ലണ്ടൻ: വിഖ്യാത ചിത്രകാരൻ ലിയനാർഡോ ഡാവിഞ്ചിക്ക് കോങ്കണ്ണോ! അതെ, ഡാവിഞ്ചിയുടെ കണ്ണിന് ഇത്തരത്തിൽ ഒരു പ്രശ്നമുണ്ടായിരുന്നതായി ഗവേഷകർ വെളിപ്പെടുത്തുന്നു. നവോത്ഥാന നായകനായ ഡാവിഞ്ചിയുടെ വിവിധ ശില്പങ്ങൾ പരിശോധിച്ചപ്പോഴാണ് ഗവേഷകർക്ക് ഈ കാര്യം പിടികിട്ടിയത്. വൈദ്യശാസ്ത്രം 'വിഷമദൃഷ്ടി" എന്നു വിളിക്കുന്ന ഈ രോഗം ഡാവിഞ്ചിയെന്ന ചിത്രകാരന് മുതൽക്കൂട്ടായിരുന്നെന്നും ഗവേഷകർ പറയുന്നു. 200 പേരിൽ ഒരാൾക്ക് മാത്രം കണ്ടുവരുന്ന ഈ രോഗം അദ്ദേഹത്തെ നിരവധി ത്രിമാന ചിത്രങ്ങൾ സൃഷ്ടിക്കാൻ സഹായിച്ചെന്നാണ് പറയപ്പെടുന്നത്.
രണ്ട് നേത്രങ്ങളും വ്യത്യസ്ത രീതിയിൽ വസ്തുക്കളെ ഫോക്കസ് ചെയ്യുമ്പോൾ രണ്ടു ഫോക്കസുകളും ഒരുമിച്ച് വിനിയോഗിക്കാൻ മസ്തിഷ്കത്തിന് സാധിക്കാതെ വരും. ഇത് ദ്വിമാന പ്രതലത്തിൽ ത്രിമാന ചിത്രങ്ങൾ വരയാൻ അദ്ദേഹത്തെ സഹായിച്ചു.ലോകപ്രശസ്ത ചിത്രകാരായ പാബ്ലോ പിക്കാസോയ്ക്കും ഡെഗറിനുമെല്ലാം വിഷമദൃഷ്ടി ഉണ്ടായിരുന്നെന്നും സിറ്റി യൂണിവേഴ്സിറ്റി ഒഫ് ലണ്ടന്റെ പഠനത്തിൽ വ്യക്തമാക്കുന്നു.