സാഹസിക ബൈക്ക് റൈഡർമാരുടെ എണ്ണം ഏറി വരുന്ന നാടാണ് ഇന്ത്യ. ഇത്തരക്കാരെ ത്രസിപ്പിക്കാൻ വാഹന നിർമ്മാതാക്കൾ പുത്തൻ മോഡലുകളും വിപണിയിലെത്തിക്കുന്നു. അക്കൂട്ടത്തിലെ പുത്തൻ താരമാണ് സുസുക്കി പരിചയപ്പെടുത്തുന്ന വി-സ്‌ട്രോം 650 എക്‌സ്.ടി എ.ബി.എസ്. 800 സി.സി എൻജിൻ ശ്രേണിക്ക് താഴെയുള്ള സാഹസിക ബൈക്ക് മോഡലുകളിൽ കവാസാക്കി അവതരിപ്പിച്ച വേഴ്‌സിസ് 650യെ നേരിടുകയാണ് വിപണിയിൽ വി-സ്‌ട്രോം 650യുടെ ദൗത്യം.
വി-സ്‌ട്രോം 1000 എന്ന മോഡലിൽ നിന്ന് വി-സ്‌ട്രോം 650ലേക്ക് എത്തുമ്പോൾ ഡിസൈൻ ചട്ടങ്ങളിൽ കാര്യമായ മാറ്റങ്ങളില്ല. എന്നാൽ, അഡ്വഞ്ചർ ലുക്ക് കിട്ടാനായി ഹെഡ്‌ലാമ്പ് ഉൾപ്പെടെ മുഖഭാവത്തിന് ഓവൽ ഷേപ്പ് നൽകിയിരിക്കുന്നു. വമ്പൻ ഇന്ധനടാങ്കാണ് മറ്രൊരു ആകർഷണം. ഇതിനോട് ചേർന്ന്, താഴ്‌ത്തിയാണ് സീറ്രിന്റെ സജ്ജീകരണം. സീറ്രിന് പിന്നിലായി ലഗേജ് ബോക്‌സും കാണാം. ഏറെ ലളിതവും ഡിജിറ്റൽ - അനലോഗ് സമ്മിശ്രവുമാണ് ഇൻസ്‌ട്രുമെന്റ് പാനൽ.
70 ബി.എച്ച്.പി കരുത്തുള്ളതാണ് ഇതിലെ 645 സി.സി വി-ട്വിൻ എൻജിൻ. ഉയർന്ന ടോർക്ക് 62 എൻ.എം. ഗിയറുകൾ ആറ്. 60ലേറെ പരിഷ്‌കാരങ്ങളുമായാണ്, യൂറോ-6 ചട്ടങ്ങൾ അനുസരിക്കുന്ന ഈ എൻജിൻ സുസുക്കി രൂപപ്പെടുത്തിയിരിക്കുന്നത്. പൂർണമായും സാഹസിക റൈഡിംഗിന് അനുയോജ്യമാണ് ബൈക്കിന്റെ രൂപകല്‌പനയും എൻജിനും. മണിക്കൂറിൽ 300 കിലോമീറ്റർ വേഗത്തിൽ പായുമ്പോഴും ബൈക്കിനെ നിയന്ത്രിക്കാൻ റൈഡർക്ക് കഴിയും. 216 കിലോഗ്രാം മാത്രമാണ് ഭാരമെന്നതും മികവാണ്. മികച്ച സസ്‌പെൻഷനുകളും ഡ്യുവൽ ചാനൽ എ.ബി.എസും ട്രാക്‌ഷൻ കൺട്രോളും യാത്ര സുഖവും സുരക്ഷിതവുമാക്കും. 7.46 ലക്ഷം രൂപയാണ് ബൈക്കിന് എക്‌സ്ഷോറൂം വില.