ദുബായ്: കൊച്ചിയിൽ ലോജിസ്‌റ്റിക്‌സ് പാർക്ക് സ്ഥാപിക്കുന്നത് ഉൾപ്പെടെ കേരളത്തിൽ കൂടുതൽ പദ്ധതികളിൽ നിക്ഷേപത്തിന് താത്പര്യമുണ്ടെന്ന് പ്രമുഖ തുറമുഖ മാനേജ്‌മെന്റ് കമ്പനിയായ ഡി.പി. വേൾഡ് വ്യക്തമാക്കി. യു.എ.ഇ സന്ദർശിച്ച മുഖ്യമന്ത്രി പിണറായി വിജയനുമായി കമ്പനിയുടെ ദുബായിലെ മുഖ്യാലയത്തിൽ നടത്തിയ കൂടിക്കാഴ്‌ചയിലാണ് ഡി.പി വേൾഡ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
കൊച്ചി വല്ലാർപാടം അന്താരാഷ്‌ട്ര ട്രാൻസ്‌ഷിപ്പ്‌മെന്റ് ടെർമിനലിന്റെ നടത്തിപ്പ് ചുമതല വഹിക്കുന്നത് ഡി.പി വേൾഡാണ്. വല്ലാർപാടം ടെർമിനൽ മികച്ച വളർച്ച കാഴ്‌ചവയ്‌ക്കുന്നതിന്റെ പിൻബലത്തിലാണ് കേരളത്തിൽ കൂടുതൽ നിക്ഷേപത്തിന് ഡി.പി. വേൾഡ് താത്പര്യം പ്രകടിപ്പിച്ചത്. കൊച്ചിയിലെ ലോജിസ്‌റ്രിക് പാർക്ക് കേരള സർക്കാരും യു.എ.ഇയും തമ്മിലെ ഉഭയകക്ഷി സംരംഭമായിരിക്കുമെന്ന് ഡി.പി. വേൾഡ് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായെം മുഖ്യമന്ത്രിയെ അറിയിച്ചു. ലോജിസ്‌റ്രിക്‌സ് ആൻഡ് ഇൻഡസ്‌ട്രിയൽ പാർക്കിനായി സ്ഥലം ലഭ്യമാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡി.പി. വേൾഡിന് ഉറപ്പും നൽകി.
വല്ലാർപാടം ടെർമിനലിന്റെ മുന്നേറ്റത്തിനായി, നിലവിലെ കബോട്ടാഷ് നിയമത്തിന്റെ ഭേദഗതിക്കായി കേന്ദ്രമന്ത്രി നിധിൻ ഗഡ്ഗരിയുമായി ചർച്ച നടത്തുമെന്നും വൻ കപ്പലുകളിൽ നിന്ന് ചരക്കുനീക്കം സുഗമമാക്കാനുള്ള നടപടികളെടുക്കുമെന്നും പിണറായി വിജയൻ പറഞ്ഞു. ഇതു സംബന്ധിച്ച ചർച്ചകൾക്ക് പ്രിൻസിപ്പൾ സെക്രട്ടറി ഇളങ്കോവൻ തുടക്കമിടും. ഡി.പി. വേൾഡിന്റെ നിക്ഷേപ നടപടി കേരളത്തിൽ കൂടുതൽ തൊഴിലവസരം സൃഷ്‌ടിക്കും. ലോജിസ്‌റ്റിക്‌സ് പാർക്ക് മുഖേന ഒരു പുതിയ കൊച്ചി-ബംഗളുരു വ്യവസായ ഇടനാഴിയും കേരളത്തിന് ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലെ നിക്ഷേപ നടപടികൾ, ഏറ്റവും വേഗം നടത്താനാണ് ഡി.പി. വേൾഡിന് താത്പര്യമെന്ന് ചെയർമാൻ സുൽത്താൻ അഹമ്മദ് ബിൻ സുലായെം പറഞ്ഞു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഡി.പി. വേൾഡ് സി.എഫ്.ഒ രഞ്ജിത് സിംഗ് വാലിയ, വൈസ് പ്രസിഡന്റ് ഉമർ അൽ മുഹൈരി തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു. ദുബായ് ഹോൾഡിംഗ്സ് ചെയർമാൻ അബ്‌ദുള്ള ഹബ്ബായിയുമായും മുഖ്യമന്ത്രിയും എം.എ. യൂസഫലിയും ചർച്ച നടത്തിയിരുന്നു.
താത്പര്യമുള്ള പദ്ധതികൾ
കൊച്ചിയിൽ ലോജിസ്‌റ്രിക്‌സ് ആൻഡ് ഇൻഡസ്‌ട്രിയിൽ പാർക്ക്
കേരളത്തിന്റെ ചരക്കുനീക്കത്തിലെ നാഴികകല്ലാകുമെന്ന് പ്രതീക്ഷിക്കുന്ന കാസർഗോഡ് - തിരുവനന്തപുരം ഉൾനാടൻ ജലപാത
അഴീക്കൽ ഉൾപ്പെടെ കേരളത്തിലെ ചെറുകിട തുറമുഖങ്ങളുടെ വികസനം
2020
കാസർഗോഡ് - തിരുവനന്തപുരം ഉൾനാടൻ ജലഗതാഗത പദ്ധതി 2020ഓടെ പൂർത്തിയാക്കാനാകുമെന്ന് ഡി.പി. വേൾഡ്