kashmir-encounter

ശ്രീനഗർ‌: കാശ്മീരിലെ കുൽഗാമിൽ സുരക്ഷാസൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. സംഘർഷത്തിനിടെയുണ്ടായ സ്ഫോടനത്തിൽ ആറുവയസുകാരനടക്കം പ്രദേശവാസികളായ ആറു പേർ കൊല്ലപ്പെട്ടു. 40 പേർക്ക് പരിക്കേറ്രതായാണ് വിവരം.

ഞായറാഴ്‌ച രാവിലെയാണ് സംഭവം. കുൽഗ്രാമിലെ ലാറോ മേഖലയിൽ സൈന്യം പട്രോളിംഗ് നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനുശേഷം സമീപത്തെ ഒരു വീട്ടിന് സമീപം സ്പോടകവസ്തു പൊട്ടിത്തെറിച്ചാണ് ആറ് പേർ കൊല്ലപ്പെട്ടതെന്ന് കാശ്മീർ പൊലീസ് ഐ.ജി എസ്.പി. പാനി അറിയിച്ചു. മക്ബൂൽ ലവായ്,​ഉസൈർ അഹമ്മദ്,​മൻസൂർ അഹമ്മദ്,​ താലിബ് മക്ബൂൽ,​തജാമുൽ അഹമ്മദ്,​ ഇർഷാദ് അഹമ്മദ് എന്നീ യുവാക്കളാണ് കൊല്ലപ്പെട്ടത്. മരിച്ച ആറുവയസുകാരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭീകരരുമായി ഏറ്റുമുട്ടൽ നടക്കുന്നതിനിടെ പ്രദേശത്ത് സൈന്യത്തിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികൾ എത്തിയിരുന്നു. ഇവരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും പിന്തിരിയാത്തതിനെത്തുടർന്ന് സൈന്യം കണ്ണീർ വാതകവും പെല്ലറ്റുകളും പ്രയോഗിച്ചിരുന്നു. കുൽഗാമിലെ ലാറൂ ഗ്രാമത്തിൽ ആറു മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് മൂന്ന് ഭീകരരെയും വധിച്ചത്. സംഘർഷത്തെ തുടർന്ന് ഈ മേഖലയിലെ ഇന്റർനെറ്റ് സേവനം താത്കാലികമായി നിറുത്തിവച്ചിരിക്കുകയാണ്.

അതേസമയം, സ്ഫോടനത്തിലാണോ സൈന്യം നടത്തിയ ഏറ്റുമുട്ടലിലാണോ ആറ് ഗ്രാമീണർ കൊല്ലപ്പെട്ടതെന്ന വിഷയത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി. ഏത് തരത്തിലുള്ള സ്‌ഫോടക വസ്‌തുക്കളാണ് ഉപയോഗിച്ചതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. തീവ്രവാദികളുടെ ശരീരത്തിൽ ഉണ്ടായിരുന്ന ഗ്രനേഡോ സുരക്ഷാസേന ഉപയോഗിച്ച മോർട്ടാർ ഷെല്ലുകളോ ആയിരിക്കാം സ്‌ഫോടനത്തിന് കാരണമായതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനിടെ ഗ്രാമീണർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധവുമായി മുൻ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തി രംഗത്തെത്തി. സംഭവത്തിൽ ജമ്മുകാശ്‌മീർ ഗവർണർ കെ.വിജയകുമാറും മുതിർന്ന പൊലീസ് വൃത്തങ്ങളും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ സുരക്ഷാ സേനയുടെ ആക്രമണത്തിലാണ് ഗ്രാമീണർ കൊല്ലപ്പെട്ടതെന്ന് വിഘടനവാദികളുടെ ആരോപണം താഴ്‌വരയിലെ സ്ഥിതിഗതികൾ വീണ്ടും രൂക്ഷമാക്കിയിട്ടുണ്ട്.