sabarimala-women-entry

തിരുവനന്തപുരം: ശബരിമല നടയടയ്‌ക്കാൻ പന്തളം രാജകുടുംബത്തിന് അധികാരമില്ലെന്ന മന്ത്രി എം.എം.മണിയുടെ പ്രസ്‌താവനയ്‌ക്ക് ശക്തമായ മറുപടിയുമായി പന്തളം രാജകുടുംബം രംഗത്തെത്തി. ശബരിമല നടയടയ്‌ക്കാൻ ഞങ്ങൾക്ക് തന്നെയാണ് അധികാരമെന്ന് പന്തളം കൊട്ടാര നിർവാഹക സമിതി പ്രസിഡന്റ് ശശികുമാര വർമ ആവർത്തിച്ചു. വിശ്വാസികളായ സ്ത്രീകൾ ശബരിമലയിലെത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉടമ്പടി പ്രകാരമാണ് ശബരിമലയിലെ കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള അധികാരം തങ്ങൾക്ക് ലഭിച്ചത്. ശബരിമലയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് വാദിക്കുന്നവരുടേത് സ്‌പോൺസേർഡ് സമരമാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ ദിവസം പൊലീസ് സുരക്ഷയിൽ രണ്ട് യുവതികൾ ശബരിമലയിലെ നടപ്പന്തൽ വരെയെത്തിയപ്പോൾ ശ്രീകോവിൽ അടച്ച് തന്ത്രിമാർ പൂജയിൽ നിന്ന് വിട്ട് നിന്ന് പ്രതിഷേധിച്ചത് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. തന്ത്രിമാരുടെ നീക്കം ശരിയായില്ലെന്ന് ഒരു വിഭാഗം വാദിച്ചപ്പോൾ നിലപാടിൽ മാറ്റമില്ലെന്ന് തന്നെയാണ് തന്ത്രിമാരും പന്തളം രാജകുടുംബവും പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച വിവാദങ്ങൾക്ക് മറുപടിയായാണ് ശബരിമലയിലെ അധികാരം തങ്ങൾക്ക് തന്നെയാണെന്ന ശശികുമാര വർമയുടെ കടുത്ത നിലപാട് എത്തിയത്. എന്നാൽ ഇപ്പോൾ രാജഭരണമല്ല ജനാധിപത്യമാണെന്ന് പന്തളം രാജകുടുംബം ഓർക്കണമെന്ന് മന്ത്രി എം.എം.മണി മറുപടി നൽകുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിലെ നിലപാട് ആവർത്തിച്ച് വീണ്ടും ശശികുമാര വർമ രംഗത്തെത്തിയത്.