india-west-indies

ഗുവാഹത്തി: ക്യാപ്ടൻ വിരാട് കൊഹ്ലിയുടെയും രോഹിത് ശർമ്മയുെടയും സെഞ്ചുറിക്കരുത്തിൽ വെസ്റ്ര് ഇൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്‌ക്ക് തകർപ്പൻ ജയം. അൻപത് ഓവറിൽ വെസ്റ്ര് ഇൻഡീസ് ഉയർത്തിയ 322 എന്ന സ്കോർ ഇന്ത്യ അനായാസം തകർക്കുകയായിരുന്നു. എണ്ണത്തിൽ 36ാം സെഞ്ചുറി കൊഹ്ലി തികച്ചപ്പോൾ രോഹിത് ശർമ്മ തന്റെ കരിയറിെല 20ാം സെഞ്ചുറി എഴുതിച്ചേർത്തു. സ്കോർ ബോർഡിൽ പത്ത് റൺസ് ചേർത്തപ്പോൾ ശിഖർ ധവാന്റെ വിക്കറ്ര് നഷ്ടപ്പെട്ടെങ്കിലും കൊഹ്ലിയുടെയും രോഹിത്തിന്റെയും 246 എന്ന കൂറ്റൻ കൂട്ടുകെട്ട് ഇന്ത്യയെ അനായാസ വിജയത്തിലേക്കെത്തിച്ചു. ആറു പന്തിൽ ഒരേയൊരു ബൗണ്ടറിയിലൂടെ നാലു റൺസെടുത്ത ധവാനെ അരങ്ങേറ്റ മത്സരം കളിക്കുന്ന ഒഷാനെ തോമസാണ് പുറത്താക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 322 റൺസെടുത്തു. ഷിംറോൺ ഹെറ്റ്മയർ സെഞ്ചുറി നേടി. 78 പന്തിൽ നിന്ന് 106 റൺസെടുത്താണ് ഹെറ്റ്മയർ പുറത്തായത്. കീറൺ പവൽ 51 റൺസെടുത്തു. അവസാന ഓവറുകളിൽ അടിച്ചുകളിച്ച ദേവേന്ദ്ര ബിഷുവും കെമർ റോച്ചുമാണ് സ്‌കോർ 300 കടത്തിയത്. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റെടുത്തു. മുഹമ്മദ് ഷമിയും ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.