ന്യൂഡൽഹി: ഇന്ത്യ ഒരു രാജ്യത്തിന്റെയും അധികാര പരിധിയിൽ ഇടപെടാൻ ശ്രമിക്കില്ലെന്നും എന്നാൽ രാജ്യത്തിന്റെ പരമാധികാരത്തിന് ഭീഷണിയായാൽ ശക്തമായ തിരിച്ചടി നൽകുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. സുഭാഷ് ചന്ദ്ര ബോസിന്റെ ആസാദ് ഹിന്ദ് പ്രഖ്യാപനത്തിന്റെ 75ആം വാർഷിക ദിനത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാകിസ്ഥാനെ ഉദ്ദേശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.ദുരന്ത വേളകളിൽ ധീരമായ പ്രവർത്തനം കാഴ്‌ച വയ്‌ക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് സുഭാഷ് ചന്ദ്ര ബോസിന്റെ പേരിൽ ഏർപ്പെടുത്തുന്ന ധീരതാ അവാർഡ് നൽകുമെന്നും മോദി പ്രഖ്യാപിച്ചു.
ഒരു കുടുംബത്തിന്റെ പേരിൽ ഒട്ടേറെ സ്വാതന്ത്രസമര സേനാനികളുടെ ചരിത്രം പലരും മനപ്പൂർവം വിസ്‌മരിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. നെഹ്‌റു കുടുംബത്തിന്റെ പേരെടുത്ത് പറയാതെ മോദി നടത്തിയ പരാമർശം ഇതിനോടകം തന്നെ വാദപ്രതിവാദങ്ങൾക്ക് ഇടവരുത്തിയിട്ടുണ്ട്. സർദാർ വല്ലഭായി പട്ടേൽ,ബി.ആർ. അംബേദ്‌കർ, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയവരുടെ പോരാട്ടം ഒരു കുടംബത്തിന് വേണ്ടി വിസ്‌മരിച്ചുവെന്നായിരുന്നു മോദിയുടെ ആരോപണം.
അതേസമയം, ചരിത്രത്തെ തിരുത്തിയെഴുതാനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. സാതന്ത്ര സമരസേനാനികൾ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്ന് വരുത്തിതീർക്കാനാണ് ബി.ജെ.പി നേതാക്കളുടെ ശ്രമം. നേതാജിയും നെഹ്‌റുവും ശത്രുക്കളായിരുന്നുവെന്നാണ് മോദി ആരോപിക്കുന്നത്. ചരിത്ര മുഹൂർത്തങ്ങളെപ്പോലും വിലകുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ബി.ജെ.പി ഉപയോഗിക്കുകയാണെന്നും കോൺഗ്രസ് വക്താവ് അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു. ഹിന്ദു മഹാസഭ അടക്കമുള്ള തീവ്ര സംഘടനകളുടെ പ്രവർത്തനം രാജ്യത്തിന് ഭീഷണിയാണെന്ന് നേതാജി സുഭാഷ് ചന്ദ്രബോസ് വ്യക്തമാക്കിയിരുന്നതായും അദ്ദേഹം ആരോപിച്ചു.