ചെങ്ങന്നൂർ: ശബരിമലയിൽ നാളെ നടയടയ്‌ക്കാനിരിക്കെ സന്നിധാനത്തേക്ക് യുവതികളായ ഭക്തർ എത്തുന്നുണ്ടെന്ന് റിപ്പോർട്ട്. സന്നിധാനത്തേക്ക് പോകുന്നതിന് വേണ്ടി ശബരി എക്‌സ്‌പ്രസിൽ യുവതികൾ എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം, യുവതികളായ ഭക്തർ എത്തിയാൽ തടയുന്നതിനായി ഭക്തരും സ്റ്റേഷനിൽ സംഘടിച്ചിട്ടുണ്ട്. എന്നാൽ ചെങ്ങന്നൂരിൽ ഇതുവരെ ഭക്തരാരും ഇറങ്ങിയിട്ടില്ല.
അതേസമയം, സുപ്രീം കോടതി വിധി വന്നത് കൊണ്ട് എല്ലാ സ്ത്രീകളും ശബരിമലയിൽ പോകണമെന്ന് നിർബന്ധമില്ലെന്ന് മന്ത്രി എം.എം.മണി പറഞ്ഞു. താത്പര്യമുള്ളവർ മാത്രം പോയാൽ മതിയെന്നും ബാക്കിയുള്ളവർക്ക് നിലവിലുള്ള വിശ്വാസം തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ സ്ത്രീകൾ പ്രവേശിച്ചാൽ ശ്രീകോവിൽ അടയ്‌ക്കുമെന്ന് നിലപാടെടുത്ത പന്തളം രാജകുടുംബത്തിനും മന്ത്രി ശക്തമായ മറുപടി നൽകി. രാജഭരണം കഴിഞ്ഞകാര്യം പന്തളം രാജകുടുംബം മറന്നുപോയെന്ന് അദ്ദേഹം വിമർശിച്ചു. ഇപ്പോൾ നിലവിലുള്ളത് ജനാധിപത്യമാണ്. ശബരിമലയിലെ ശ്രീകോവിൽ അടച്ചിടുമെന്ന് ഭീഷണിപ്പെടുത്തുന്നവർ വെറും ശമ്പളക്കാർ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.