ന്യൂഡൽഹി: കത്വയിൽ കൂട്ട മാനഭംഗത്തിനിരയായി എട്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ നീതിക്കായി പോരാടിയ ആക്ടിവിസ്റ്റിനെതിരെ 'മീ ടൂ" ലൈംഗികാരോപണം. താലിബ് ഹുസൈൻ എന്ന പ്രവർത്തകനുനേരെയാണ് ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയിലെ വിദ്യാർത്ഥിനി ആരോപണം ഉന്നയിച്ചത്. തന്നെ താലിബ് ഹുസൈൻ മാനഭംഗപ്പെടുത്തിയെന്ന് ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.മാർച്ചിലാണ് സംഭവം . പെൺകുട്ടിയുമായി സൗഹൃദത്തിലായ ഇയാൾ നിരന്തരം ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുകയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ചെയ്തു. മാർച്ച് 27ന് ഡൽഹിയിലേക്ക് വരികയാണെന്നും തന്നെ കാണണമെന്ന് വാശിപിടിക്കുകയും ചെയ്തു. വിസമ്മതിച്ചപ്പോൾ 40 തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയും ജെ.എൻ.യു കാമ്പസിനു പുറത്ത് കാത്തു നിൽക്കുകയും ചെയ്തു. മറ്റ് മാർഗങ്ങളില്ലാതെ താലിബിനെ കാണാൻ പോയ പെൺകുട്ടിയെ ഇയാൾ കാറിൽ കയറ്റി സ്വന്തം ഫ്ലാറ്രിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.ലൈംഗികാരോപണവുമായി ബന്ധപ്പെട്ട് താലിബിനെതിരെയുള്ള രണ്ടാമത്തെ കേസാണിത്. ഒന്നരമാസം മുമ്പ് ഇയാൾ ഒരു സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചതായും കേസുണ്ട്. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.