോളം യുവാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ദസറ ആഘോഷത്തിന്റെ സംഘാടകരുടെ വീടുകൾക്കു നേരെയും ആക്രമണമുണ്ടായി. സംഭവം കഴിഞ്ഞ് രണ്ട് ദിവസം പിന്നിട്ടിട്ടും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലും ആരുടെയും പേര് പരാമർശിച്ചിട്ടില്ല. അപകടം നടന്ന സ്ഥലത്ത് റെയിൽവേ ട്രാക്കിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചവരെ പൊലീസ് നീക്കം ചെയ്യുന്നതിനിടെയാണ് പൊലീസിനു നേരെ കല്ലേറുണ്ടായത്. അപകടത്തിനിടെ നിരവധിപേരെ കാണാതായതായാണ് വിവരം. ഇവരെ ഉടൻ കണ്ടെത്തണമെന്നും അപകടത്തിൽപ്പെട്ടവർക്കും മരിച്ചവർക്കും അർഹമായ നഷ്ടപരിഹാരം നൽകണമെന്നും നാട്ടുകാർ പറയുന്നു. പഞ്ചാബ് പൊലീസ് കമാൻഡോയ്ക്കും ഒരു മാദ്ധ്യമ പ്രവർത്തകനും കല്ലേറിൽ പരിക്കേറ്റു. ദസറ ആഘോഷത്തിന്റെ സംഘാടകർ ഇപ്പോൾ ഒളിവിലാണ്. പ്രാദേശിക കൗൺസിലർ വിജയ് മദൻ, മകൻ സൗരഭ് മദൻ മിതു എന്നിവരാണ് ഒളിവിൽ പോയത്. ശനിയാഴ്ച ഇവരുടെ വീടിനുനേരെ ജനക്കൂട്ടത്തിന്റെ പ്രതിഷേധമുണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും അതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരുടെ പേര് എഫ്.ഐ.ആറിൽ കൂട്ടിച്ചേർക്കുമെന്നും റെയിൽവേ പൊലീസ് അമൃത്‌സർ സ്റ്റേഷൻ ഓഫീസർ ബൽവീർ സിംഗ് പറഞ്ഞു. എഫ്.ഐ.ആറിൽ പേരില്ലാത്തതിനാൽ ട്രെയിൻ ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അപകടത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ലെന്ന നിലപാടിലാണ് റെയിൽവേ അധികൃതർ. ജനക്കൂട്ടം ട്രാക്കിൽ അതിക്രമിച്ചു കടന്നതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റെയിൽവേയുടെ വാദം.