s
deepika

മുംബയ്: ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് രൺവീർ സിംഗ്- ദീപികാ പദുകോൺ പ്രണയജോഡികൾ വിവാഹ തിയതി പ്രഖ്യാപിച്ചു. നവംബർ 14, 15 ദിവസങ്ങളിലായി വിവാഹം നടക്കുമെന്ന് ഇരുവരും സോഷ്യൽമീഡിയയിലൂടെയാണ് അറിയിച്ചത്. ഇരു കുടുംബങ്ങളുടെയും ആശീർവാദങ്ങളോടെ, നവംബർ 14, 15 തീയതികളിലായി ഞങ്ങളുടെ വിവാഹം നടക്കാൻ പോകുന്ന വിവരം ഏറെ സന്തോഷത്തോടെ അറിയിക്കട്ടെ എന്നാണ് ഇരുവരും പറഞ്ഞത്. ആരാധകരുടെ പ്രാർത്ഥനയും സ്നേഹവും പ്രതീക്ഷിക്കുന്നുവെന്നും താരങ്ങൾ പറഞ്ഞു.വിവാഹം എവിടെവച്ച് നടക്കും എന്ന കാര്യം പുറത്തുവിട്ടിട്ടില്ല. 2012ൽ സഞ്ജയ് ലീലാ ബൻസാലിയുടെ രാംലീലയിലാണ് ദീപികാ -രൺവീർ ജോഡി ആദ്യമായി പ്രേക്ഷകർക്കു മുന്നിലെത്തിയത്. പിന്നാലെ ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ച രൺവീറും ദീപികയും തങ്ങളുടെ പ്രണയം ആരാധകരോട് തുറന്നു പറയുകയും ചെയ്തു. ബാജിറാവു മസ്താനി, പദ്മാവത് എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചു.